അവസാനം ഇടതുമുന്നണി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന തികച്ചും രാഷ്ട്രീയപ്രേരിതമായ പ്രചാരണവുമായി സര്‍വകക്ഷി സംഘത്തെ നയിച്ച് പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രിയുടെ മുഖംതന്നെ നഷ്ടമായിരിക്കുകയാണ്. പുതിയ ആവശ്യങ്ങളുന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടും ആയിരക്കണക്കിന് കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഉത്തരംമുട്ടിയ പിണറായി ഇപ്പോള്‍ കേന്ദ്രം നിരാശപ്പെടുത്തി, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണ് എന്നൊക്കെയുള്ള പല്ലവി ആവര്‍ത്തിക്കുകയാണ്.
എല്‍ഡിഎഫും യുഡിഎഫും ഭരിച്ച കാലത്ത് താന്‍ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി തുക അനുവദിച്ച പദ്ധതികളുടെ പട്ടികതന്നെ മോദി മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംഘത്തിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനോ മാധ്യമങ്ങള്‍ക്കോ ഈ വിവരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി മാന്യത പുലര്‍ത്താനും മോദി മറന്നില്ല.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണ്, ദ്രോഹിക്കുകയാണ് എന്നൊക്കെ വസ്തുതകള്‍ക്കുനേരെ കണ്ണടച്ച് നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റേയും ദുഷ്ടലാക്ക് വ്യക്തമാണ്. ജനോപകാരപ്രദമായ കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയാല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും സംസ്ഥാനത്ത് പിന്തുണയേറുമെന്ന് സിപിഎം ഭയക്കുന്നു. ജനങ്ങള്‍ ദുരിതമനുഭവിച്ചാലും ഇതു സംഭവിക്കാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ വാശി. കേന്ദ്രപദ്ധതികള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ സിപിഎം ഭരിക്കുന്ന ചില പഞ്ചായത്തുകളില്‍ ഗ്രാമസഭപോലും വിളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി ചുട്ടമറുപടി നല്‍കിയിരിക്കുന്നത്.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെടാത്തവര്‍ക്കായി പ്രതിവര്‍ഷം 7.23 ലക്ഷം ഭക്ഷ്യധാന്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പട്ടികജാതി വര്‍ഗ്ഗ ഹോസ്റ്റലുകള്‍ക്കുള്ള 8.48 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളം ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നോര്‍ക്കണം. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കും കാപട്യത്തിനും തെളിവാണിത്.
അരി ചോദിച്ചാല്‍ കേന്ദ്രം തരണം, പണി ചോദിച്ചാല്‍ കേന്ദ്രം തരണം, വെള്ളം തരണം, വൈദ്യുതി തരണം, അറിയാത്തതിനാല്‍ ചോദിക്കട്ടെ, നിങ്ങള്‍ക്കെന്താ പണിയിവിടെ എന്ന് ഇ.കെ. നായനാര്‍ നേതൃത്വം നല്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്ഗ്രസ്സുകാര് ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ചോദിക്കുക പോലും ചെയ്യാതെ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.
ചോദിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്ന സര്‍ക്കാരാണിതെന്ന് പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍വരെ സമ്മതിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ സംസ്ഥാനത്തോട് ഉദാരമായി പെരുമാറിയിട്ടും സ്വന്തം കെടുകാര്യസ്ഥതയും രാഷ്ട്രീയ വിരോധവുംകൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ഇത് ഇങ്ങനെ തുടരുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞാവാം പ്രധാനമന്ത്രി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതില്‍നിന്ന് പാഠം പഠിച്ച് ഇനിയെങ്കിലും സങ്കുചിത രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: