ന്യൂദല്‍ഹി: യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍ കോഴ വിവാദത്തില്‍. പട്ടേലിനെതിരെ 25 ലക്ഷത്തിന്റെ കോഴ ആരോപണത്തിന് തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം ദല്‍ഹി കോടതിയെ അറിയിച്ചു.
പണംതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത രഞ്ജിത് മാലിക് എന്നയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ടി വാദിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. മാലിക്കിന് വേണ്ടി രാകേഷ് ചന്ദ്ര എന്നയാളാണ് പണം നല്‍കിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പട്ടേലിനെതിരെയുള്ള പല തെളിവുകളും കിട്ടിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.
രാജ്യസഭാ എം പി കുടിയായ അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ ചെന്ന് താന്‍ പണം കൊടുത്തിട്ടുണ്ടെന്നാണ് രാകേഷ് ചന്ദ്ര എന്‍ഫോഴ്സ്മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. 23, മദര്‍ തെരേസ ക്രസന്റ് റോഡ് എന്ന വിലാസത്തിലാണ് രാകേഷ് ചന്ദ്ര പണമെത്തിച്ചത്. ഈ വിലാസം അഹമ്മദ് പട്ടേലിന്റെ ഔദ്യോഗിക വസതിയുടേതാണ്.
പട്ടേലിനെതിരെ തങ്ങളുടെ കൈയില്‍ ഫോണ്‍ രേഖകളും ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിങ് ബയോട്ടെക്ക് എന്ന ഗുജറാത്ത് കമ്പനി 5000 കോടിയുടെ വായ്‌പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് രഞ്ജിത് മാലിക് അറസ്റ്റിലായത്.
















