വാക്കുകളെക്കാള്‍ വാക്കുകള്‍ക്കിടയിലെ മൗനങ്ങളാണ് കൂടുതല്‍ സംസാരിക്കുന്നതെന്നു പറയാറുണ്ട്. അതായത് വാചാലമായ മൗനം. ഇങ്ങനെ വാക്കുകള്‍ കലാപരമായും മൗനം ശക്തമായും പ്രയോഗിക്കുന്ന പ്രതിഭയാണ് അമേരിക്കന്‍ നാടകകൃത്തായ അന്നി ബേക്കര്‍. നിശബ്ദതകൊണ്ടുപോലും വലിയ ശബ്ദം ഉയര്‍ത്തുകയും അതിലൂടെ ഗംഭീരമായ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ബേക്കറുടെ നിരവധി രചനകള്‍ നാളുകളായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
ബേക്കറുടെ ദ ഏലിയന്‍സ് എന്ന നാടകം അവതരിപ്പിക്കപ്പെടുന്നത് മൂന്നിലൊന്നും നിശബ്ദമായിട്ടാണ്. അടിസ്ഥാനപരമായി നോവലിസ്റ്റാകാന്‍ ആഗ്രഹിക്കുകയും നാടകക്കാരിയായിത്തീരുകയുമായിരുന്നു അന്നി ബേക്കര്‍. മനോഹരമായ വാക്കുകളോടുള്ള എന്റെ പ്രണയവും അതു രചിക്കുന്നതിന് വ്യാകരണത്തിലും ഘടനയിലുമുള്ള എന്റെ നിലവാരമില്ലായ്മയുമാണ് എന്നെ നിശബ്ദതയുടെ ശബ്ദമുള്ള ആളാക്കിയതെന്ന് ഈ നാടകക്കാരി പറയുന്നു. ബേക്കര്‍ തന്റെ നാടകത്തിന് സംഭാഷണങ്ങളെഴുതുന്നത് വളരെ സ്വാതന്ത്ര്യത്തോടെയാണ്. ജനങ്ങള്‍ എന്താണ് സംസാരിക്കുന്നതെന്നും എന്തിനാണ് സംസാരിക്കുന്നതെന്നും തന്നെ സ്പര്‍ശിക്കുന്ന കാര്യമാണെന്ന് ബേക്കര്‍ പറയുന്നു. ആരേയും വിധിക്കുന്ന നാടകങ്ങളല്ല ഇവരുടേത്. എല്ലാവരിലും ശരിയും അതുപോലെ തെറ്റും ഉണ്ടെന്ന് പറയാന്‍ ഈ എഴുത്തുകാരി ഒരുക്കമാണ്. ഈ അവസ്ഥയില്‍ നിന്നാണ് നര്‍മം ഉണ്ടാകുന്നതെന്ന് ബേക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്നും നിരവധി ചര്‍ച്ചകള്‍ പിന്‍തുടരുന്ന നാടകമാണ് ദ ഫ്‌ളിക്. ഏകാന്തതയാണ് ഇതിലെ മുഖ്യപ്രമേയം.നാടകത്തിനുള്ള പുലിസ്റ്റര്‍ സമ്മാനം ബേക്കര്‍ക്ക് നേടിക്കൊടുത്ത നാടകമാണ് ഫ്‌ളിക്. കൂടാതെ മാക് ആര്‍തര്‍ ഫെലോഷിപും ഇതിനു കിട്ടുകയുണ്ടായി. അന്നി ബേക്കറുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നുന്നെന്നത് വലിയൊരു ഭാഗ്യമാണ്, ന്യൂയോര്‍ക്ക് ടൈംസ് ഫ്‌ളിക്കിനെ പ്രശംസിച്ചുകൊണ്ടെഴുതി. നിരവധി യൂണിവേഴ്‌സിറ്റികളില്‍ നാടകം പഠിപ്പിക്കുന്ന ബേക്കര്‍ അമേരിക്കയിലുടനീളം 150 തിയറ്ററുകളിലും ഒരുഡസന്‍ പുറം രാജ്യങ്ങളിലുമായി നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. മനുഷ്യരെ അറിയുകയും അവരിലെ അവരെ അറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ് അന്നി ബേക്കറുടെ നാടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: