കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടി.സി. മാത്യുവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഓംബുഡ്‌സ്മാന്റെ ഉത്തരവും ഇതിന്മേലുള്ള തുടര്‍ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഓംബുഡ്‌സ്മാന്റെ ഉത്തരവ് ചോദ്യം ചെയ്തു ടി.സി. മാത്യു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഓംബുഡ്‌സ്മാന്റെ ഉത്തരവിനെത്തുടര്‍ന്ന് ഉപസമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2.17 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ തുക ടി.സി. മാത്യുവില്‍ നിന്ന് ഈടാക്കാനും വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് നല്‍കാനുമാണ് ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിരുന്നത്. ഇവയുള്‍പ്പെടെയുള്ള നടപടികളാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ ടി.സി മാത്യുവിനെ ഇടുക്കി ജില്ലാ അസോസിയേഷനിലും മറ്റ് യൂണിറ്റുകളിലും പ്രവേശിക്കുന്നത് വിലക്കണമെന്ന ആവശ്യവും ഓംബുഡ്‌സ്മാന്‍ അനുവദിച്ചിരുന്നു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കെസിഎ ഓംബുഡ്‌സ്മാനെ നിയമിച്ചതു തന്നെ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2017 സെപ്തംബര്‍ ഏഴിന് ടി.സി. മാത്യു നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലുണ്ട്. ഇതു കൂടാതെയാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. കെസിഎയുടെ സെക്രട്ടറി തന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് ഓംബുഡ്‌സ്മാനെ നിയമിച്ചതെന്ന് ടി.സി. മാത്യു ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
















