ന്യൂദല്‍ഹി: പ്രസംഗം വേറേ വാസ്തവം വേറേ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം നീട്ടിക്കിട്ടാഞ്ഞപ്പോള് നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്താക്കിയ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് സത്യം തുറന്നു പറഞ്ഞു. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് രേഖാമൂലം നല്കിയ വിവരങ്ങളില്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചകാലത്താണ് ബാങ്കുകള്‍ വന്‍തോതില്‍ കിട്ടാക്കടം കൊടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. നീരവ് മോദിയും വിജയ് മല്ല്യയുമുള്പ്പെടെയുള്ളവര് രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ചത് യുപിഎ ഭരണത്തിലാണെന്ന് ഇതോടെ വ്യക്തമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ മോദി സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളെല്ലാം നുണയായിരുന്നുവെന്ന് വ്യക്തമാകുകയാണ്.
ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയാണ്, വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ അംഗമായ എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷന്‍. രഘുറാം രാജന് നല്കിയ 17 പേജ് വിശദീകരണത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ:
”… വലിയൊരു വിഭാഗം കിട്ടാക്കടവും ബാങ്കുകള്‍ നല്‍കിയത് 2006-2008 കാലത്താണ്,”-
ഇതുതന്നെയാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത്. കിട്ടാക്കടങ്ങള്‍ക്ക് ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണെന്ന് ബിജെപിയും വിശദീകരിച്ചിരുന്നു. കണക്കനുസരിച്ച് 10 ലക്ഷം കോടിയിലേറെ രൂപയാണ് ബാങ്കുകള്കൊടുത്ത വായ്പയിനത്തില്‍ തിരികെ കിട്ടാനുള്ളത്.
ഉത്തരവാദിത്തപ്പെട്ട സമിതിക്ക് രേഖാമൂലം വിശദീകരണം നല്കിയപ്പോള് വാസ്തവം പറഞ്ഞ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ 2016 -ല്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു.
”പല വായ്പകളും കൊടുത്തത് കടം മടക്കി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി കുപ്രസിദ്ധരായവര്ക്കും ബന്ധുക്കള്ക്കുമായിരുന്നു”-വെന്നും രഘുറാം പറയുന്നു.
”പൊതുമേഖലാ ബാങ്കുകളാണ് ഇത്തരം വായ്പകള്‍ കൂടുതല്‍ കൊടുത്തത്. സാമ്പത്തിക കാര്യങ്ങളില്‍ അവസ്ഥകളും വായ്പ്പക്കാരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പോരാ. വായ്പ കൊടുക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ നിലവാരമില്ലാത്തതാണ്. കൃത്രിമക്കണക്കുകളിലൂടെ നടക്കുന്ന തെറ്റായ മൂല്യ വിലയിരുത്തല്‍ പ്രവണതകളും തടയണം,”- രഘുറാം പറയുന്നു.
ആര്‍ബിഐയുടെ പങ്കും ഏറെ മാറ്റേണ്ടതുണ്ടെന്ന് മുന്‍ ഗവര്‍ണര്‍ പറയുന്നു. തന്റെ കാലത്തെ വീഴ്ചകളില്‍നിന്ന് ഉത്തരവാദിത്തം ഒഴിയാന്കൂടിയായിരിക്കാം ഈ വിമര്‍ശന നിര്‍ദേശങ്ങള്‍ എന്ന് കരുതുന്നു. ചില ബാങ്കുകളോട് ആര്‍ബിഐക്ക് ചാര്‍ച്ച കൂടുതലുണ്ടെന്നാണ് രഘുറാം കുറ്റപ്പെടുത്തുന്നത്. ഗുണനിലവാര വിശകലന പരിപാടി ആര്‍ബിഐ കൂടുതല്‍ ശക്തമായി തുടരണമെന്നും അത് ബാങ്കുകളെ പരാതിരഹിതമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: