2018-19 വര്‍ഷത്തെ നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്ഇ), നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) സംസ്ഥാനതല പരീക്ഷ 2018 നവംബര്‍ 18 ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആര്‍റ്റി) ആഭിമുഖ്യത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിന് www.scert.kerala.gov.inല്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം.
എന്‍ടിഎസ്ഇ: നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ സംസ്ഥാനതല പരീക്ഷയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ അംഗീകൃത സ്‌കൂളുകളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്റ്റര്‍ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസില്‍ ആദ്യതവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
പരീക്ഷാ ഫീസ് പൊതുവിഭാഗത്തിനും ഒബിസികാര്‍ക്കും 250 രൂപയും പട്ടികജാതി/വര്‍ഗ്ഗം, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ്.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപേക്ഷകരുടെ ഫോട്ടോ, അംഗപരിമിതിയുള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി വിഭാഗത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
120 മിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നാമത്തെ പേപ്പര്‍ സ്‌കോളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ (എസ്എടി) ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയില്‍ 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പര്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റില്‍ (എംഎടി) മനോനൈപുണി പരിശോധിക്കുന്ന 100 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും.
സംസ്ഥാനതല എന്‍ട്രന്‍സ് പരീക്ഷാ വിജയികളെ ഉള്‍പ്പെടുത്തി ദേശീയതല പരീക്ഷ 2019 മേയ് 12 ന് നടത്തി അതില്‍ ജയിക്കുന്നവര്‍ക്കാണ് ഉന്നതപഠനംവരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
എന്‍എംഎംഎസ്: നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പിന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. ഇതിന് സംസ്ഥാനതല പരീക്ഷ മാത്രമാണുള്ളത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക. റസിഡന്‍ഷ്യല്‍, അണ്‍എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 (ഒന്നര) ലക്ഷം രൂപയില്‍ കവിയരുത്. ഏഴാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് 55% (എസ്‌സി/എസ്ടികാര്‍ക്ക് 50% മതി) മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാ ഫീസ് ഇല്ല.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപേക്ഷാര്‍ത്ഥിയുടെ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, അംഗപരിമിതിയുള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
90 മിനിറ്റ് വീതമുള്ള രണ്ട് പേപ്പറുകളാണ് ഈ പരീക്ഷക്കുള്ളത്. പേപ്പര്‍ ഒന്ന് സ്‌കോളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റില്‍ (എസ്എടി) ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നിവയില്‍ 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ www.scert.gov.in- ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: