ബക്കറ്റ് പിരിവും സാലറി ചലഞ്ചും വീടുകയറിപ്പിരിവും കഴിഞ്ഞു. പ്രളയാനന്തര നവകേരള നിര്‍മ്മിതിക്കായുള്ള പിരിവ് കേരളത്തില്‍ ഏതാണ്ടു ശരിയാക്കി. വിദേശരാജ്യങ്ങളില്‍ പോയി പിരിച്ചു ശരിയാക്കാനായി മന്ത്രിമാര്‍ കൂട്ടത്തോടെ മറുനാടുകളിലേക്കു പറക്കാനൊരുങ്ങുകയാണ്. 17-ാം തീയതി മുതല്‍ 21 വരെയാണു പറന്നു പിരിക്കല്‍. ഗള്‍ഫ് നാടുകളിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും ന്യൂസിലന്ഡിലേയ്ക്കും ജര്‍മ്മനിയിലേയ്ക്കും അമേരിക്കയിലേയ്ക്കും ഒക്കെ യാത്രയുണ്ട്. സെക്രട്ടേറിയറ്റ് അടച്ചുപൂട്ടേണ്ടെന്നു കരുതിയാകും മൂന്നു മന്ത്രിമാരെ നാട്ടില്‍ത്തന്നെ നിര്‍ത്തും. പ്രളയക്കെടുതിക്കിടെ ജര്‍മ്മനിക്കു പോയി വിവാദം സൃഷ്ടിച്ച കെ.രാജുവിനു പുറമെ കെ.കെ. ഷൈലജ, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കു ടിക്കറ്റ് നല്‍കിയിട്ടില്ല. ഇവര്‍ക്ക് എന്താണ് അയോഗ്യത എന്നു വ്യക്തമാക്കിയിട്ടുമില്ല. പോകുന്നവരുടെ യോഗ്യതയും വ്യക്തമല്ല. ഏതായാലും ലക്ഷ്യം പണ സമാഹരണം തന്നെ.
അത് എന്തായാലും ശരി, കേരളം ദാരിദ്ര്യത്തില്‍ മുങ്ങി എന്ന പരസ്യ പ്രഖ്യാപനമായിരിക്കും ഇതിന്റെ ഫലം. ആ സന്ദേശം വിദേശത്തെ മലയാളികളിലേയ്ക്കു മാത്രമല്ല വിദേശികളിലേയ്ക്കും ചെന്നെത്തും. അതു കേരളത്തിന് എത്രമാത്രം പ്രയോജനപ്പെടും എന്നും ഭാവിയിലേയ്ക്ക് അത് എങ്ങനെ ബാധിക്കും എന്നും ചിന്തിക്കുകകൂടി ചെയ്യുന്നതു നന്നായിരിക്കും. വിദേശ രാജ്യങ്ങളുടെ മുന്നില്‍ കേരളം പാപ്പരായ ഒരു ഭൂപ്രദേശമായി മാറും. ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് വിനോദസഞ്ചാര മേഖലയെയായിരിക്കും. കേരളം വലിയ പ്രോജക്ട് ആയി വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗഹിക്കുന്നൊരു മേഖലയാണ് വിനോദസഞ്ചാരം. അതിനു സാധ്യത ഏറെ ഉണ്ടെന്നതു സത്യവുമാണ്. പ്രകൃതി സൗന്ദര്യമാണ് ഇക്കാര്യത്തില്‍ കേരളത്തിന് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അതിന്റെ കടയ്ക്കലെ കത്തിയായിരിക്കും ഈ പ്രചാരണം. പ്രകൃതി കശക്കിയെറിഞ്ഞ്, തകര്‍ന്നു താറുമാറായിക്കിടക്കുന്ന സ്ഥലമായി കേരളം വിശേഷിപ്പിക്കപ്പെടും. വിദേശികളുടെ ഇങ്ങോട്ടുള്ള വരവു കുറയാന്‍ അതു തന്നെമതി കാരണം.
സഹായം ചോദിച്ചു മുഖ്യമന്ത്രിയടക്കം മറു നാടുകളില്‍ പിരിവിനിറങ്ങുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു ദോഷമുണ്ടാക്കുകയും ചെയ്യും. ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ പിടിച്ചുനില്‍ക്കാനും പട്ടിണി മാറ്റാനും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടുന്നൊരു ജനതയായി കേരളത്തിലെ ജനങ്ങളെ ചിത്രീകരിക്കണോ? കരുത്തുറ്റൊരു രാജ്യത്തെ കരുത്തുറ്റൊരു ജനവിഭാഗമെന്ന് അഭിമാനം കൊള്ളുന്നവരാണു നമ്മള് മലയാളികള്‍. ദുരന്തം നേരിടാന്‍ കാണിച്ച ധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുംവഴി നാമത് തെളിയിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളും ഒപ്പത്തിനൊപ്പം നിന്നു സഹകരിച്ചു. ദുരന്തകാലത്തെ അതിജീവിക്കാന്‍ ആവശ്യമായതിലധികം സഹായങ്ങള്‍ ലഭ്യമാവുകയും ചെയ്തു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും എല്ലാവരും സര്‍വാത്മനാ കൂടെയുണ്ടാവുകയും ചെയ്യും.
എന്തിനും കൈമെയ് മറന്നു സഹായിക്കാന്‍ സന്മനസ്സുള്ളൊരു കേന്ദ്രസര്‍ക്കാര്‍ നമുക്കുണ്ട്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അതു ലഭ്യമാക്കിയിട്ടുമുണ്ട്. പുനര്‍നിര്‍മ്മാണത്തിനു പ്രധാനമായും പദ്ധതികളാണു വേണ്ടത്. റോഡുകള്‍, വീടുകള്‍, പാലങ്ങള്‍ അങ്ങനെ പലതും പുനര്‍നിര്‍മ്മിക്കണം. പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ അതിനൊക്കെ പണം അനുവദിക്കാമെന്നു കേന്ദ്രം പറഞ്ഞിട്ടുമുണ്ട്. പിന്നെന്തിന് ഈ മുഖ്യനും മന്ത്രിമാരും വിദേശങ്ങളില്‍ പോയി കൈനീട്ടുന്നു എന്നതു പിടികിട്ടാത്ത കാര്യമാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്ക്കുന്നൊരു രാജ്യമാണ് ഇന്നത്തെ ഇന്ത്യ. ആ മതിപ്പ് പല രംഗങ്ങളിലും നമുക്കു ഗുണം ചെയ്യുന്നുമുണ്ട്. ആ പ്രതിഛായയ്ക്കാണ് ഇത്തരം പ്രവൃത്തികൊണ്ടു മങ്ങലേല്‍ക്കുന്നത്. വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട എന്ന ഇന്ത്യന്‍ നിലപാടിനു കാരണവും അതുതന്നെ.
അതിനെ പുച്ഛിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കേരളം, കേന്ദ്രം തരുന്നില്ല എന്നു കാണിക്കാനും പ്രചരിപ്പിക്കാനും കൂടിയാണ് ഈ വിദേശയാത്ര വിഭാവനം ചെയ്യുന്നത് എന്നു പറഞ്ഞാല്‍ തെറ്റൊന്നുമില്ല. കേന്ദ്രവുമായി സഹകരിച്ചു നീങ്ങിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നിലവില്‍ കേരളത്തിലുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: