ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ഷേക്സ്പിയര് വചനം ചിലപ്പോഴെങ്കിലും ചേര്‍ച്ചയാകുന്നത് ഇങ്ങനേയും ആകാമെന്നു തോന്നുന്നു. പേരില്ലാത്ത ഒന്ന് പേരിനെക്കാള്‍ തലയെടുപ്പായി മാറുമ്പോഴാണത്. പേരില്ലാത്ത നായികയും പേരില്ലാത്ത നഗരവും വലിയ വാര്‍ത്തയാകുന്നത് ഐറിഷ് നോവലിസ്റ്റ് അന്ന ബേണ്‍സിന്റെ നോവല്‍ മില്‍ക് മാന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് നേടുമ്പോഴാണ്. ഇതിലെ പതിനെട്ടുകാരിയായ നായികയ്ക്കും അവളുടെ നഗരത്തിനും പേരില്ല എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്.
പേരിനു പകരം മിഡില്‍ സിസ്റ്ററെന്നു നോവലിസ്റ്റു പറയുന്ന ഒരു പതിനെട്ടുകാരിയുടെ തന്നെക്കാള്‍ ഏറെപ്രായമുള്ള ഒരാളുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മില്‍ക് മാനിലെ ഇതിവൃത്തം. മില്‍ക് മാന്‍ എന്നു പേരുകൊടുത്തിട്ടുള്ള പാരാമിലിട്ടറിക്കാരനും അതിശക്തനുമായ ഇയാളില്‍ നിന്നും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയാകുന്നു. ക്രൂരതയുടേയും ചെറുത്തുനില്പ്പിന്റേയുംകൂടി കഥയാണിത്. അന്‍പത്തിയാറ് വയസുകാരിയായ അന്ന ബേന്‍സിന്റെ മൂന്നാമത്തെ നോവലാണ് മില്‍ക് മാന്‍. 2002 ല്‍ ഓറഞ്ച് പ്രൈസ്നേടിയ ബേണ്‍സിന്റെ നോ ബോണ്‍സ് നോവലിനുശേഷം പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ നോവല്‍ പുറത്തിറങ്ങുന്നത്. എഴുത്തിനു പകരം ജീവിക്കാന്‍വേണ്ടി മറ്റു ചില സംരംങ്ങളുമായി പോകുകയായിരുന്നു താനെന്നും പുരസ്ക്കാര തുക കടം വീട്ടാനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ചെലവിടുമെന്നും നോവലിസ്റ്റ് പറയുന്നു.
അവിശ്വസനിയമാംവിധം ഒറിജിനല്‍ എന്നാണ് പുരസ്ക്കാരസമിതിയിലെ പ്രധാനിയും തത്വചിന്തകനുമായ ക്വാം ആന്തണി അപ്പിയെ മില്‍ക് മാനെ വിശേഷിപ്പിച്ചത്. തങ്ങളാരും തന്നെ ഇത്തരമൊരു നോവല്‍ ഇതിനുമുന്‍പൊരിക്കലും വായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പരമ്പരാഗത ചിന്തയ്ക്കെതിരെ വ്യത്യസ്തമായ രീതിയിലാണ് നോവലിസ്റ്റിന്റെ എഴുത്തെന്നും നല്ല തെളിമയുള്ള ഭാഷയാണെന്നും വിനോദത്തെക്കാളും പക്വമായ വായനയാണ് നോവല്‍ ആവശ്യപ്പെടുന്നതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
അയര്‍ലണ്ടിലെ വിവിധപേരിലുള്ള മനുഷ്യവിഭജനവും അതിനിടയില്‍ ആളാകാന്‍ ശ്രമിച്ച് കരുത്തുകാട്ടി ക്രൂരത ചെയ്യുന്നവരുമുണ്ടെന്ന് എഴുത്തുകാരി നോവലില്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ മനുഷ്യനുമേല്‍ കുതിരകേറി തന്റെ ഇംഗീതം നടപ്പാക്കുന്ന ഒരു ശക്തനാണ് ഈ നോവലിലെ മില്‍ക് മാനും. അയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്നത് ലൈംഗിക ദാഹത്തോടെയാണ്. ആഗോള വ്യാപകമാകുന്ന ഈ മീ റ്റു കാലത്ത് പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാകുന്നുണ്ട് മില്‍ക് മാന്‍ എന്നും പുരസ്ക്കാര സമിതി വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: