ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍, ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണമടഞ്ഞവരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നാനൂറോളം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു. നൂറിലേറെപ്പേരെ കാണാതായെന്നാണ് വാര്‍ത്തകള്‍. 600ലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മരണസംഖ്യ ഉയരുമെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ അറിയിച്ചു.
അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് പത്തടി വരെ ഉയര്‍ന്ന കൂറ്റന്‍ തിരമാലകള്‍ ഇന്തോനേഷ്യയിലെ സുലവേസിയിലാണ് വലിയ നാശനഷ്ടമുണ്ടാക്കിയത്. സുനാമി ആഞ്ഞടിച്ച പലു നഗരത്തില്‍ 29 പേരെ കാണാതായി. 350,000 ലേറെ പേര്‍ താമസിക്കുന്ന ഇവിടെ കടല്‍ത്തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ അനവധി മൃതദേഹങ്ങള്‍ കണ്ടെത്തടുത്തിട്ടുണ്ട്. അനവധി കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്. ഇവയ്‌ക്കടിയില്‍ പെട്ട് അനവധി പേരാണ് മരിച്ചത്.
പലു വിമാനത്താവളം അടച്ചു. പല ആശുപത്രികളിലും സ്ഥലപരിമിതി കാരണം പുറത്തു വച്ചാണ് ചികിത്സ നല്‍കുന്നത്. പലുവില്‍ ശക്തമായ തിരമാലയടിക്കുന്നതിന്റെയും ജനം ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ദ്വീപിലെ മധ്യ- പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് തുടര്‍ചലന സാധ്യത മുന്‍നിര്‍ത്തി മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുത-വാര്‍ത്താവിനിമയ ബന്ധം പുനഃസ്ഥാപിക്കപ്പെടാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇന്തോനേഷ്യയില്‍ ആദ്യ ഭൂചലനമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നു ഭൂചലനങ്ങളാണ് പലുവില്‍ ആദ്യമുണ്ടായത്. മൂന്നുമണിക്കൂറിനുശേഷമുണ്ടായ, റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുന്‍പേ സുനാമി ആഞ്ഞടിച്ചു. ഇത് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെതിരെ വലിയ വിമര്‍ശനമുയരാന്‍ ഇടനല്‍കി.
അതിനിടെ പലു വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. അന്റോണിയസ് ഗനവാന്‍ ആങ് (21) ആണ് മരിച്ചത്. പലു നഗരത്തില്‍ ഭൂചലനമുണ്ടായപ്പോള്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം ഇടിഞ്ഞു വീഴുമെന്ന ഭയന്ന് ഇയാള്‍ ചാടുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. യാത്രാവിമാനമായ ബാടിക് പറയുന്നുയരുന്നതിന് അനുമതി നല്‍കിയതിനു ശേഷമാണ് ആങ് ചാടിയത്.
പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. ആഗസ്റ്റ് അഞ്ചിന് ലംബോക്കിലുണ്ടായ ഭൂചലനത്തില്‍ ഏകദേശം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2004 ഡിസംബര്‍ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
















