സമൂഹത്തിലെ ദുര്‍ബലരെയും അവശരെയും കൈപിടിച്ച് നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നത് കൊടുംക്രൂരതയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചേരേണ്ട സഹായം തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിനോട് മാത്രമല്ല, അത്തരക്കാര്‍ മനുഷ്യസമൂഹത്തോട് തന്നെയാണ് കൊടിയവഞ്ചന കാട്ടുന്നത്. ഏറെക്കാലമായി അത് നിര്‍ബ്ബാധം തുടരുകയാണ്.
സംസ്ഥാനത്ത് പൊതു സാമൂഹിക സുരക്ഷാപെന്ഷന് വാങ്ങുന്നവര്‍ ഏതാണ്ട് അരക്കോടിക്കടുത്ത് വരും. അതില്‍ അരക്ഷത്തോളം പേരുടെ പെന്ഷന് അര്‍ഹതപ്പെട്ട കൈകളിലല്ല എത്തിച്ചേരുന്നത്. ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. പെന്ഷന് അര്‍ഹരായവര്‍ മരണമടഞ്ഞാലും ഔദ്യോഗിക കേന്ദ്രങ്ങളില്‍ അറിയിക്കാതെ അത് അടിച്ചുമാറ്റുകയാണ്. വാസ്തവത്തില്‍ അതിനെക്കുറിച്ച് പരിശോധിക്കാനും വിലയിരുത്താനും യുക്തിസഹമായ ഒരു സംവിധാനം ഇല്ലാത്തതാണ് പ്രശ്നം.
എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് നിഷേധിക്കുന്ന രീതിയുമുണ്ട്. ജീവിച്ചിരിക്കുന്നവര്‍ മരണമടഞ്ഞതായി രേഖയുണ്ടാക്കി പെന്ഷന് തടയുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മരണമടഞ്ഞവരുടെ പേരില്‍ പെന്ഷന് വാങ്ങുന്നതുപോലെയുള്ള മറ്റൊരു രീതിയാണ് സാമ്പത്തിക ചുറ്റുപാടും ഉയര്‍ന്ന ജീവിത സൗകര്യവുമുള്ളവര്‍ പെന്ഷന് തരപ്പെടുത്തുന്നത്. ഇരുവിഭാഗത്തിലും കൂടി അരലക്ഷം പേരാണ് സര്‍ക്കാരിനെ കബളിപ്പിച്ചുകൊണ്ട് സാമൂഹികസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ തികഞ്ഞ കൊള്ളയടിയാണ്. പലതരത്തില്‍ സ്വാധീനകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത്തരക്കാര്‍ അനര്‍ഹമായി പെന്ഷന് സംഘടിപ്പിക്കുന്നത്.
നേരത്തെ ഇത്തരത്തില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് തരപ്പെടുത്തിയതിനെതിരെ നീക്കമുണ്ടായപ്പോള്‍ കുറേയേറെപേര്‍ അത് മാറ്റുകയുണ്ടായി. എന്നാല്‍ ഇപ്പോഴും അത് പൂര്‍ണമായി എന്നു പറയാനാവില്ല. ബെന്‍സും ബിഎംഡബ്ല്യുയുവും ഉള്‍പ്പെടെയുള്ള കാറുള്ളവരാണ് ഇങ്ങനെ അര്‍ഹതയില്ലാത്ത പണം കൈപ്പറ്റുന്നതെന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. അറിവില്ലാത്തതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. സാമൂഹിക സുരക്ഷാപെന്ഷന് ഡേറ്റാബേസും തദ്ദേശ സ്ഥാപനങ്ങളിലെ മരണ രജിസ്റ്ററും തമ്മില്‍ അടുത്തിടെ താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പെട്ടത്. സര്‍ക്കാരിന് അനാവശ്യമായ ബാധ്യതയാണ് ഇതുമൂലമുണ്ടാവുന്നത്.
അര്‍ഹരായവര്‍ക്ക് അങ്ങേയറ്റത്തെ കൈത്താങ്ങ് നല്കുമ്പോള് തന്നെ ഇത്തരം കള്ളനീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തമായ ശിക്ഷ കൊടുക്കുകയും വേണം. ഈ കൊള്ളയടിമൂലം എത്രയോ അവശരും ആലംബഹീനരും ദുരിതം അനുഭവിക്കുന്നുണ്ട്. സാമൂഹികസുരക്ഷ അതിന്റെ യഥാര്‍ത്ഥ വഴിയിലൂടെ പോകണമെങ്കില്‍ കള്ളനാണയങ്ങളോട് ‘കടക്ക് പുറത്ത്’ എന്നു പറയേണ്ടിവരും. രാഷ്ട്രീയവും മറ്റുമായ താല്‍പ്പര്യങ്ങളുടെ വെളിച്ചത്തിലാണ് അനര്‍ഹര്‍ ഇത്തരം സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഉമ്മറത്തു കയറി ഇരിക്കുന്നത്. അത് അവസാനിപ്പിക്കണം.
നീതിയുക്തവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ ഇത്തരം സുരക്ഷാപെന്ഷനുകളുടെ യോഗ്യത കൃത്യമാക്കണം. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള കൂട്ടക്കൊള്ളയടി അങ്ങനെയേ തടയാന്‍ കഴിയൂ. സാമൂഹിക ഉത്തരവാദിത്തം അതുവഴി സര്‍ക്കാര്‍ ദൃഢപ്പെടുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: