തോല്‍ക്കുക, തോറ്റു തൊപ്പിയിടുക. വിജയത്തിന് മാറ്റുകൂട്ടാന്‍ കിരീടമാണെങ്കില്‍ തോല്‍വിക്ക് ആഘാതം കൂട്ടാന്‍ ‘തൊപ്പിയിടല്‍’ എങ്ങനെ അടയാളമായെന്നത് കണ്ടുപിടിക്കുകതന്നെവേണം. എന്തായാലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ‘കിരീടം സ്വപ്നം കാണുന്ന യുവരാജന് ഉറക്കമേ പോയി; മമതാ ബാനര്‍ജിക്ക് തോല്‍വിയുടെ തൊപ്പിയും കിട്ടി.
ബിജെപി നിര്‍ദ്ദേശിച്ച, ജനതാദള്‍ യുവിന്റെ അംഗം ഹരിവംശ് നാരായണ്‍ സിങ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് സംയുക്ത പ്രതിപക്ഷം നിര്‍ത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിനെ തോല്‍പ്പിച്ചു. 244 പേരില്‍ ഹരിവംശിന് 125 പേരുടെ വോട്ട് നേടി. കോണ്‍ഗ്രസിന്റെ ഹരിപ്രസാദിന് 105 വോട്ടും.
ലളിതമായ കണക്കുകള്‍ പ്രകാരം ഭരണമുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടാമായിരുന്നത് 116 വോട്ടാണ്. വിജയിക്കാന്‍ വേണ്ട 123 വോട്ടുകള്‍ക്ക് ഏഴുപേരുടെ പിന്തുണക്കുറവ്. ഈ സാഹചര്യത്തിലാണ് ബിജെപിയെയും നരേന്ദ്ര മോദിയേയും തോല്‍പ്പിക്കാന്‍ കച്ചകെട്ടി രണ്ടുപേര്‍ ഇറങ്ങിയത്, രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും.
രാഹുല്‍ ഗാന്ധിയുടെ കാര്യം മനസിലാക്കാം. പ്രതിപക്ഷ മുഖ്യപാര്ട്ടയുടെ അധ്യക്ഷനാണ്. ഭരണത്തണലില്‍ ജനിച്ചു വളര്‍ന്നയാളാണ്. കരയില്‍ പിടിച്ചിട്ട മീന്പോലെയാണിപ്പോള് അവസ്ഥ. ജീവന്മരണരാഷ്ട്രീയ പോരാട്ടത്തിലാണ്. അപ്പോള്‍ എന്തുകളിയും കളിക്കും. കാരണം രാഷ്ട്രീയത്തില്‍ കളിമാറാത്ത കുട്ടിയാണ്. പക്ഷേ, മമത അങ്ങനെയാണോ? പിന്നെ എന്തുപറ്റിയതാവും?
പ്രധാനമന്ത്രിയാകാനൊന്നും മോഹമുണ്ടാകാനിടയില്ല. പറയാന്‍ കഴിയില്ല, അതെന്തായാലും ഒന്നുറപ്പാണ്: ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം പോകാതെ നോക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. പക്ഷേ…അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷം ഒന്ന് ശക്തമായി വരുന്നു, അല്ല, പ്രതിപക്ഷമുണ്ട് എന്ന് തോന്നിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ മൂന്ന് ചുവടുകൊണ്ട് ആ തോന്നല്‍ അവസാനിപ്പിച്ചുകളഞ്ഞു രാഹുലും സില്‍ബന്ധികളും.
ഒന്ന്: റഫാല്‍ എന്ന പ്രതിരോധ ഇടപാടിന്റെ പേരില്‍ പുകമറകള്‍ സൃഷ്ടിച്ച് അഴിമതി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കാന്‍ എടുത്ത തീരുമാനം.
രണ്ട്: പ്രധാനമന്ത്രി ആരുവേണമെങ്കിലുമായിക്കോളൂ, ഞാന്‍ മാറനില്ക്കാമെന്ന രാഹുലിന്റെ പ്രഖ്യാപനം. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസാന ആശയം, അനുഭാവികളുടെ അന്തിമ പ്രതീക്ഷയും കളഞ്ഞില്ലേ.
മൂന്ന്: രാജ്യസഭയില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത്. തോല്‍വി മാത്രമല്ലല്ലോ സംഭവിച്ചത്.
– എന്‍ഡിഎയില്‍ ഇലാത്ത ജനതാദള്‍ യുവിനെ എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിപ്പിച്ചു.
– ജനതാദള്‍ യു വിന് ഉപാധ്യക്ഷ സ്ഥാനം കൊടുപ്പിച്ച് ബിജെപി-നിതീഷ് കുമാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിക്കൊടുത്തു.
– മോദിയെ തോല്‍പ്പിക്കാന്‍ ആദ്യം പ്രസ്താവനയിറക്കിയ തെലങ്കാനയിലെ ടിആര്‍എസിനെ ബിജെപിയോടടുപ്പിച്ചു.
– ആന്ധ്രയില്‍ വൈആര്‍എസ് കോണ്‍ഗ്രസിനെ ബിജെപിയുടെ രഹസ്യ ചങ്ങാതിയാക്കിക്കൊടുത്തു.
– മമതാ ബാനര്‍ജിയുടെ കച്ചോടം പൂട്ടിച്ചു. ബംഗാളില്‍നിന്ന് തെലങ്കാനയില്‍ പറന്നെത്തി മോദി വിരുദ്ധ മുന്നണിക്കാര്യം ചര്‍ച്ച ചെയ്തത് വെറുതേയായി.
അങ്ങനെ, കിരീടം പോകുമെന്ന് ഉറപ്പായപ്പോള്‍ യുവരാജന്, പഴയ കോണ്‍ഗ്രസുകാരി മമതയുടെ തലയില്‍ തോറ്റവര്‍ക്കുള്ള തൊപ്പിയും രാഹുല്‍ വെച്ചുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: