ദുരന്തത്തിന്റെ പേരില്‍ വീടുകയറി ഭീഷണപ്പെടുത്തി പിരിവു നടത്തുന്നവര്‍ അന്ധമായ കേന്ദ്ര വിരോധത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. കേരളത്തിലെ ഭരണസംവിധാനം രാഷ്ട്രീയ വൈരത്തിനു ജനങ്ങളെ കരുവാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടത്. രാജ്യത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗത്തിനും പ്രയോജനപ്പെടുന്ന ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സാ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം ഫലത്തില്‍ ജനവഞ്ചനയായേ കാണാനൊക്കൂ.
സംസ്ഥാനത്തിന് സ്വന്തമായൊരു ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട് എന്ന നിലപാട് വെറും തൊടുന്യായം മാത്രമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള വിദ്യാഭ്യാസമോ പരിചയമോ ഇല്ലാത്ത നിര്‍ധനരേയും സാധാരണക്കാരേയും സഹായിക്കാന്‍ നിസ്സാരമായ നടപടിക്രമങ്ങളോടെ ആരംഭിച്ചതാണ് ഈ പദ്ധതി. കേരളത്തെ സംബന്ധിച്ച് ഇതൊരു തുടര്‍ച്ചയാണ്. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരെ മുന്നില്‍ക്കണ്ടു പ്രഖ്യാപിക്കുന്ന പല പദ്ധതികളും മന:പ്പൂര്‍വം ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയോ അന്വേഷിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കേന്ദ്ര പദ്ധതിയുടെ പ്രയോജനം ജനങ്ങളിലെത്തിയാല്‍ തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന പേടിയാണ് ഭരണ മുന്നണിക്ക്. പദ്ധതികള്‍ പലതും ഇതിന്റെ പേരില്‍ പേരുമാറ്റി നടപ്പാക്കുന്ന നടപടിയും നടന്നു വരുന്നു. രാജ്യമെങ്ങും നടപ്പാകുന്ന സേവന പദ്ധതികള്‍ കേരത്തിലെ ജനങ്ങള്‍ക്ക് മാത്രം, രാഷ്ട്രീയ വൈരംമൂലം നിഷേധിക്കപ്പെടുകയാണ്.
അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ആവാസ് യോജന, മുദ്രാലോണ്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, ബീമാ സുരക്ഷാ യോജന, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന തുടങ്ങി എത്രയെത്ര കേന്ദ്ര പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ അനുകൂല സംഘടനകളും ഇവിടത്തെ ജനങ്ങളില്‍നിന്നും മറച്ചു പിടിക്കുന്നത്. പേരുമാറ്റി സ്വന്തം കുപ്പിയിലാക്കി വിതരണം ചെയ്യുന്നതുകൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഫലം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് സമാധാനിക്കാം.
ആയിരത്തിലേറെ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പ്രായപരിധി നോക്കാതെ അംഗമാകാം. ആധാര്‍കാര്‍ഡ് പോലും നിര്‍ബന്ധമല്ല. അറിവില്ലായ്മയുടെ പേരില്‍ ആര്‍ക്കും സേവനം നിഷേധിക്കപ്പെടാതിരിക്കാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ രോഗികളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡസ്കുകള്‍വരെ വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ, കേരളത്തിന് പദ്ധതി വേണ്ട. ‘ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന’ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനത്തിന് വരുത്തുന്ന നഷ്ടം ചെറുതല്ല.
‘ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കുന്ന’ സര്‍ക്കാര്‍ ശൈലി എങ്ങനെയെന്ന് ജനം നന്നായി കാണുന്നുണ്ട്. പ്രളയത്തിന്റെ പേരില്‍ സാലറി ചലഞ്ച് എന്ന ഓമനപ്പേരിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന രീതി കൊള്ളയടിക്കലിലേയ്ക്കു മാറിയിട്ടു കുറച്ചുനാളായി. അതിപ്പോള്‍ വീടുകയറിക്കൊള്ളയിലേയ്ക്കു കടക്കുകയാണ്. ഗുണ്ടാപ്പിരിവിന് സമാനം. സമ്മതപത്രം നല്‍കാത്തവര്‍ക്ക് അതു നല്കാന് ഒരു അവസരം കൂടി നല്കുന്നു എന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും ഫലത്തില്‍ അത് അവരെ ഭീഷണപ്പെടുത്തി വരുതിക്ക് നിര്‍ത്താനുള്ള അവസരമായാണ് ഉപയോഗിക്കുന്നത്.
അതിന്റെ പേരിലാണിപ്പോള്‍ വീടുകളില്‍ ചെന്ന് സ്ഥലംമാറ്റം അടക്കമുള്ള ഭീഷണികള്‍വഴിയുള്ള പിരിവ്. ആവശ്യത്തിന് പണം സ്വരൂപിക്കലല്ല ആവശ്യം പോലെ പിരിച്ചെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വിസമ്മതിക്കുന്നവരെ വൈരാഗ്യബുദ്ധിയോടെ പിഴിയുന്നതായിരിക്കും അടുത്തഘട്ടമെന്നാണ് ജീവനക്കാരുടെ പേടി. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് നല്ലതുനോക്കി കടത്തിക്കൊണ്ടുപോയവര്‍ അതും ചെയ്യും. ഇല്ലാത്ത വിദേശ സഹായം നിഷേധിച്ചെന്ന പേരില്‍ കേന്ദ്രത്തെ പഴിപറഞ്ഞു നടക്കുന്നവരാണ് കേന്ദ്രം കൈ നീട്ടിത്തരുന്ന സൗജന്യങ്ങള്‍ സ്വന്തം നാട്ടുകാര്‍ക്ക് നിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: