താന്‍ ഇവിടെത്തന്നെയുണ്ടെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ചില നേതാക്കള്‍ക്ക് എന്തെങ്കിലും പ്രസ്താവന നടത്തിയെ പറ്റൂ എന്നായിട്ടുണ്ട്. അതിനുവേണ്ടി വങ്കത്തരം പറഞ്ഞുകൂട്ടാനും ഇത്തരക്കാര്‍ മടിക്കില്ല. ഇത്തവണ ഇങ്ങനെ പെട്ടുപോയത് സിപിഎം സംസ്ഥാന സെക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടെന്നുമാണ് കോടിയേരി ആരോപിച്ചത്.
എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുതന്നെ കോടിയേരിയെ തള്ളിപ്പറയുന്നത് ജനത്തിനു കേള്‍ക്കേണ്ടിവന്നു. തങ്ങള്‍ ഇരയുടെ കൂടെയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞപ്പോള്‍ ആരോപണത്തെക്കുറിച്ച് കോടിയേരിയോടുതന്നെ ചോദിക്കണമെന്നാണ് മറ്റൊരു മന്ത്രി ഇ.പി. ജയരാജന് പറഞ്ഞത്. കന്യാസ്ത്രീകളുടെ സമരത്തെ ബിജെപി പിന്തുണയ്ക്കുന്നു.എന്നാല്‍ ബിജെപി സമരത്തില്‍ പങ്കാളിയല്ലെന്ന്് ബിജെപി പ്രസിഡന്റ് പി. ശ്രീധരന്‍പിള്ള കോടിയേരിക്ക് മറുപടികൊടുത്തു കഴിഞ്ഞു.
കന്യാസ്ത്രീയെ ബലാല്‍സംഘം ചെയ്തതിന് എല്ലാതെളിവുകളും ഉണ്ടായിട്ടും ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഇത്രത്തോളം നീട്ടിക്കൊണ്ടുപോയതിന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സര്‍ക്കാരാണ്. തങ്ങളെന്നും ഇരകളുടെ കൂടെയാണെന്നും സ്ത്രീത്വത്തിന് അങ്ങേയറ്റം വിലകല്പ്പിക്കുകയും ചെയ്യുന്നുവെന്നും ആവര്‍ത്തിച്ചു പറയുന്ന കോടിയേരിയുടെ പാര്‍ട്ടിതന്നെയാണ് കന്യാസ്ത്രീകളുടെ സമരത്തെ ദുഷ്ടലാക്കോടെ കണ്ട്് തങ്ങളുടെ നീരസം പ്രകടമാക്കുന്നത്.
സ്വന്തം മാനം രക്ഷിക്കാനായി കന്യാസ്ത്രീകള്‍ നേരിട്ട് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത് കാണാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ പ്രാചീന മനസിനു തെളിവാണ്. ബിഷപ്പിനെ രക്ഷിക്കാന്‍ പരമാവധി സര്‍ക്കാര്‍ പലരീതിയിലും ശ്രമിച്ചുവെന്ന് കേരളത്തിനു മുഴുവന്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ബലാല്സംഘവീരനായ ഫ്രാങ്കോ രക്ഷപെടാതിരിക്കാനും ഇരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാനും വേണ്ടിയാണ് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ഉണ്ടായതും കേരളത്തിന്റെ പൊതുബോധം അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ശ്രദ്ധക്ഷണിക്കല്‍ നടത്തിയതും.
എന്നാല്‍ അരമനകള്‍ കേറിയിറങ്ങുന്ന ഇടതുകക്ഷികളോ കോണ്‍ഗ്രസോ ഈ സമരത്തെ തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല തള്ളിപ്പറയുകകൂടിയായിരുന്നു. കേരളത്തിന്റെ സമരമുറ മറ്റൊരു തരത്തില്‍ മാറുമെന്നു ഭയന്നായിരിക്കുമോ ഇപ്പോള്‍ അറസ്റ്റ ്ഉണ്ടാതെന്നുതന്നെ വിശ്വസിക്കുകയാണ് ജനം.
ഫ്രാങ്കോയെ ഇത്രയുംകാലം രക്ഷിച്ചു നിര്‍ത്തിയത് സിപിഎം ആണ്. ഫ്രാങ്കോയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും അയാളില്‍നിന്നും പാരിതോഷികം പറ്റുന്ന സിപിഎമ്മിന്റെ നേതാക്കളുണ്ടെന്നുവരെ നേരെത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുശരിവെക്കുന്നതാണ് കാര്യങ്ങളെല്ലാം എന്നുതോന്നിപ്പോകുന്നുണ്ട്. വോട്ടാണോ കോടിയേരിയെപ്പോലുള്ള നേതാക്കള്‍ ഫ്രാങ്കോയ്ക്ക് എതിരു നില്‍ക്കാതെ നാണംകെട്ട കളിക്കു തുനിയാനുണ്ടായ കാരണം.
ബലാല്സംഘവീരനെന്നു പേരുകേട്ട ഫ്രാങ്കോയ്ക്കൊപ്പം നിന്നാല്‍ വോട്ടു പെട്ടിയില്‍ വീഴുമെന്നു വിശ്വസിക്കാന്മാത്രം ബുദ്ധിയുള്ളവരാണോ സിപിഎം നേതാക്കള്‍. അല്ലെങ്കില്‍ കത്തോലിക്കാസഭ പറയുമ്പോള്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നവരാണ് വിശ്വാസികള്‍ എന്നുതോന്നിയോ. അതാണ് തോന്നലെങ്കില്‍ കോടിയേരി രണ്ടു നൂറ്റാണ്ടിനു മുന്‍പത്തെ മനസുമായാണ് ജീവിക്കുന്നതെന്നു പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: