കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിനും ബിസിനസ് സൗഹൃദാന്തരീക്ഷം വളര്‍ത്തുന്നതിനും മുഖ്യപരിഗണന നല്കിയാല് മാത്രമേ കേരളത്തില്‍ വികസനവും സാമ്പത്തിക വളര്ച്ചയുമുണ്ടാകൂവെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. യംഗ് പ്രസിഡന്റ്സ് ഓര്ഗനൈസേഷന്(വൈപിഒ) ഗ്രേറ്റര്ഇന്ത്യ ചാപ്റ്റര്‍ ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ അടുത്ത തലമുറക്ക് തൊഴിലുണ്ടാകണമെങ്കില്‍ അടിസ്ഥാന സൗകര്യവികസനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കണം. ബിസിനസ് സൗഹൃദാന്തരീക്ഷമുണ്ടാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ലുലു കണ്വെന്ഷന് സെന്റര്‍ പോലുള്ള പദ്ധതി നടപ്പാക്കുന്നതിന് 45 വ്യത്യസ്ത തരം അനുമതികള്‍ നേടിയെടുക്കേണ്ടതായി വന്നു. ഇതുവരെയും ഇത്തരം അനുമതികള്‍ക്കുള്ള നടപടിക്രമങ്ങള്‍ ഏകീകരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന തടസങ്ങള്‍ ഇതിന് പുറമേയാണ്. ഇതിന് കാരണമാകുന്ന നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകളുടെ നയപരിപാടികള്‍ മാറുന്നത് വലിയ പ്രശ്നമാണ്, അദ്ദേഹം പറഞ്ഞു.
അധികാരം സഹപ്രവര്‍ത്തകര്‍ക്ക് വിഭജിച്ചു നല്‍കിക്കൊണ്ട് മാത്രമേ വിജയകരമായി ബിസിനസ് നടത്താന്‍ കഴിയൂവെന്ന് യൂസഫലി പറഞ്ഞു. അധികാരം മുഴുവന്‍ ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ബിസിനസ് മരിക്കും. ഒറ്റക്ക് തീരുമാനമെടുക്കാതെ കൂട്ടായി ചിന്തിച്ച് കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയാണ് വേണ്ടത്. ലുലു ഗ്രൂപ്പിന്റെ ബിസിനസ് നടത്തിപ്പിനുള്ള അധികാരം ആറംഗ ടീമിനാണ് നല്‍കിയിരിക്കുന്നത്. ഓരോ മേഖലയിലും ബിസിനസ് നോക്കിനടത്തുന്നത് അവരാണ്, അദ്ദേഹം പറഞ്ഞു.
ബിസിനസ് വിപുലീകരിക്കുകയും ആധുനികവല്ക്കരിക്കുകയുംചെയ്യുമ്പോള് മൂല്യങ്ങളേയും പഴയ തലമുറ നല്കിയ മാര്‍ഗനിര്‍ദേശങ്ങളേയും മുറുകെ പിടിച്ചാല്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ഗ്രോസറി ഷോപ്പില്‍ നിന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും 45 വര്‍ഷംകൊണ്ടു ലുലു ഗ്രൂപ്പ് വളര്‍ന്നത് പിതാമഹന്മാര് കൈമാറിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടാണെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. വൈപിഒ ഗ്രേറ്റര്‍ ഇന്ത്യ ചാപ്റ്റര്‍ ഭാരവാഹികളായ പ്രമോദ് രഞ്ജന്‍, സമീര്‍ ടാപ്പിയ എന്നിവരുംസംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: