യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ യുദ്ധക്കളമാക്കാനാണ് പിണറായി വിജയന് സര്‍ക്കാരിന്റെ ശ്രമമെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമായി വരികയാണ്. വിശ്വാസികളല്ലാത്ത രണ്ട് യുവതികളെ ഇന്നലെ സര്‍വസുരക്ഷയോടെയും സന്നിധാനത്ത് എത്തിക്കാന്‍ പണിപ്പെട്ട പോലീസിന്റെ നടപടി ഇതാണ് കാണിക്കുന്നത്. ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാല, മലയാളിയായ രഹനാ ഫാത്തിമ എന്നിവരെയാണ് ഭക്തരുടെ കണ്ണുവെട്ടിച്ച് സന്നിധാനത്തിനടുത്ത് നടപ്പന്തല്‍വരെ എത്തിച്ചത്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ന്നു. പരികര്‍മികള്‍തന്നെ പതിനെട്ടാംപടിക്കു താഴെ ശരണമന്ത്രം ജപിച്ച് പ്രതിഷേധിച്ചു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് താക്കോല്‍ ദേവസ്വം മാനേജരെ ഏല്‍പ്പിക്കുമെന്ന് തന്ത്രി രാജീവര് പ്രഖ്യാപിച്ചു. ഇതോടെയാണ് യുവതികള്‍ മലയിറങ്ങാന്‍ തയ്യാറായത്. ദര്‍ശനം നടത്തിയേ താന്‍ തിരിച്ചുപോകൂ എന്ന് രഹന ഫാത്തിമ വാശിപിടിച്ചെങ്കിലും ഒടുവില്‍ പിന്തിരിയേണ്ടിവന്നു.
ഭക്തരുടെ വികാരങ്ങളെ ചവിട്ടിെമതിക്കാന്‍ സിപിഎം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ യുവതികള്‍ മല ചവിട്ടിയതെന്ന് വ്യക്തം. നൂറുകണക്കിന് പോലീസുകാരുടെ അകമ്പടിയോടെയായിരുന്നു ഇത്. യുവതികളിലൊരാള്‍ക്ക് പോലീസിന്റെ യൂണിഫോമും ഹെല്‍മറ്റും നല്‍കുകയും ചയ്തു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ലല്ലോ. തൊട്ടു തലേദിവസം പോലീസിന്റെ ഒത്താശയോടെ മലചവിട്ടിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖിക സുഹാസിനി രാജിന് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടിവന്നതാണ്. ചേര്‍ത്തലക്കാരിയായ യുവതിക്ക് പമ്പയില്‍ പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതൊക്കെ നന്നായി അറിയാവുന്ന പോലീസ്, അതും ഐജിയുടെ നേതൃത്വത്തിലുള്ള സംഘം യുവതികളെ സന്നിധാനത്തേക്ക് നയിച്ചത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അറിവോടെയും അനുമതിയോടെയുമാണെന്ന് ഉറപ്പാണ്. ഒരു യുവതിയെയെങ്കിലും സന്നിധാനത്തെത്തിച്ചാല്‍ വിധി നടപ്പാക്കിയെന്നും, പ്രക്ഷോഭം പൊളിഞ്ഞുവെന്നും വരുത്താമല്ലോ. പ്രതീക്ഷിച്ചതിനപ്പുറം പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാരിന്റെയും പോലീസിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുമാത്രം.
കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് മലക്കം മറിഞ്ഞു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കില്ലെന്നും, ആക്ടിവിസ്റ്റുകള്‍ക്കല്ല, ഭക്തര്‍ക്കാണ് പോലീസ് സുരക്ഷയൊരുക്കുകയെന്നും കടകംപള്ളിക്കുണ്ടായ ബോധോദയം വൈകിയുദിച്ച വിവേകമല്ല. പോലീസുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. എന്താണോ മന്ത്രി പറഞ്ഞത് അതിന് വിരുദ്ധമായ പ്രവൃത്തിയാണ് പോലീസ് ചെയ്തത്. മലകയറാന്‍ വന്ന യുവതികള്‍ ഭക്തരല്ല, ആക്ടിവിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് പോലീസ് അവരെ എഴുന്നെള്ളിച്ചത്. ഇതിലൊരുവള്‍ അവിശ്വാസിയാണെന്നു മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ അയ്യപ്പസ്വാമിയെ അതിനിന്ദ്യമായ രീതിയില്‍ അവഹേളിക്കുകയും ചെയ്ത വ്യക്തിയാണ്. ഈ യുവതിയാണ് എന്തുവന്നാലും സന്നിധാനത്ത് എത്തിയേ മടങ്ങൂ എന്ന് വാശിപിടിച്ചത്! ഇവരുമായാണ് ഐജി മാരത്തോണ്‍ ചര്‍ച്ച നടത്തിയത്!!
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയില്‍ പിണറായി സര്‍ക്കാര്‍ കരുതലോടെയല്ല പ്രവര്‍ത്തിച്ചതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പ്രതിഷേധവുമായി എത്തിയിരിക്കുന്നത് നിരായുധരായ ഭക്തരാണെന്നത് കണക്കിലെടുക്കാതെ പോലീസിനെ കയറൂരി വിടുകയാണ് ആദ്യം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ഭക്തരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതുമാണ് ദൃശ്യമാധ്യമങ്ങളിലൂട ജനങ്ങള്‍ കണ്ടത്. ഇതിന് നേതൃത്വം കൊടുക്കാന്‍ മര്‍ദ്ദനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച, മുന്‍വിധിയുള്ള ഒരു പോലീസുദ്യോഗസ്ഥനെതന്നെയാണ് ആഭ്യന്തര മന്ത്രികൂടിയായ പിണറായി ശബരിമലയിലേക്ക് അയച്ചത്. ഭക്തരുടെ വികാരം മനസ്സിലാക്കി, അവരെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം എങ്ങനെയും സംഘര്‍ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഹിന്ദുക്കളുടെ ആചാരങ്ങളോടു മാത്രം സിപിഎമ്മിന് വിദ്വേഷവും പുച്ഛവുമാണ്. പാര്‍ട്ടിയുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഗൂഢമായി ശ്രമിക്കുന്നതെങ്കില്‍ അത് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതിന് തുല്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: