നിവര്‍ന്നു നില്ക്കാന് പാടുപെട്ടുകൊണ്ടിരുന്ന നമ്മുടെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തുകൊണ്ടാണ് മഹാപ്രളയം താണ്ഡവമാടിയത്. ഒരു പക്ഷേ, ഈ ദുരന്തത്തില്‍ ഏറ്റവും കനത്ത പ്രഹരമേറ്റ മേഖല കൃഷി തന്നെയായിരിക്കും. നെല്ലറകളില്‍ കണ്ണീര്‍ക്കടലാണിന്ന്. തെങ്ങ് നിവര്‍ന്നു നില്ക്കാന് പാടുപെടുന്നു. താത്ക്കാലിക വിളകളായ പച്ചക്കറി, വാഴ തുടങ്ങിയവ കൂപ്പുകുത്തി. കുരുമുളക് അടക്കമുള്ള നാണ്യ വിളകള്‍ക്കും തിരിച്ചടിയേറ്റു. റബറിന് വലിയ ക്ഷതമേറ്റില്ലെന്നു വേണമെങ്കില്‍ സമാധാനിക്കാം.
പക്ഷേ, റബര്‍ കര്‍ഷകരെ ആ കൃഷി നേരത്തേ തന്നെ കരയിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. അതിനു മേലേക്കാണ് പുതിയ ആഘാതം വന്നെത്തിയത്. ദുരന്തത്തിന്റെ ഭീകര ദിനങ്ങള്‍ പിന്നിട്ട് ജീവിതത്തിലേയ്ക്കു തിരിച്ചുകയറുന്ന സംസ്ഥാനം ഇനി ഭാവിയേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വവും ദീര്‍ഘ വീക്ഷണത്തോടെയും കൈകാര്യം ചെയ്യേണ്ട മേഖലയായി മാറിയിരിക്കുന്നു കാര്‍ഷിക രംഗം. നഷ്ടക്കണക്കുകളുടേയും കടങ്ങളുടേയും കഥ മാത്രം പറയാന്‍ വിധിക്കപ്പെട്ട കര്‍ഷരാണ് എക്കാലവും നാടിന്റെ നട്ടെല്ല്. എങ്ങനെ കരകയറ്റാനാകും ഈ മേഖലയെ?
ഒന്നിലും ഉറച്ചു നില്‍ക്കാതെ, നേട്ടം തരുന്ന വിളകള്‍ക്കു പിന്നാലെ പോവുന്നവരെന്ന പഴി ഏറെ കേള്‍ക്കുന്നവരാണ് കേരളത്തിലെ കര്‍ഷകര്‍. പലതരം വിളകള്‍ കൃഷി ചെയ്ത്, ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്നിലൂടെ പിടിച്ചു നില്ക്കാന് ശ്രമിക്കുന്ന തമിഴ്നാടിന്റെയും മറ്റും ശൈലിയല്ല പലപ്പോഴും നമ്മള് സ്വീകരിക്കാറുള്ളത്. അതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കള്‍ക്കായി മറുനാടുകളെ ആശ്രയിക്കാന്‍ കേരളം നിര്‍ബന്ധിതമായിട്ടുമുണ്ട്. അതിനിടയിലും പരമ്പരാഗതമായി നെല്‍കൃഷിയില്‍ത്തന്നെ ഉറച്ചു നില്ക്കുന്ന പ്രദേശങ്ങളാണ് കുട്ടനാടും പാലക്കാട് ജില്ലയുടെ ഏതാനും ഭാഗങ്ങളും വയനാടുമൊക്കെ. മൂന്നിടത്തും പ്രകൃതി ഇത്തവണ ഉറഞ്ഞുതുള്ളി. കേരളത്തിന്റെ നെല്ലറ എന്ന പേരു കിട്ടിയ കുട്ടനാട് ആണ് ഏറ്റവും വലിയ പ്രഹരം ഏറ്റുവാങ്ങിയത്. പ്രകൃതിയുടെ ജലസംഭരണിയായ അവിടെനിന്ന് പ്രളയജലത്തെ പേടിച്ച് പതിനായിരങ്ങളാണ് വീടുവിട്ട് പലായനം ചെയ്തത്.
മിക്കവാറും വിജനമായ വെള്ളക്കെട്ടുമാത്രമായി മാറിപ്പോയി അവിടം. മലയോരമേഖലകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന ജലമത്രയും അപ്പര്‍കുട്ടനാട് വഴി കുട്ടനാടന്‍ പാടശേഖരങ്ങളിലേക്കാണു ചെന്നെത്തുന്നത്. ജല സമൃദ്ധികൊണ്ടും പ്രകൃതിസൗന്ദര്യംകൊണ്ടും അനുഗ്രഹീതമായ ഈ നെല്ലറ ഇന്നു മാലിന്യങ്ങളുടെ സംഭരണിയായി മാറുകയാണ്. എങ്ങുമെത്താത്ത കുട്ടനാട് പാക്കേജും ആസൂത്രണമില്ലായ്മയും ദീര്‍ഘ വീക്ഷണമില്ലായ്മയും കശക്കിയെറിഞ്ഞൊരു ഭൂപ്രദേശമാണിന്ന് കുട്ടനാട്.
കേരളത്തെ ഇനി അടിത്തറയില്‍ നിന്നുതന്നെ പുനസൃഷ്ടിക്കുമ്പോള്‍ അടിയന്തരമായി വേണ്ട ഒന്നാണ് കാര്‍ഷിക മേഖലയ്ക്കായുള്ളൊരു പാക്കേജ്. കര്‍ഷകരുടെ കടം നികത്തണം. ഭാവി സുരക്ഷിതമാക്കുകയും വേണം. കേരളത്തിനു തനതായൊരു ഭൂപ്രകൃതിയും കാലാവസ്ഥാ വ്യവസ്ഥയുമുണ്ട്. അതിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ കൃഷികള്‍. അതു മാറ്റി മറിച്ചതു പ്രകൃതിയല്ല. മനുഷ്യനാണ്. അതിന്റെ തുടര്‍ച്ചയാവാം പ്രകൃതി തരുന്ന തിരിച്ചടികള്‍.
പക്ഷേ, അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നതു നിസ്സഹായരും നിഷ്കളങ്കരുമായവരായിരിക്കും. അതാണു നമ്മുടെ കാര്‍ഷിക മേഖലയിലും സംഭവിക്കുന്നത്. പരമ്പരാഗത ശൈലിയില്‍ മുന്നോട്ടുപോകാന്‍ നമുക്കാവില്ല. മാറ്റങ്ങള്‍ക്കനുസരിച്ചു മാറിയേ പറ്റൂ. പക്ഷേ, ആ മാറ്റം നാടിനെ അറിഞ്ഞുതന്നെ വേണമെന്നു മാത്രം. പുത്തന്‍ കൃഷിരീതികള്‍ ഭൂപ്രകൃതിയുടെ പ്രത്യേകതയുമായി സമന്വയിപ്പിക്കുന്ന യാഥാര്‍ഥ്യ ബോധത്തോടെയുള്ള കാര്‍ഷിക പരിഷ്കാരം വേണം. അതിനു നല്ല പഠനം വേണ്ടിവരും.
കര്‍ഷക സമൂഹം കൃഷിയ ഉപേക്ഷിച്ചു പോകുന്നതു നാടിന്റെ നട്ടെല്ലൊടിക്കും. കര്‍ഷകര്‍ കൃഷിയെ സ്നേഹിക്കണമെങ്കില് കൃഷിയില്‍ നിന്നു മെച്ചമുണ്ടാകണം. സംരക്ഷണം വേണം. ആ സംരക്ഷണം കര്‍ഷകനു മാത്രമല്ല, നാടിനു മുഴുവന്‍ വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: