തൊട്ടതിനും തൊടുന്നതിനുമെല്ലാം പിരിവ്. കേരളത്തില്‍ അത് ശീലമായി മാറിയിരിക്കുന്നു. പിരിവുകാരെ പേടിച്ച് ചിലപ്പോള്‍ നാടുവിടുന്നവര്‍ പോലും കേരളത്തിലുണ്ട്. രസീത് ഇല്ലാതെയും രസീത് നല്‍കിയും മാത്രമല്ല കേരളത്തിലെ പിരിവ്. കയ്യും കണക്കുമില്ലാതെ ബക്കറ്റ് കാട്ടി പിരിക്കുന്ന സമ്പ്രദായവും ചിലരെങ്കിലും പതിവാക്കിയിരിക്കുന്നു. പത്തും പതിനഞ്ചും കോടിവരെ ബക്കറ്റ് പിരിവിലൂടെ കിട്ടി എന്ന് അഭിമാനിക്കുന്നവരുണ്ട്. അതില്‍ ചിലതെങ്കിലും കള്ളപ്പണം വെളുപ്പിക്കാനുള്ളതാണ്. അടുത്തിടെ എറണാകുളത്ത് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് പിരിച്ചത് 3.10 കോടിയാണ്. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ക്ക് അതില്‍ ഒരുപങ്ക് നല്‍കിയേക്കാം. ബാക്കി എങ്ങോട്ടു പോകുന്നു എന്നതിന്റെ വിവരം വിവാദത്തിലൂടെ പിന്നീട് വെളിപ്പെട്ടേക്കാം. വ്യക്തികളും സംഘടനകളും പിരിവു നടത്തുന്നതും ധൂര്‍ത്തടിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ സര്‍ക്കാര്‍ തന്നെ കൊള്ളപ്പിരിവുകാരായാലോ? അതിലേക്കാണ് ഹൈക്കോടതി വിരല്‍ചൂണ്ടിയത്. പ്രളയനഷ്ടം നികത്താനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സാലറി ചലഞ്ചാണ് ചോദ്യം ചെയ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഉത്തരവിനോടു സഹകരിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥയെയാണ് ഹൈക്കോടതി സ്റ്റേ ചെയ്ത്.
കേരള എന്‍ജിഒ സംഘ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി. സാലറി ചലഞ്ചിനെതിരെ ഹര്‍ജിക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിവാദ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അവര്‍ അപ്പീല്‍ നല്‍കിയത്. സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹര്‍ജിയില്‍ കക്ഷി ചേരാനെത്തിയ എന്‍ജിഒ യൂണിയനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അവാസ്തവമാണെന്നും പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സാലറി ചലഞ്ച് നടപ്പാക്കുന്നതെന്നുമായിരുന്നു എന്‍ജിഒ യൂണിയന്റെ വാദം. നിങ്ങള്‍ക്ക് സംഭാവന നല്കണമെന്നുണ്ടെങ്കില് നല്‍കാമെന്നും മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു. എന്‍ജിഒ യൂണിയന് ജീവനക്കാരോടൊപ്പമല്ല, സര്‍ക്കാരിന്റെ ഭാഗമാണെന്ന ആരോപണം കോടതിയിലും ബോധ്യപ്പെട്ടു. ട്രൈബ്യൂണല്‍ ഹര്‍ജി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ഇടക്കാല ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ശമ്പളം നല്കാന് താല്‍പ്പര്യമില്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധിത പിരിവിന്റെ സ്വഭാവത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജീവനക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇഷ്ടാനുസരണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് വിധി തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തതിലൂടെ നിര്‍ബന്ധപിരിവ് പറ്റില്ലെന്ന നിലപാടാണ് വ്യക്തമായത്.
വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ സംഭാവന നല്കാന് തയാറല്ലാത്ത ജീവനക്കാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതാണെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിസമ്മതപത്രം, പല കാരണങ്ങളാല്‍ ശമ്പളം നല്കാനാവാത്ത ജീവനക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും. നിര്‍ബന്ധിത പിരിവ് നടത്തുന്നില്ലെന്നും ഇതുറപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയെങ്കില്‍ വിസമ്മതപത്രം നല്കാത്തവരുടെ ശമ്പളം പിടിക്കുമോയെന്ന് കോടതി ആരാഞ്ഞു. ഇവരുടെ ശമ്പളം തവണ വ്യവസ്ഥയില്‍ പിടിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ പല കാരണങ്ങളാല്‍ ശമ്പളം നല്‍കാനാവാത്തവരില്‍ നിന്ന് വിസമ്മതപത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി. ആത്മാഭിമാനമില്ലാതെ ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ വാക്കുകള്‍ കോടതി ഉദ്ധരിച്ചതും ശ്രദ്ധേയമാണ്. പ്രളയത്തിന്റെ യഥാര്‍ത്ഥ നഷ്ടം ഇനിയും സര്‍ക്കാരിന് തിട്ടപ്പെടുത്താനായിട്ടില്ല. കേന്ദ്രത്തിന് ഒരുകണക്ക് ലോകബാങ്കിന് നല്‍കുന്നത് മറ്റൊന്ന് പൊതുവില്‍ പറയുന്നത് വേറെ ചിലത്. ധനസഹായം എത്രയാണെങ്കിലും നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. വിദേശത്തുപോയി മന്ത്രിമാര്‍ പിരിവെടുക്കുന്നു. ദുരന്തത്തിന്റെ മറവില്‍ പാഴ്ചെലവും ധൂര്‍ത്തും മൂലം കാലിയായ ഖജനാവിനെ രക്ഷപ്പെടുത്താനുള്ള ആര്‍ത്തിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇതിനോട് ജീവനക്കാര്‍ വിയോജിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: