എഴുത്ത് ഉദാത്തമാകുന്നത് ഭാഷ അറിയുന്നതുകൊണ്ടല്ല, ഉള്ളിലെ ആവേഗങ്ങള്‍ വാക്കുകളായി പരിണമിക്കുമ്പോഴാണ്. പുതുജന്മമെടുക്കുന്ന വാക്കുകളിലൂടെ മാത്രമേ ഈ ആവേഗങ്ങളെ പകര്‍ത്താനാവൂ. ഇവിടെയാണ് ബൃന്ദയുടെ ‘രാത്രിയിലെ കടല്‍’ വേറിട്ട വായനാനുഭവമാകുന്നത്.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിപ്പുകളെന്നോ ലേഖനസമാഹാരമെന്നോ അല്ല വിശേഷിപ്പിക്കേണ്ടത്. ആശയപ്രചാരണമോ വിജ്ഞാനവിതരണമോ ലക്ഷ്യമാക്കാത്ത ഇത്തരം ‘ആത്മസഞ്ചാരങ്ങള്‍’ വായനക്കാര്ക്കെന്നല്ല, നമ്മുടെ എഴുത്തുകാര്‍ക്കും അത്ര പരിചിതമല്ല. വാക്കുകളില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന ദാര്‍ശനിക വിതാനങ്ങളിലൂടെ സഞ്ചരിക്കുകയാണ് ബൃന്ദയുടെ വിചാരങ്ങള്‍. ബുദ്ധിപരതയുടെ പൂര്‍ണമായ അഭാവം വായനയെ ഹൃദയതാളമാക്കി മാറ്റുന്നു.
‘പെണ്ണുടല്‍ ശത്രുരാജ്യമല്ല’ എന്ന ആദ്യ അദ്ധ്യായം മാത്രം മതി പദഘടനയുടെ പുതുമയാര്‍ന്ന പാരസ്പര്യവും വ്യതിരിക്തതയും, പതിവ് അനുഭവസീമകള്‍ ലംഘിച്ച് അപാരതയെ സ്പര്‍ശിക്കാന്‍ വെമ്പുന്നൊരു നവഭാവുകത്വവും തിരിച്ചറിയാന്‍. തണലിലകളും തളിരിലകളും, വേനല്‍ക്കാലത്തിന്റെ വിദൂരത, ഉടലിന്റെ പ്രണയപ്പെയ്ത്ത്, രതിയുടെ ധ്യാനോദ്യാനങ്ങള്‍ എന്നൊക്കെ എഴുതുമ്പോള്‍ ബൃന്ദയ്ക്കുള്ളില് ഒരു കവി സദാ ഉണര്‍ന്നിരിക്കുകയാണ്. നീചരതി, പിതൃപിശാചുക്കള്, മലിനക്കണ്ണുകള് എന്നിങ്ങനെയുള്ള വാക്കുകള്‍ കണ്ടെടുക്കുമ്പോള്‍ അതിലൈംഗികതയുടെ അപഥസഞ്ചാരങ്ങളോട് ഈ കവി കലഹിക്കുകയുമാണ്.
രതി തിന്മയോ പാപമോ അല്ലെന്ന് പറയാന്‍ എഴുത്തുകാരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല. ”ഒരാള്‍ തൊടുമ്പോള്‍ മറ്റേയാളുടെ ഉടലില്‍ പൂക്കാലമാണുണ്ടാവുക” എന്നും, ”ഇഷ്ടമല്ലാത്ത ഒരുവന്റെ സ്പര്‍ശനം അവളില്‍ രതിയല്ല, വെറുപ്പാണ് ഉണര്‍ത്തുക” എന്നും പറയുമ്പോള്‍ കറുത്ത ആഗ്രഹങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉടലുകള്‍ തമ്മിലെ സംഘര്‍ഷമല്ല രതിയെന്ന് കവി നിര്‍വചിക്കുന്നു.
പ്രണയത്തെ വിടാതെ പിന്തുടരുന്ന ബൃന്ദയിലെ കവിയെ കവിതയ്ക്കുപുറത്തും കണ്ടുമുട്ടാറുണ്ട്. ‘പ്രണയ മരത്തിന്റെ ഇലകള്‍’ എന്ന അദ്ധ്യായത്തില്‍ ”ഓരോ കാതും ചുംബനങ്ങള്‍ നിറച്ച അധരത്തെ ധ്യാനിക്കുന്നു… പ്രണയത്തിന്റെ ഒരു പൂവിതള്‍ എങ്കിലും ഒളിച്ചുവച്ചിട്ടില്ലാത്ത ഒരാളുമില്ല” എന്ന് വളരെ അടുത്തറിഞ്ഞ അസാധാരണമായൊരു ബന്ധത്തെ മുന്‍നിര്‍ത്തി ഭാവനയിലല്ല, പച്ചയായ ജീവിതത്തിലും പ്രണയത്തിന്റെ പെരുമഴക്കാലമുണ്ടെന്ന് അറിയിക്കുന്നു.
”ഒരു ദിവസം കാലത്ത് ഉണര്‍ന്നുനോക്കുമ്പോള്‍ ഇക്കാണായ പ്രപഞ്ചമെല്ലാം കളവുപോയിരിക്കുന്നു എന്നു വിചാരിക്കുക. അപ്പോള്‍ നമ്മള് എന്തു ചെയ്യും?” (ഒരു കള്ളിയുടെ ആത്മകഥ) എന്നു ചോദിക്കുകയും, ”കോടാനുകോടി വര്‍ഷങ്ങളിലെ മനുഷ്യര്‍, ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍, ജലം, കടല്‍, കത്തിക്കരിഞ്ഞ നക്ഷത്രങ്ങള്‍ അങ്ങനെ എന്തെല്ലാം കൊള്ള ചെയ്തിരിക്കുന്നു ആ കള്ളന്” എന്നു മറുപടി പറയുകയും ചെയ്യുന്നതിലെ ഉള്‍ക്കാഴ്ച കൗതുകകരവും ഗഹനവുമാണ്.
കണ്ടതും കേട്ടതും അറിഞ്ഞതുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കഥയുടെ ഘടനയിലേക്ക് എഴുത്ത് പ്രവേശിക്കുന്നത്, ഓര്‍മകള്‍ നടന്നുപോകുന്ന വഴികള്‍, യാത്രയുടെ ഭൂപടത്തില്‍നിന്ന്, രോഗപുസ്തകത്തില്നിന്ന് എന്നീ അധ്യായങ്ങളില്‍ കാണാം. ബൃന്ദയുടെ എഴുത്ത് ഉയിരെടുക്കുന്നതും ഉടലെടുക്കുന്നതുമായ സംഭവപ്പരപ്പില് എഴുത്തുകാരി ഒറ്റയ്ക്കല്ല. ചില പ്രണയദന്ത സ്മരണകള്‍, ചില (അ)വിശ്വാസങ്ങള്‍ എന്നിവ ഇതിന് തെളിവു നല്കുന്നു.
അനുഭവങ്ങളുടെ ജലോപരിതലത്തില്‍ വെറുതെ പൊന്തിക്കിടക്കാതെ ആഴക്കാഴ്ചകളിലേക്ക് ചെല്ലാന്‍ ബൃന്ദയുടെ എഴുത്തിനാവുമ്പോള് ‘രാത്രിയിലെ കടലും’ ചക്രവാളത്തെ തൊടുന്നതറിയുന്നു. കവിതയിലും കഥയിലുമെന്നപോലെ പ്രണയത്തിന്റെ പതിഞ്ഞ കാല്പ്പെരുമാറ്റങ്ങള് ഈ പുസ്തകത്തിന്റെ താളുകളേയും തരളിതമാക്കുന്നുണ്ട്. അവതാരികയില്‍ ഡി. ബാബു പോളും, പഠനക്കുറിപ്പില്‍ ശിഹാബുദ്ദീന് പൊയ്ത്തുംകടവും ഇത് സാക്ഷ്യപ്പെടുത്തുന്നു.
ജീവിതം പ്രണയബലിയാക്കിയ ഇടപ്പള്ളി രാഘവന്‍പിള്ളയെ വിചാരിക്കുമ്പോഴും (ശ്മശാനത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍), കവിതതന്നെയായ ജീവിതത്തില്‍നിന്ന് പുഴപോലെ അകലേക്കൊഴുകിപ്പോയ ഡി. വിനയചന്ദ്രനെ അറിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോഴും (ആരോടും പറയാതെ ഒഴുകിപ്പോയ ഒരു നദി), ഗതകാലങ്ങളില്‍ ജലഭരിതമായിരുന്ന പുനലൂരിന്റെ ചരിത്ര-വര്‍ത്തമാനങ്ങളിലൂടെ വ്യഥിതമായി സഞ്ചരിക്കുമ്പോഴും (മനുഷ്യന് പുഴയാകാന്‍ കഴിയുമോ?) എഴുത്ത് അഴിമുഖങ്ങളിലെത്തുന്നു. അവിടെ നില്ക്കുമ്പോള് കവിക്കുള്ളിലെ കടലിരമ്പുന്നത് വായനക്കാര്‍ക്ക് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: