പുരുഷന്റെ ശരീരഘടനയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സ്ത്രീയുടെ ശരീരം. ജൈവശാസ്ത്രപരമായ പല അവസ്ഥകളിലൂടെയാണ് അവള് കടന്നുപോകുന്നത്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നീ ഘട്ടങ്ങള്‍ അതില്‍ പ്രധാനമാണ്. ആരോഗ്യമുള്ള സ്ത്രീകളിലൂടെയാണ് ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും വളര്‍ച്ചയും വിഭാവനം ചെയ്യപ്പെടുന്നത്. പോഷകഗുണമുള്ള ആഹാരം അതതുകാലത്ത് സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ടത് അതിനാല്‍തന്നെ ആവശ്യവുമാണ്. അത്തരത്തിലുള്ള ഭക്ഷണശൈലിയാണ് അവര്‍ സ്വീകരിക്കേണ്ടത്. നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങളും പച്ചക്കറികളും ധാരാളമാണ് സ്ത്രീയുടെ ആരോഗ്യസംരക്ഷണത്തിന്
തവിടുള്ള അരി
മേന്മയുള്ള അരി കഴുകിയുണക്കി പൊടിക്കണം. തവിടുള്ള അരിയില്‍ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഉള്ളതിനാല്‍ ഹൃദയാരോഗ്യവും പ്രതിരോധശേഷിയും ലഭിക്കുന്നു. ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.
ചെറുപയര്‍
പയര്‍വര്‍ഗങ്ങളില്‍ ചെറുപയറാണ് കൂടുതല്‍ ഉത്തമം. ക്ഷീണിതര്ക്കും രോഗാവസ്ഥയിലും നല്ലതാണിത്. തോരന്‍, സൂപ്പ്, സലാഡ്, തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്- ഇങ്ങനെ വിവിധ രൂപത്തില്‍ ചെറുപയര്‍ ഉപയോഗിക്കാം. ബലവും ചര്‍മ കാന്തിയും പ്രദാനം ചെയ്യും. മാംസ്യം സമൃദ്ധമായി ലഭിക്കുന്ന വന്‍പയര്‍, പരിപ്പ്, മുതിര, നിലക്കടല ഇവയും ഇടകലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മത്സ്യങ്ങള്‍
കേരളത്തില്‍ വിലക്കുറവുള്ളതും പ്രോട്ടീന്‍ സമ്പുഷ്ടവുമായ അനേകം ചെറുമത്സ്യങ്ങള്‍ കാലത്തിനനുസരിച്ച് ലഭിക്കുന്നു. മത്തി, കൊഴുവ, വേളൂരി മുതലായവയില്‍ പ്രോട്ടീന്‍, കാത്സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമുണ്ട്. മുഖക്കുരു, ആര്‍ത്തവത്തകരാറ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകളില്‍ മത്സ്യങ്ങള്‍ വറുത്ത് ഉപയോഗിക്കരുത് എന്നുമാത്രം.
പച്ചക്കറികളും ഇലകളും
ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ആഹാരസാധനമാണ് പച്ചക്കറികള്‍. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന രക്തക്കുറവിന് പരിഹാരമാണ്. കൊഴുപ്പും മധുരവും ഇല്ലാത്തതിനാല്‍ ഇത് പ്രായമുള്ളവര്‍ക്കും ഹിതമാണ്. മുടി, നഖം, ചര്‍മം എന്നിവയ്ക്ക് സംരക്ഷണമേകുന്നു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ചീര, മുരിങ്ങയില, മത്തന്‍, താള് എന്നീ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, അച്ചിങ്ങ, പടവലം, മുരിങ്ങക്ക, കയ്പക്ക തുടങ്ങിയ പച്ചക്കറികളുടെ നീണ്ട ശ്രേണിയില്‍ നിന്ന് രുചിഭേദങ്ങള്‍ തിരഞ്ഞെടുക്കാം. ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരത്തില്‍ പലതരത്തിലുള്ള പോഷകഗുണങ്ങള്‍ ഇതിലൂടെ ലഭിക്കും.
പഴങ്ങള്‍
നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നീ ഔഷധഗുണമുള്ള ഫലങ്ങള്‍ രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും മാറിമാറി കഴിക്കാം. വിറ്റാമിനുകളാല്‍ സമ്പന്നാണ് പഴങ്ങള്‍. 30 വയസ്സ് കഴിഞ്ഞാല്‍ കാല്‍സ്യത്തിന്റെ കുറവ് അനുഭവപ്പെടുമെന്നതിനാല്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം.
വ്യായാമം
ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കുന്നതിന് പുറമെ നല്ല രീതിയിലുള്ള വ്യായാമവും ആവശ്യമാണ്. നിത്യവും ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും അതിനായി മാറ്റിവയ്ക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: