മലയാളത്തിന്റെ ഗസല്‍ നാദം എന്ന് വിഖ്യാത ചലച്ചിത്രകാരന് ജോണ്‍ എബ്രഹാം വിശേഷിപ്പിച്ച ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരനായ ഗായകന് ഉമ്പായിയെ 1980കളുടെ അന്ത്യപാദത്തില്‍ മാതൃഭൂമി പത്രത്തില്‍ ആരോ എഴുതിയ ഒരു ഫീച്ചറിലൂടെയാണ് ആദ്യം ഞാനറിയുന്നത്. മലയാളിയായ ഒരു ഗസല്‍ ഗായകനുണ്ടെന്നും അദ്ദേഹം സ്വജീവിതം ഗസലിനുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്നുമുള്ള അറിവ് ഒരു ഹിന്ദുസ്ഥാനി സംഗീതഭ്രാന്തനായ എന്നില്‍ വലിയ താല്പര്യമുളവാക്കി.
ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ സഹോദരന് 1995-ല്‍ ഗസല്‍ എന്ന ടി.വി. സീരിയലിന് പാട്ടെഴുതുന്നതിന് ഒരു ആലോചനാ യോഗത്തിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ഉമ്പായിയെ കണ്ടത്. അല്‍പ്പനേരം കൊണ്ട് യോഗം തീര്‍ന്നതിനാല്‍ തമ്മില്‍ പരിചയപ്പെടാനോ ഇടപഴകാനോ കഴിഞ്ഞില്ല. ആ പദ്ധതി അന്നു നടക്കാതെ പോകുകയും ചെയ്തു.
പിന്നീട് 1998-ലാണെന്നു തോന്നുന്നു, ഞാന്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഓഫീസില്‍ ഒരു വൈകുന്നേരം ഉമ്പായി കയറിവന്ന് എന്നെ പരിചയപ്പെടുകയും മലയാളത്തില്‍ ഗസലുകള്‍ എഴുതണമെന്ന് താല്പര്യപ്പെടുകയും ചെയ്തത്. താന്‍ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഒരു ദിശാവ്യതിയാനം മലയാളം ഗസല്‍ ആല്‍ബം പുറത്തിറക്കുന്നതിലൂടെ കൈവരുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഉമ്പായി വികാരവൈവശ്യത്തോടെ പറഞ്ഞപ്പോള്‍ അതെന്നെ അലട്ടി.
അടുത്ത ഞായറാഴ്ച രാവിലെ തന്നെ ഞാന്‍ ഉമ്പായി പറഞ്ഞ പ്രകാരം ഫോര്‍ട്ടുകൊച്ചി ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ ഗായകന് ഹാര്‍മ്മോണിയവുമായി ഹാജരുണ്ടായിരുന്നു.
തന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളും മധുരാനുഭവങ്ങളും ഉമ്പായി സംസാരത്തിനിടയില്‍ വിസ്തരിച്ചു. ജോണ്‍ ഏബ്രഹാമുമായി ഉമ്പായിക്കുണ്ടായിരുന്ന ആത്മബന്ധം എന്നില്‍ സവിശേഷ താല്‍പ്പര്യമുണര്‍ത്തി. ‘അമ്മ അറിയാനി’ല്‍ ഉമ്പായി പാടുകയും ഒരു ഗായകവേഷം അഭിനയിക്കുകയുമുണ്ടായിട്ടുണ്ട്.
പലപ്പോഴും ആ ഗസ്റ്റ്ഹൗസിലെത്തി ഉമ്പായിയോടൊപ്പമിരുന്ന് പന്ത്രണ്ട് ഗസലുകള്‍ എഴുതിയിയതില്‍ ഒമ്പതെണ്ണം തിരഞ്ഞെടുത്ത് ‘പ്രണാമം’ എന്ന പേരില്‍ വില്സന് ഓഡിയോസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബമായിരുന്നു അത്. ആ സംരംഭം വന്‍ വിജയമായി. ലോകത്തെവിടെയുമുള്ള മലയാളികള്‍ മലയാളം ഗസല്‍ പാടുന്ന ഉമ്പായിയെ ഏറ്റെടുത്തു. അന്ന് ഉമ്പായിയുമായി എനിക്കുണ്ടായ ആത്മബന്ധം ശ്രുതിമുറിയാതെ അവസാനം വരെ തുടര്‍ന്നു. ‘എത്ര സുധാമയമായിരുന്നാഗാനം’ എന്ന ഗസലിലാണ് ഉമ്പായിയുടെ മുദ്ര പതിഞ്ഞത്. ആ ഗസലിനെ ഞാന്‍ നെഞ്ചോടമര്‍ത്തുന്നു.
‘പ്രണാമം’ പുറത്തിറങ്ങിയതിലൂടെ ബാല്യം തൊട്ടുള്ള ഒരു സംഗീത സപര്യ പ്രകാശിതമാകുകയായിരുന്നു. കഷ്ടകാണ്ഡങ്ങളിലൂടെ കടന്നുവന്ന ഒരു മനുഷ്യനാണ് ഉമ്പായി. സംഗീതത്തിനുവേണ്ടിയുള്ള യുദ്ധം വീട്ടില്‍ നിന്നേ ആരംഭിക്കേണ്ടിവന്നു. ദാരിദ്ര്യം, തൊഴിലില്ലായ്മ, രോഗം, മദ്യപാനം എന്നുവേണ്ട ദുരിതഭരിതമായിരുന്നു ആ മനുഷ്യന്റെ പൊയ്പ്പോയകാലം. ജീവിക്കാന്‍വേണ്ടി കള്ളക്കടത്തുകാരനും ഡ്രൈവറുമൊക്കെയായിപ്പോലും പണിയെടുത്ത കഥകള്‍ ഉമ്പായി പറയുന്നതു കേള്‍ക്കാന്‍ രസമാണ്. ഒടുവില്‍ ഉള്ളില്‍ കെടാതെ കിടന്ന സംഗീതത്തോടുള്ള അര്പ്പിതാരാധന ആ ഗായകനെ ഏതു സാധാരണ മലയാളിയുടേയും ഗാനാര്ത്തമായ ഹൃദയത്തിലേക്കെത്തിച്ചു. എണ്‍പതുകളില്‍ ഗസല്ക്കച്ചേരി ആരംഭിച്ചപ്പോള്‍ ഉമ്പായിയെ മലയാളി അന്ധാളിച്ചു നോക്കിയെങ്കില്‍ ‘പ്രണാമ’ത്തിന്റെ ആവിര്‍ഭാവത്തോടെ ആള് സര്‍വ്വസമ്മതനായി മാറി.
മലയാള സംസ്കാരത്തിന്റെ ഹൃദയസ്ഥാനത്ത് ഹിന്ദുസ്ഥാനി സംഗീതത്തെ ലളിതമായെങ്കിലും പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ചവരുടെ നിരയില്‍ (ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍) പ്രമാണപ്പെട്ട ഒരു സ്ഥാനം നാം ഉമ്പായിക്കു നല്കിയേതീരൂ.
വേണു വി. ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: