ഇന്നാണ് ആ ദിനം. ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി ആന്‍ ടൈലറിന്റെ നോവല്‍ ‘ക്ളോക് ഡാന്‍സ്‘ന്റെ പ്രകാശനം. എഴുത്തിന്റെ സെലിബ്രിറ്റി ജീവിതം നയിക്കുന്ന ടൈലറുടെ 21-ാമതു പുസ്തകമാണ് സമയനൃത്തമെന്ന് ചുരുക്കിപ്പറയാവുന്ന ഈ രചന. അവരുടെ മറ്റു നോവലുകളും കഥകളും നല്കിയ അനുഭൂതി സാന്ദ്രതയില്‍ ലോകം കാത്തിരിക്കുകയാണ് പുതിയ പുസ്തകം. എഴുതിയതെല്ലാം ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ ടൈലറുടെ ഈ കൃതിയും വന്‍ വില്‍പ്പന സാധ്യത തുറന്നിടുന്നുവെന്നാണ് പ്രസാധകരായ പെന്ഗ്വിന് ബുക്സിന്റെ കണക്കുകൂട്ടല്‍. കുടുംബവും സ്നേഹ ബന്ധങ്ങളും ഇഴപിരിയുന്ന ക്ളോക് ഡാന്‍സ് വ്യത്യസ്ത വായനാനുഭവം ആയിരിക്കുമെന്ന് പ്രസാധകര് കണക്കുകൂട്ടുന്നു.
നോവലിനെക്കുറിച്ച് പലതരം വിചാരങ്ങളിലൂടെ കടന്നുപോകുകയാണ് വായനക്കാര്‍. ടൈലര്‍ താമസിക്കുന്ന, മനോഹരമായ സിറ്റിയെന്നു പേരുകേട്ട ബാള്‍ട്ടിമോര്‍ തന്നെയായിരിക്കുമോ പശ്ചാത്തലം. പ്രധാന കഥാപാത്രം ഒരു പക്ഷേ അവിടെനിന്നുമാകാനിടയില്ല. അങ്ങനെ ഓരോരോ നിഗമനങ്ങള്‍. എല്ലാറ്റിനും ഇന്ന് ഉത്തരംകിട്ടും.
സമയം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാറില്ലെന്ന ആപ്തവാക്യത്തിന്റെ പൊരുളിനെ തിരിച്ചറിയുന്ന പ്രചോദനപരമായ ശുഭാപ്തിവിശ്വാസത്തിന്റെ ആഴം അളന്നു തരുന്നതാണ് ക്ളോക് ഡാന്‍സ്. പ്രധാന കഥാപാത്രം വില്ല ഡ്രാക്കിന് പെട്ടെന്നു വരുന്ന സഹായം തേടിയുള്ള ഒരു ഫോണ്‍ കോള്‍ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. വേണ്ട സമയത്തുള്ള നല്ല തെരഞ്ഞെടുപ്പ് ജീവിതത്തിനു നല്കുന്ന പ്രത്യാശയാണ് ഈ നോവലിന്റെ കേന്ദ്ര ബിന്ദു. തീവ്രാനുഭവങ്ങളുടെ ഉഷ്ണം വമിക്കുന്നതാണ് വില്ലയുടെ ജീവിതം. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പെട്ടെന്നൊരുനാള്‍ അമ്മ അപ്രത്യക്ഷയാകുന്നു. വിധവയാകുന്നതും നല്ലപ്രായത്തില്‍. ഏകാന്തതയിലും ഒറ്റപ്പെടലിലും നിരാശാഭരിതമായിത്തീരാവുന്ന ജീവിതത്തെയാണ് അവര്‍ ശരിക്കും കണ്ടെത്തി പ്രതീക്ഷാ ഭരിതമാക്കുന്നത്.
നോവലിസ്റ്റും വിമര്‍ശകയും കഥാകൃത്തുമായ ആന്‍ ടൈലറുടെ പുസ്തകങ്ങള്‍ ചൂടപ്പംപോലെയാണ് വില്‍ക്കപ്പെടുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ 1941 ല്‍ ജനിച്ച ടൈലറുടെതായി ദ ക്ളോക് വിന്റര്‍, ദ ആക്സിഡെന്റല്‍ ടൂറിസ്റ്റ്, മോര്ഗണ്സ് പാസിംങ്, ബ്രീത്തിംങ് ലെസണ്, ലാഡര്‍ ഓഫ് ഇയേഴ്സ്, വിനഗര്‍ ഗേള്‍സ് തുടങ്ങിയ നോവലുകള്‍ ഉള്‍പ്പെടെ 46 പുസ്തകങ്ങളുണ്ട്. പുലിസ്റ്റര്‍ സമ്മാനം ഉള്‍പ്പെടെ പുരസ്ക്കാരങ്ങളുടെ ഒരു നീണ്ട നിരയും. എഴുപത്തേഴുകാരിയായ അവര്‍ ഇപ്പോഴും ചിന്തകൊണ്ട് യുവതിയാണെന്നു പറയാം.
രചനയില്‍ ഈ എഴുത്തുകാരി കാത്തു സൂക്ഷിക്കുന്ന വ്യത്യസ്തത അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സത്യസന്ധത തന്നെയാണ്. നീണ്ട അന്‍പതു വര്‍ഷങ്ങളുടെ എഴുത്തു ജീവിതമുള്ള ഇവര്‍ പുസ്തക യാത്രകള്‍ക്കോ അഭിമുഖങ്ങള്‍ക്കോ സമയം കളയാറില്ല. പിറ്റേന്നു വായിച്ച് അനുഭൂതികൊള്ളാന് മോഹമില്ലാത്തതിനാലാണ് അഭിമുഖം കൊടുക്കാത്തതെന്ന് ടൈലര്‍ പറയുന്നു. തന്റെ മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തയാവണമെന്നാഗ്രഹിക്കുകയായിരുന്നു അവര്‍. ജീവിതത്തില്‍ മാത്രമല്ല എഴുത്തിലും. ചെറുപ്പത്തിലെ നല്ല വായനക്കാരിയായിരുന്നുവെങ്കിലും എഴുത്തുകാരിയാകുമെന്ന് വിചാരിച്ചിരുന്നില്ല. ലൈാസ് മാര്‍ണറും ഷേക്സ്പിയറുമൊക്കെ വായിച്ചതുകൊണ്ടുമാത്രം ആയിത്തീരുന്നതല്ല എഴുത്തുകാരിയെന്നതായിരുന്നു അവരുടെ വിചാരം. ഏഴു വയസില്‍ തന്നെ താനാരായിത്തീരുമെന്നൊക്കെ ചിന്തിച്ചു വിഷമിച്ചില്ലെങ്കിലും നേര്‍ത്ത ആശങ്കയുണ്ടായിരുന്നു. അതിനെ കവച്ചുവെച്ചാണ് ടൈലര്‍ ലോകാരാധ്യയായ എഴുത്തുകാരിയായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: