ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമുണ്ടെങ്കിലും അതിനനുസരിച്ചുള്ള മുന്നേറ്റം നടത്താന്‍ നമുക്കാവുന്നില്ല എന്നതാണ് കാലവര്ഷദുരന്തങ്ങളും തദനുസൃതമായ സംഭവങ്ങളും തെളിയിക്കുന്നത്. എല്ലാ വര്‍ഷവും നിശ്ചിത സമയത്ത് മഴയും വെയിലും മഞ്ഞും വരുമെന്ന് അറിയാമെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാതെയും പ്രായോഗികമായി ചെയ്യാവുന്നതിനെക്കുറിച്ച് ഉരിയാടാതെയും ഇരിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ സ്വതേയുള്ള നിലപാട്. അതുകൊണ്ട് തന്നെ ദുരന്തങ്ങള്‍ പേമാരിയായി ജനസഹസ്രങ്ങളിലേക്ക് പെയ്തു തീരുന്നു. ഇതിന് അന്നും ഇന്നും ഒരു വ്യത്യാസവും വരുന്നില്ലെന്നതത്രേ ആധുനിക കാലഘട്ടത്തിന്റെയും ദുരന്തം.
മുന്നൊരുക്കത്തെക്കുറിച്ചുള്ള ചിന്ത, ചര്‍ച്ച, നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥത, അതിലെ സൂക്ഷ്മതയും കൃത്യതയും തുടങ്ങിയവയെക്കുറിച്ച് തരിമ്പും ബോധ്യമില്ലാതെയാണ് നടപടികള്‍. ആസൂത്രണത്തിലെ മികവുകൊണ്ടു തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കേരളത്തില്‍ അടുത്തൊന്നുമില്ലാത്ത തരത്തിലാണ് കാലവര്‍ഷം തിമിര്‍ത്തത്. ഇതിനകം 12 പേര് മരണമടഞ്ഞു. ഏഴോളം പേരെ കാണാനുമില്ല. മലവെള്ളപ്പാച്ചിലും കുത്തിയൊഴുക്കും തീരാദുരിതമായി ഒട്ടുവളരെ കുടുംബങ്ങളെ തീ തീറ്റുകയാണ്. ഒന്നിനും പാങ്ങില്ലാത്ത നിസ്സഹായര്‍ വേറെയുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ സര്‍ക്കാര്‍ എന്ന ഔദ്യോഗിക സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് സംശയം. ചിലയിടങ്ങളിലെ ഇത്തിരിവെട്ടം കാണാതിരിക്കുന്നില്ല. അതൊക്കെ സ്വന്തം നിലപാടനുസരിച്ച് ചെയ്യുന്നതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സംസ്ഥാനത്ത് മഴക്കാലപൂര്‍വ്വ ശുചീകരണങ്ങളും മറ്റു സംഗതികളും തുലോം തുച്ഛമാണെന്നതു തന്നെയാണ് ഇത്തരം ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ആസൂത്രണമില്ലായ്മയും നടപ്പാക്കുന്നതിലെ അനവധാനതയും മറ്റൊരു കാരണമാണ്. രാഷ്ട്രീയാതിപ്രസരമുള്ളവയ്ക്കായി നീക്കിവെക്കുന്ന മനുഷ്യപ്രയത്നവും മറ്റ് കാര്യങ്ങളും പ്രകൃതിദുരന്തത്തിന്റെ പേരില്‍ ഉണ്ടാവുന്നില്ല എന്നതത്രേ ഖേദകരം. ദുരന്തം വാപിളര്‍ത്തി വരുമ്പോഴാണ് ഉപായംകൊണ്ട് ഓട്ടയടക്കുന്ന സമീപനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത്. ധനനഷ്ടമല്ലാതെ അത് ഒരു ഗുണവും ചെയ്യില്ല.
ആസൂത്രണത്തിലെ ഭീകരവീഴ്ചയുടെ ദുരന്തമുഖമാണ് കൊച്ചിയിലെ വെള്ളക്കെട്ടും തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരങ്ങളും. തോടുകളും കാനകളും പുഴകളും നിറഞ്ഞ സമൃദ്ധമായ ഒരു ഭൂപ്രദേശത്തെ വെട്ടിനിരത്തി കെട്ടിടങ്ങളാക്കി മാറ്റാനുള്ള വ്യഗ്രതയാണ് ദുരന്തത്തിന് ആഴം കൂട്ടുന്നത്. തോടിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ആയത് നികത്തി റോഡാക്കി തോടിന്റെ പേരു നല്കുകയാണല്ലോ നടപ്പുരീതി. കൊച്ചി കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍ മതി പഴയ തോടുകളും കുളങ്ങളും എവിടെയൊക്കെയുണ്ടായിരുന്നു എന്നറിയാന്‍. കൂറ്റന്‍ മാളുകള്‍ കെട്ടിപ്പൊക്കിയ ശേഷം അവിടേക്കു പോകാന്‍ വെള്ളക്കെട്ടുമൂലം കഴിയുന്നില്ല എന്ന് പ്രചരിപ്പിച്ചിട്ട് വല്ല ഗുണവുമുണ്ടോ?
ആരോഗ്യ കേരളം അനുദിനം അസ്വസ്ഥ കേരളമാകുന്നതിന്റെ പ്രധാന കാരണം അഴുക്കുജലമുള്പ്പെടെയുള്ളവ ഒഴുകിപ്പോകാത്തതാണ്. പകര്‍ച്ചവ്യാധിയും പതിവുരോഗങ്ങളും പിടിപെട്ട് തകരുന്ന ജനങ്ങളും അതിനുത്തരവാദികളാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സ്വന്തം പുരയിടം വൃത്തിയായിക്കിടക്കാന്‍ റോഡും അന്യന്റെ സ്ഥലവും വൃത്തികേടാക്കാം എന്ന പൊതുബോധവും ഇതിനൊക്കെ നടപടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാറും കൂടി ജീവിതം ദുരിതമയമാക്കുകയാണ്. കാലവര്ഷമുള്പ്പെടെയുള്ളവ വിതയ്ക്കുന്ന ദുരന്തത്തെ നേരിടാന്‍ ക്രിയാത്മകവും പ്രായോഗികവുമായ നടപടികള്‍ കൂട്ടായ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയും കര്‍ക്കശമായി നടപ്പാക്കുകയും വേണം. ദുരിതത്തിന്റെ നീരാളിക്കൈകളില്പെട്ട ജീവിതങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ആരാലും കഴിയില്ല എന്നത് ഓര്‍മ്മ വേണം. അത്തരം കുടുംബങ്ങളെ നെഞ്ചോടടക്കിപ്പിടിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുകയും വേണം. ഒരളവുവരെ പ്രകൃതി ദുരന്തത്തെ തടയാനാവും. എന്നാല്‍ മനുഷ്യന് വരുത്തിവെക്കുന്ന ദുരന്തം തടയാനാവില്ല. അത് ഓര്‍മ്മിച്ചാല്‍ നന്ന്; സര്‍ക്കാറും സമൂഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: