താര സംഘടനയായ അമ്മ യിലെ പ്രശ്നങ്ങളും അതിനു മുന്‍പ് നടി ആക്രമിക്കപ്പെട്ടതുമായി ഉണ്ടായ വിഷയങ്ങളും പലരീതിയില്‍ സിനിമയേയും ബാധിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാള സിനിമ രണ്ടുമൂന്നുമാസം വരണ്ടുകിടക്കുകയായിരുന്നു. മികവെന്നു പറഞ്ഞിരുന്ന സിനിമകള്‍ പോലും ആളില്ലാതെ തിയറ്ററില്‍ അനാഥമായിരുന്നു. സിനിമാലോകം ശരിക്കും ഭയപ്പെടുകതന്നെ ചെയ്തു. ചില കാണികളാകട്ടെ തിയറ്ററില്‍ സിനിമ കാണില്ലെന്നും ചിലരുടെ സിനിമകള്‍ ബഹിഷ്ക്കരിക്കുമെന്നുവരെ പറയുകയുമുണ്ടായി. അതിന്റെയൊക്കെ ഫലമായിരുന്നു തിയറ്ററില്‍ നീണ്ടുനിന്ന ഇടവേളകള്‍. എന്നാല്‍ വന്‍ വിവാദങ്ങളും ചേരിതിരിവും ഉണ്ടാക്കിയ,ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അമ്മയിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ സിനിമയ്ക്കും പലവിധ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. കാമ്പും കാതലുമില്ലാത്ത പൊട്ടപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതുകൊണ്ട് പ്രേക്ഷകന് യാതൊരുവിധ സങ്കടവുമില്ല. പക്ഷേ കണ്ടിരിക്കാമെന്ന് കാണികള്‍ പറയുന്ന സിനിമകള്‍ നഷ്ടക്കച്ചവടമില്ലാതെ ഓടുമ്പോള്‍ തികച്ചും വ്യത്യസ്തമെന്നു കേട്ട ചിത്രങ്ങള്‍ അമ്പേ പരാജയമടയുന്നത് ആ ചിത്രത്തില്‍ അഭിനയിക്കുന്നവരോടുളള വെറുപ്പുകൊണ്ട് ആണെന്നു വരുന്നത് വലിയ ദുരന്തമാണ്.
പ്രമേയത്തിലും അവതരണത്തിലും വേറിട്ടു നില്‍ക്കുന്നുവെന്ന് സിനിമാ നിരൂപകര്‍തന്നെ പറഞ്ഞ മൈ സ്റ്റോറിയാണ് ഇങ്ങനെ വ്യക്തഗതമായ വെറുപ്പിന്റെ പേരില്‍ കാഴ്ചക്കാര്‍ കുറഞ്ഞതെന്നു പറയപ്പെടുന്ന ചിത്രം. 18 കോടി രൂപ ചെലവിട്ട് പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ വേറിട്ട കാഴ്ചകളോടെ മധ്യവയസ്ക്കരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായക റോഷ്നി ദിനകറാണ്. കോസ്റ്റും ഡിസൈനറായ അവരുടെ ആദ്യ ചിത്രമാണ്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കാണികള്‍ തിരസ്ക്കരിച്ചത് അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നതുകൊമ്ടാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമാണ്. ആരെ ഇഷ്ടപ്പെടണം ഇഷ്ടപ്പെടാതിരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. പക്ഷേ ഇപ്പേരില്‍ സിനിമ കാണാതിരിക്കുന്നുവെന്ന വിമര്‍ശനം ആദ്യമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഈ ചിത്രത്തെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു.
സാമ്പത്തികമായി അമ്പേ പരാജയമാണ് ചിത്രം.കുപ്രചരണം ശരിക്കും ഏറ്റുവെന്ന് സംവിധായിക തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്.എന്നാല്‍ അവരുടെ വിഷമം മറ്റൊന്നാണ്. അത്തരം കുപ്രചരണങ്ങളെ മറികടക്കാന്‍ പൃഥ്വിരാജോ പാര്‍വതിയോ ഒരുവാക്കുപോലും മിണ്ടിയില്ലെന്നാണ് . എന്നാല്‍ അവരുടെ ഏതെഭ്കിലും രീതിയിലുള്ള ഇടപെടലുകൊണ്ട് ഇല്ലാതാകുന്നതല്ല ഇത്തരം വിമര്‍ശനങ്ങളും ലിലപാടുകളും. ചിത്രത്തിലെ നായികാ നായകന്മാര് പ്രൊമോട്ടുചയ്താല് മതിയല്ലോ അവരുടെ സിനിമകള്‍ വിജയിക്കാന്‍!
താര സംഘടനയിലെ പ്രശ്നങ്ങളോ സിനിമാക്കാര് തമ്മിലുള്ള പ്രശ്നങ്ങളോ സിനിമാ കലയേയും(വ്യവസായത്തേയും) മോശമായി ബാധിക്കുന്നത് പ്രശ്നം തന്നെയാണ്. അതിന് ഉത്തരവാദികള്‍ സിനിമാക്കാര് തന്നെയാണ്. സിനിമ തന്നെ കാണുകയോ കാണാതിരിക്കുകയോ കാണികളുടെ തീരുമാനമാണ്. സിനിമ സിനിമാക്കാരുടേതു മാത്രമല്ല കാണികളുടേതുംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: