അമ്പലപ്പുഴ: അയ്യപ്പ വിശ്വാസികളെയും തന്ത്രിമാര്‍ അടക്കമുള്ള ആചാര്യന്മാരെയും നിരന്തരം അവഹേളിക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രി ജി. സുധാകരന്റെ ഓഫീസിലേക്ക് പട്ടികളുമായി ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പുന്നപ്ര പറവൂര്‍ ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നായകളെയും കസ്റ്റഡിയിലെടുത്തു.
ജില്ലാ പ്രസിഡന്റ് കെ. സോമന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പിന്നീട് പുന്നപ്ര പോലീസ് സ്റ്റേഷനില്‍ ശരണം വിളികളുമായി പ്രതിഷേധിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധനും സ്റ്റേഷനിലെ പ്രതിഷേധത്തില്‍ പങ്കാളിയായി. അയ്യപ്പഭക്തരെ അവഹേളിച്ച മന്ത്രി ജി. സുധാകരന് അടുത്ത തെരഞ്ഞെടുപ്പില്‍ കരയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രവര്‍ത്തകരെയും കസ്റ്റഡിയിലുള്ള നായകളേയും വിട്ടു കൊടുക്കാന്‍ പോലീസ് തയാറായില്ല. പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ വിട്ടയച്ചു.
ജില്ലാ നേതാക്കളായ എം.വി. ഗോപകുമാര്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്, പാലമുറ്റത്ത് വിജയകുമാര്‍, എല്‍.പി. ജയചന്ദ്രന്, ഡി. പ്രദീപ്, ജി. വിനോദ് കുമാര്‍, വി. ശ്രീജിത്ത്, കെ. അനില്‍കുമാര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 64 ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ദേശീയപാതയില്‍ മാര്‍ഗതടസം ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തു. എന്നാല്‍ ബിജെപിയുടെ മാര്‍ച്ചിന് എതിരായി മന്ത്രി ജി. സുധാകരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കളര്‍കോട് സമരം ചെയ്ത സിപിഎമ്മുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ, കേസ് എടുക്കാനോ പോലീസ് തയാറായില്ല. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപി ഇന്ന് കരിദിനം ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: