കൊച്ചി: പ്രളയം കേരളത്തിന്റെ കാർഷിക മേഖലയെ സാരമായി ബാധിച്ചെന്ന് റിപ്പോർട്ട്. കേരളത്തിലെ 45,000 ഹെക്ടർ കൃഷിഭൂമിയാണ് പ്രളയക്കെടുതിയിൽ നശിച്ചു പോയതെന്ന് കൃഷിവകുപ്പ് സെക്രട്ടറി ശോഭന കെ പട്നായക് അറിയിച്ചു.
പ്രധാനമായും നെൽകൃഷി, വാഴകൃഷി, സുഗന്ധവ്യഞ്‌ജനം കൃഷി എന്നീ മേഖലകളിലാണ് പ്രളയം ഏറ്റവുമധികം നാശനഷ്ടം ഉണ്ടാക്കിയത്. 20,000 ഹെക്ടർ നെൽകൃഷിയും, വാഴത്തോപ്പുകളും, രണ്ടായിരം ഹെക്ടർ സുഗന്ധവ്യഞ്‌ജന കൃഷി ഭൂമിയും പ്രളയത്തിൽ നശിച്ചു.
നാശനഷ്ടങ്ങളെ സംബന്ധിച്ച് വ്യക്തമായ കണക്ക് വിവരങ്ങൾ നൽകാൻ സർക്കാർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസർക്കാരിനോട് സഹായധനം ആവശ്യപ്പെടുന്നത്. കൃഷിഭൂമിക്ക് പുറമെ കേരളത്തിൽ ആയിരക്കണക്കിന് വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നുവെന്നും സെക്രട്ടി പറഞ്ഞു.
















