കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 31 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എന്‍ഐടികള്‍), 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും (ഐഐഐടികള്‍), കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന 23 മറ്റ് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (CFTis) 2019 വര്‍ഷം നടത്തുന്ന റഗുലര്‍ ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാനിങ് കോഴ്സുകളിലേക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ)മെയിന്‍ 2019 ആദ്യപരീക്ഷ ജനുവരി 6 നും 20 നും മധ്യേ നടത്തും. വര്‍ഷത്തില്‍ രണ്ടുതവണ പരീക്ഷയുണ്ട്. രണ്ടാമത്തെ ജെഇഇ മെയിന്‍ 2019 ഏപ്രില്‍ 6 നും 20നും ഇടയിലാണ്. ഇതിന് പ്രത്യേക വിജ്ഞാപനമിറക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.
ജെഇഇ മെയിന്‍ 2019 ആദ്യ പരീക്ഷയുടെ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും http://jeemain.nic.in, www.nta.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ജെഇഇ മെയിനില്‍ രണ്ട് പേപ്പറുകളുണ്ട്. പേപ്പര്‍ ഒന്ന്് ബിഇ/ബിടെക് കോഴ്സുകളിലും പേപ്പര്‍ രണ്ട് ബിആര്‍ക്ക്/ ബി.പ്ലാനിങ് കോഴ്സുകളിലും പ്രവേശനത്തിനുള്ളതാണ്.
പേപ്പര്‍ ഒന്ന് രണ്ട് ഷിഫ്റ്റുകളായി രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 5.30 മണിവരെയും നടത്തും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് ചോദ്യങ്ങള്‍.
ഐഐടികളില്‍ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനും ജെഇഇ മെയില്‍ പേപ്പര്‍ ഒന്നില്‍ ഉയര്‍ന്ന സ്കോര്‍ നേടണം. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ മികവ് പരിഗണിച്ചാണ് സെലക്ഷന്.
ജെഇഇ മെയിന്‍ പേപ്പര്‍ രണ്ടില്‍ മൂന്ന് പാര്‍ട്ടുകളുണ്ട്. പാര്‍ട്ട് ഒന്ന് മാത്തമാറ്റിക്സ്, പാര്‍ട്ട് രണ്ട് ആപ്റ്റിറ്റിയൂടഡ് ടെസ്റ്റ്. ഇവ രണ്ടും കമ്പ്യൂട്ടര്‍ അധിഷ്ഠിതവും. പാര്‍ട്ട് മൂന്ന് ഡ്രോയിങ് ടെസ്റ്റ്. പേനയും പേപ്പറും ഉപയോഗിച്ചിട്ടുള്ളതാണ്. പരീക്ഷാ സിലബസ് വെബ്സൈറ്റിലുണ്ട്.
ജെഇഇ മെയിന്‍ ഓള് ഇന്ത്യ റാങ്കും അക്കാദമിക് മികവും പരിഗണിച്ചാണ് എന്‍ഐടികളിലും മറ്റും പ്രവേശനം. ബിഇ/ബിടെക് കോഴ്സുകളില്‍ പ്രവേശനത്തിന് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയങ്ങളായും കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കല്‍/വൊക്കേഷണല്‍ വിഷയങ്ങളിലൊന്നും ഉള്‍പ്പെടെ 75% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബിആര്‍ക്/ബി പ്ലാനിങ് പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ മാത്തമാറ്റിക്സ് പഠിച്ച് അക്കാദമിക് മികവോടെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 65% മാര്‍ക്ക് മതിയാകും. പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
2017, 2018 വര്‍ഷങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും 2019 വര്‍ഷം യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ജെഇഇ മെയിന്‍ 2019 ജനുവരിയിലെ പരീക്ഷയില്‍ പങ്കെടുക്കാം. ഫിസിക്സ്, മാത്തമാറ്റിക്സ് ഉള്‍പ്പെടെ അഞ്ച് വിഷയങ്ങളില്‍ കുറയാതെ പ്ലസ്ടു പരീക്ഷയെഴുതി വിജയിച്ചവരെയാണ് പരിഗണിക്കുക.
ഇന്ത്യയില്‍ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേപ്പര്‍ ഒന്ന്് അല്ലെങ്കില്‍ പേപ്പര്‍ രണ്ടിനുള്ള ഫീസ് നിരക്കുകള്‍ ആണ്‍കുട്ടികള്‍ക്ക് 500 രൂപ, പെണ്‍കുട്ടികള്‍ക്ക് 250 രൂപ, എസ്സി/എസ്ടി/പഡബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 250 രൂപമതി.
ഇന്ത്യയ്ക്ക് പുറത്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേപ്പര്‍ ഒന്ന് അല്ലെങ്കില്‍ പേപ്പര്‍ രണ്ടിനുള്ള ഫീസ് നിരക്കുകള്‍-ആണ്‍കുട്ടികള്‍ക്ക് 2000 രൂപ, പെണ്‍കുട്ടികള്‍ക്ക് 1000 രൂപ. എസ്സി/എസ്ടി/ പിഡ്ബ്ല്യുഡി/ട്രാന്സ്ജന്ഡര് വിഭാഗങ്ങള്‍ക്ക് 1000 രൂപ.
ജെഇഇ മെയിന്‍ രണ്ട് പേപ്പറുകള്‍ക്കും കൂടി ആണ്‍കുട്ടികള്‍ 900 രൂപയും പെണ്‍കുട്ടികള്‍ 450 രൂപയും നല്കിയാല് മതി. വിദേശത്താണ് പരീക്ഷാകേന്ദ്രം ആവശ്യമെങ്കില്‍ യഥാക്രമം 3000 രൂപ, 1500 രൂപ എന്നിങ്ങനെ നല്‍കേണ്ടതുണ്ട്. എസ്സി/എസ്ടി/പിഡബ്ല്യുഡി/ട്രാന്‍സ് ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കു ഇന്ത്യയില്‍ പരീക്ഷാകേന്ദ്രത്തിന് 450 രൂപയും വിദേശത്ത് പരീക്ഷാ കേന്ദ്രത്തിന് 1500 രൂപയും നല്‍കണം.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ വെബ്സൈറ്റിലുണ്ട്. കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, ചെങ്ങന്നൂര്‍, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോതമംഗലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. ലക്ഷദ്വീപില്‍ കവരത്തിയാണ് പരീക്ഷാ കേന്ദ്രം.
ഇന്ത്യയ്ക്ക് പുറത്ത് ബഹറിന്‍, കൊളംബോ, ദോഹ, കാഠ്മണ്ഡു, മസ്ക്കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപ്പൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
ജെഇഇ മെയിന്‍ 2019 ജനുവരിയിലെ പരീക്ഷയ്ക്ക് അപേക്ഷ ഓണ്‍ലൈനായി www.jeemain.nic.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നാണ്. സെപ്തംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഒറ്റ അപേക്ഷ മതി. രജിസ്ട്രേഷന് ഫീസ് ഒക്ടോബര്‍ ഒന്നിന് മുന്‍പ് ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍/നെറ്റ് ബാങ്കി മുഖാന്തിരം അടയ്ക്കണം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ 14 വരെ സമയം അനുവദിക്കും. പരീക്ഷാകേന്ദ്രം, പരീക്ഷാ തീയതി, ഷിഫ്റ്റ് എന്നിവ നവംബര്‍ 15 ഓടെ www.nta.ac.in ല്‍ ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 17 മുതല്‍ ഡൗണ്ലൗഡു ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഫീസ് പേയ്മെന്റും നടത്തി പരീക്ഷാര്‍ത്ഥികള്‍ www.nta.jeemain.nic.in ല്‍ സ്റ്റാറ്റസ് പരിശോധിച്ച് കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പരീക്ഷാഫലം ജനുവരി 31 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തു.
ഒരാള്‍ക്ക് ജനുവരിയിലും ഏപ്രിലിലും നടത്തുന്ന (ജെഇഇ മെയിന്‍ 2019) രണ്ട് പരീക്ഷകളിലും പങ്കെടുക്കാം. രണ്ടിലും ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് 2019 പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: