പി ഫെല്ലിനി ചിത്രമായ തീവണ്ടി കുതിച്ചു പായുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അതിലെ ജീവാംശമായ് ….എന്ന ഗാനമാണ്. യു ടൂബില്‍ ഈ പാട്ടിന്റെ പല വേര്‍ഷനുകളും ഇറങ്ങിയിട്ടുണ്ട്. ഈ ഗാനം ഉപയോഗിച്ച് നൃത്തരംഗങ്ങള്‍, വയലിന്- ഫ്ളൂട്ട് സോളോകള്… അങ്ങിനെ എല്ലാ രീതിയിലും ആഘോഷിക്കപ്പെടുകയാണ്. വിദേശ മലയാളികളും ഈ പാട്ടിന്റെ കടുത്ത ലഹരിയിലാണ്. പലരും തങ്ങളുടെ വെര്ഷന് പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ പാട്ടിന്റെ ഈണം തരുന്ന ഗൃഹാതുര അനുഭവമാണ് ഇതിനു കാരണം. രചനയിലും സംഗീതത്തിലും എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുന്ന ഈ ന്യൂ ജനറേഷന് കാലത്ത് ഈ ഗാനം വലിയൊരാശ്വാസമാണ് സംഗീത പ്രേമികള്‍ക്ക്. രീതിഗൗള എന്ന രാഗത്തിന്റെ സൗന്ദര്യമാണ് ഇതിന്റെ മുഖ്യഘടകം…
ഇതിനു മുമ്പ് ഈ രാഗത്തില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളാണ്. 1977 ല്‍ കവിക്കുയില്‍ എന്ന ചിത്രത്തില്‍ ഇളയരാജയുടെ ഈണത്തില്‍ ബാലമുരളീ കൃഷ്ണ പാടിയ ‘ചിന്നകണ്ണന്‍ അഴകിറാന്’ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. രീതിഗൗള എന്ന രാഗത്തിന്റെ ആത്മാവ് അറിഞ്ഞ സംഗീതജ്ഞനാണ് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. അദ്ദേഹം ആദ്യമായി സിനിമക്കുവേണ്ടി സംഗീതം ചെയ്തപ്പോള്‍ ആദ്യം കടന്നുവന്നത് ഈ രാഗമാണ്, അങ്ങിനെയാണ് തൂവാനത്തുമ്പികളിലെ ‘ഒന്നാം രാഗംപാടി’ നമുക്ക് ലഭിച്ചത്. വേണുഗോപാലിന്റെയും ആദ്യഗാനമായിരുന്നു ഇത്. രവീന്ദ്രന്മാസ്റ്റര് സംഗീതം നല്കിയ അഭിമന്യുവിലെ ‘കണ്ടു ഞാന്‍ മിഴികളില്‍’, ശരത് ചിട്ടപ്പെടുത്തിയ എന്റെ സിന്ദൂര രേഖയിലെ ‘പ്രണതോസ്മി ഗുരുവായൂര്‍ പുരേശം’ എന്നീ ഗാനങ്ങള്‍ മുന്‍നിരയില്‍ നില്ക്കുന്നു. സുബ്രഹ്മണ്യപുരം എന്ന തമിഴ്ചിത്രത്തിലെ ‘കണ്കള് ഇരണ്ടാല്‍’ എന്ന ഗാനമാണ് ഈ അടുത്തകാലത്തെ ഹിറ്റ്.
പൊതുവായ ചില പ്രയോഗങ്ങള്‍ ഈ രാഗത്തിന് ഉള്ളതുകൊണ്ട് വൈവിധ്യങ്ങളായ ഈണങ്ങള്‍ ആവിഷ്കരിക്കുക എന്നത് വളരെ പ്രയാസമാണ്. നവാഗതനായ കൈലാസ് മേനോന് ആണ് ഈ പാട്ടിന്റെ സംഗീതം. പ്രൊഫ.ഓമനക്കുട്ടിയുടെയും സംഗീതജ്ഞനായ ആലപ്പി ശ്രീകുമാറിന്റെയും മകനും, പ്രസിദ്ധ സംഗീതജ്ഞന് എം ജി രാധാകൃഷ്ണന്റെ മരുമകനുമായ കെ.എസ് ഹരിശങ്കറാണ് ആലാപിച്ചിരിക്കുന്നത്. പാട്ടിലെ ഏറ്റവും നേര്‍ത്ത വികാരങ്ങള്‍വരെ തന്റെ ശബ്ദത്തിന്റെ മോഡുലേഷന് കൊണ്ട് ശ്രേയാഘോശാല് ഭാവോജ്വലമാക്കി. കുസൃതി നിറഞ്ഞ പ്രേമഭാവങ്ങളാണ് ഈ രാഗത്തിന് കൂടുതല്‍ ഇണങ്ങുക. സഗരിഗ, നിധമ, നിനിസാ… എന്നീ പടികളായുള്ള ഫ്രെയ്സുകള്‍ വെസ്റ്റേണ്‍ സംഗീതത്തോട് യോജിച്ചു നില്ക്കുന്നു. ത്യാഗരാജസ്വാമികളുടെ നിനു വിടചി…., സ്വാതി തിരുനാളിന്റെ പരിപാലയമാം, വീണകുപ്പയ്യര്‍ രചിച്ച വനജാക്ഷി, പാപനാശം ശിവന്റെ ഗുരുവായൂരപ്പനേ… എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: