മനുഷ്യമനസിലെ ഉള്‍ക്കാടുകളെ പുറത്തെടുത്ത് സ്ക്രീനില്‍ നട്ടതാണ് ഇഗ്മര്‍ ബര്‍ഗ്മാന്റെ സിനിമകള്‍. പ്രത്യക്ഷത്തില്‍ കാണുന്ന മനുഷ്യപ്രകൃതിയില്‍ നിന്നും അവരുടെ അകത്തുള്ള ശരിമനുഷ്യനെ കാട്ടിത്തരികയായിരുന്നു ബര്‍ഗ്മാന്റെ ക്യാമറ. സിനിമയിലെ ഫ്രോയ്ഡായും ഷേക്സ്പിയറായുമൊക്കെ അദ്ദേഹം മാറുന്നുണ്ട്. ജീവിതത്തെ ദാര്‍ശനികതയുടെ പ്രക്ഷുബ്ധ വാസനയില്‍ വ്യാഖ്യനിച്ച ബര്‍ഗ്മാന്റെ നൂറാം ജന്മവാര്ഷിക ദിനമാണ് ജൂലൈ 14.
സ്ത്രീ പുരുഷ ബന്ധങ്ങളുടെ അഴിയാക്കുരുക്കുകളായിരുന്നു മിക്കവാറും ബര്ഗ്മാന് സിനിമകളിലെ പ്രമേയം. അവയെ പുതിയൊരു രീതിയില്‍ പരിചരിക്കുകയായിരുന്നു അവയെ അദ്ദേഹം. എന്നാല്‍ ഒരേയൊരു ചിത്രം മാത്രം മതി ഈ സിനിമാക്കാരനെ ഓര്‍ക്കാന്‍ എന്ന വിശേഷണമുള്ള സെവന്ത് സീല്‍ തിരശീലയില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ജീവന്മരണ മത്സരത്തിന്റെ ഏറ്റവും ചടുലമായ ആവിഷ്ക്കാരമാണ്. വിശ്വാസിയാണെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തോട് സന്ദേഹിയായിത്തീരുന്ന ബ്ളോക്ക് തോറ്റാല്‍ കീഴടങ്ങാമെന്നു വെല്ലുവിളിച്ചുകൊണ്ട് മരണത്തോടൊപ്പം ചതുരംഗംകളിക്കാനിരിക്കുന്നു. അവസാനം ജീവിതത്തിനുമേലുള്ള മരണത്തിന്റെ അനിവാര്യമായ അജയ്യത നടമാടുന്നതാണ് ചിത്രം.
അനുഭവങ്ങളുടെ വികാര സമുദ്രം കഥാപാത്രങ്ങളുടെ മുഖത്ത് അലയടിക്കുന്നത് ബര്ഗ്മാന് ചിത്രങ്ങളില്‍ കാണാം. ക്ളോസപ്പുകളുടെ രാജാവായി അറിയപ്പെടുന്ന ബര്ഗ്മാന് നിശിതമായ സത്യസന്ധതയുടെ ചലച്ചിത്രകാരനായിരുന്നു. ലൈംഗികതയും അവിഹിതങ്ങളും ഒറ്റപ്പെടലും ഏകാന്തതകളും നഷ്ടങ്ങളുമൊക്കെ ഈ സത്യസന്ധതയിലാണ് അദ്ദേഹം ആവിഷ്ക്കരിച്ചത്. തന്നോടും ലോകത്തോടും തന്റെതായൊരു തത്വശാസ്ത്രവും സൗന്ദര്യ നിരീക്ഷണവും ഉണ്ടായിരുന്നു ബര്ഗ്മാന്. ജീവിതത്തെ തന്റേതായ രീതിയില്‍ പുനര്‍ നിര്ണ്ണയിച്ചപ്പോള് അത് യഥാര്‍ഥ ജീവിതത്തെപ്പോലും ചുട്ടുപൊള്ളിക്കുന്നതായി.
മനുഷ്യന് അവനുള്ളില്‍ നട്ടുവളര്‍ത്തിയ മലരണിക്കാടുകള്ക്കപ്പുറമുള്ള സത്യം വിളിച്ചു പറയുകയായിരുന്നു അത്. ദ വെര്‍ജിന്‍ സ്പ്രിംങ്,സീക്രട്ട്സ് ഓഫ് വിമണ്‍,ഫന്നി ആന്റ് അലക്സാണ്ടര്‍, പെഴ്സോണ,വൈല്‍ഡ് സ്ട്രോബറീസ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ വലിയ സൂചകങ്ങളാണ്. ഒരേ സമയം മികച്ച എഴുത്തുകാരനും സിനിമാക്കാരനും നാടകക്കാരനും ചിന്തകനുമൊക്കെയായ ബര്‍ഗ്മാനെ സിനിമയുടെ ലോകമാസ്റ്റര്‍ എന്ന നിലയിലാണ് പ്രേക്ഷകന് ആരാധിക്കുന്നത്. ലോകമെമ്പാടും,കേരളത്തിന്റെ കുഗ്രാമങ്ങളില്‍പ്പോലും കാണികളുടെ ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്നവയാണ് ബര്ഗ്മാന് സിനിമകള്‍.
സ്വീഡനില്‍ 1918 ജൂലൈ 14നു ജനിച്ച ഇഗ്മര്‍ ബര്ഗ്മാന് പുരോഹിതനാകണമെന്നാഗ്രഹിച്ച മാതാപിതാക്കളില്‍ നിന്നും നാടകവേദിയിലേക്കു തള്ളിക്കേറുകയായിരുന്നു. ഇരുപത്തിരണ്ടു വയസിനുള്ളില്‍ ഇരുപതു നാടകങ്ങള്‍ ചെയ്തു. സിനിമയില്‍ വാഴ്ത്തപ്പെടുമ്പോഴും നാടകത്തിലേക്ക് ഓടിപ്പോയി. അവിടന്നു സിനിമയിലേക്കും. നാടകവും സിനിമയും ആത്മാവും ശരീരവുമായിരുന്നു. സിനിമ സ്വപ്നവും സംഗീതവുംപോലെയാണെന്നു പറഞ്ഞ അദ്ദേഹത്തിന് ജീവിതവും അതുപോലെ തന്നെയായിരുന്നു.
ഒരേ സമയം അനേകം പ്രണയങ്ങളുണ്ടായിരുന്നു. വിഖ്യാത നടി ലിവ് ഉള്മാന് ഉള്‍പ്പെടെ അഞ്ചു ഭാര്യമാരും അവരില്‍ ഒന്‍പതു മക്കളും. ലോകപ്രശസ്ത പുരസ്ക്കാരങ്ങളെല്ലാം അദ്ദേഹംവാരിക്കൂട്ടി. സ്വന്തമായൊരു ലാവണ്യ നിയമം സിനിമയില്‍ പരീക്ഷിച്ച ബര്‍ഗ്മാന്റെ ആത്മകഥ മാജിക് ലാന്റേണ്‍ ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന അനുപമമായ ഒരു കാവ്യം പോലെയോ നോവല്‍ പോലെയോ അനവദ്യസുന്ദരമാണ്. ലോകം മികച്ച പുസ്തകമായി വാഴ്ത്തുന്ന ഇതിന്റെ പുനപ്രകാശനം ജര്‍മനിയില്‍ ഈയിടെ നടക്കുകയുണ്ടായി. ഒരു ജൂലൈയില്‍ ജനനം എന്നപോലെ മറ്റൊരു ജൂലൈയില്‍(30),2007 ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: