ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ മുഖ്യജോലി. എന്നാല്‍ കാവല്ക്കാര് തന്നെ കൊള്ളക്കാരും കൊലയാളികളുമാകുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നസംഭവം. പതിമൂന്നുവര്ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലുണ്ടായ ഉരുട്ടിക്കൊലയ്ക്ക് ഉത്തരവാദികളായ രണ്ടു പോലീസുകാരെ തൂക്കിലേറ്റാന്‍ സിബിഐ കോടതിയാണ് വിധിച്ചത്. രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവുശിക്ഷയും വിധിച്ചിരിക്കുന്നു. സര്‍വ്വീസിലിരിക്കെ പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്ന ആദ്യസംഭവമാണിത്.
വൈകിയാണെങ്കിലും കേരളം കാതോര്‍ത്ത ശിക്ഷാവിധി അര്‍ഹിക്കുന്നതുതന്നെ. പോലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ അന്വേഷണം സംസ്ഥാന പോലീസ് നടത്തിയാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലെന്നതിന് ഉദാഹണങ്ങള് എത്ര വേണമെങ്കിലുമുണ്ട്. അതിലൊന്നായി ഇതും മാറുമായിരുന്നു. എന്നാല്‍ ഉദയകുമാറിന്റെ വൃദ്ധമാതാവ് പ്രഭാവതിയമ്മയുടെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയും ദൃഢനിശ്ചയത്തോടെയുള്ള നിയമപോരാട്ടവുമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്.
ആദ്യം കേസന്വേഷിച്ച കേരളാ പോലീസ് തെളിവ് ശേഖരിക്കുന്നതിനെക്കാള്‍ അവ നശിപ്പിക്കുന്നതിനാണ് ഔത്സുഖ്യം കാണിച്ചത്. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളേറ്റെടുത്തെങ്കിലും ഇഴഞ്ഞുനീങ്ങി. സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം വന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവം എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയെങ്കിലും ഭരണം മാറിയിട്ടും പ്രതികള്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല എന്നതാണ് ആശ്ചര്യം ഉളവാക്കിയത്. പോലീസ് അതിക്രമങ്ങളോട് ഭരണം ഏതായാലും കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലെ അമാന്തത്തിന് വ്യത്യാസമൊന്നുമില്ലെന്ന് വ്യക്തം.
നിയമം സംരക്ഷിക്കേണ്ട പോലീസുകാര്‍ അതു ലംഘിച്ചിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും മരണപ്പെട്ട ഉദയകുമാറിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ കൊലപാതകം നടത്തിയതിന് നേരിട്ട് തെളിവുകള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുള്ള പല കാര്യങ്ങളും തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു.
അടിയന്തരാവസ്ഥ സമയങ്ങളില്‍ മാത്രം കേട്ടിരുന്ന ഉരുട്ടല്‍ പോലുള്ള മൃഗീയ മര്‍ദ്ദനമുറകള്‍ നിര്‍ത്തലാക്കേണ്ട സമയമായെന്നും സാധാരണ നടക്കുന്ന ഒരു കൊലപാതകമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും നിരീക്ഷിച്ച കോടതിയാണ് ഇന്നലെ ചരിത്രപ്രാധാന്യമേറിയ വിധി പ്രസ്താവം നടത്തിയത്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷത്തിനകം അഞ്ചുപേരെങ്കിലും കസ്റ്റഡിയില്‍ മരണപ്പെട്ടു. മൂന്നാംമുറ എന്ന പ്രാകൃത നടപടി തുടരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സ്റ്റേഷനില്‍ തല്ലാനും കൊല്ലാനും പോലീസിന് ഒരധികാരവുമില്ല. ഇത് പറയാനും പഠിപ്പിക്കാനും പോലീസ് മേധാവികളും ഭരണക്കാരും മടിയൊന്നും കാണിക്കാറില്ല. എന്നിട്ടും അത് ആവര്‍ത്തിക്കുമ്പോള്‍ ഒന്നുവ്യക്തമാണ്. പോലീസുകാരുടെ പരിശീലന രീതിക്ക് കാര്യമായ കുഴപ്പമുണ്ട്.
സാധാരണ പോലീസുകാര്‍ക്ക് മാത്രമല്ല, ഐപിഎസുകാരുടെ മനോഭാവവും അപകടകരമായ സംഭവമുണ്ട്. അതാണ് പാലക്കാട് ഷീലാവധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം വ്യക്തമാക്കുന്നത്. പോലീസുകാരോടൊപ്പം രണ്ട് ഐപിഎസുകാരും മൂന്നാംമുറയില്‍ പങ്കാളികളാണെന്നാണ് ആരോപണം. അവരിന്ന് സര്‍വ്വീസില്‍ ഉന്നതസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു സംഭവം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി. വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന പോലീസുകാരെ പ്രതിപ്പട്ടികയില്പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ കേസിന്റെ ഗതി എന്താകുമെന്നും വിധി എപ്പോള്‍ വരുമെന്നും പറയാനാവില്ല. ഏതായാലും കേരളാ പോലീസില്‍ ഒരുപാട് പുഴുക്കുത്തുകളുണ്ട്. അവ മാറ്റിയെടുക്കാനും അക്ഷരാര്‍ത്ഥത്തില്‍ ‘ജനമൈത്രി’യുടെ പോലീസിനെ സൃഷ്ടിക്കാനും കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: