ഹിന്ദുത്വത്തില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ ത്രിപുരയിലേയ്ക്കു പലായനം ചെയ്യേണ്ടിവന്ന മിസോറാമിലെ ബ്രൂ (റിയാങ്) വനവാസി ഗോത്ര വിഭാഗക്കാരെ മിസോറാമില്‍ത്തന്നെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം സ്വതന്ത്ര ഭാരത ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. കേന്ദ്ര സര്‍ക്കാരും മിസോറാം – ത്രിപുര സര്‍ക്കാരുകളും തമ്മില്‍ ഇക്കാര്യത്തില്‍ കരാറായിക്കഴിഞ്ഞു. റിയാങ്ങുകളുടെ സംഘടനയായ മിസോറാം ബ്രൂ ഡിസ്പ്ളെയ്സ്ഡ് പീപ്പിള്‍സ് ഫോറവും കരാറില്‍ ഒപ്പുവച്ചു. വലിയൊരു തുടക്കം എന്നു വേണം ഇതിനെ വിശേഷിപ്പിക്കാന്‍. സമാന ദുരിതം അനുഭവിക്കുന്ന മറ്റു പലവിഭാഗങ്ങള്‍ക്കും ഇത് ആശ്വാസം പകരുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും.
വ്യാപകമായി നടക്കുന്ന ക്രിസ്ത്യന്‍ മതംമാറ്റ ഭീഷണിയുടേയും പീഡനങ്ങളുടേയും ഫലമായി 1997ല്‍ മിസോറാമില്‍ നിന്നു പലായനം ചെയ്തു ത്രിപുരയിലെ കുന്നുകളില്‍ അഭയം തേടിയ ഇവര്‍ താത്ക്കാലിക ക്യാംപുകളില്‍ ദുരിത ജീവിതം നയിച്ചു വരുകയായിരുന്നു. 5407 കുടുംബങ്ങളിലെ 32876 പേര്‍ക്കാണ് ഇതോടെ ശാപമോക്ഷമാകുന്നത്. സംഘടിത മതംമാറ്റ ശ്രമങ്ങളെ ചെറുത്തു നിന്നു എന്നതു മാത്രമാണ് ഇവര്‍ ചെയ്ത തെറ്റ്.
പല വിഭാഗങ്ങളും വഴങ്ങിയപ്പോഴും, ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രലോഭനങ്ങളേയും ഭീഷണികളേയും ചെറുത്തു നിന്നതോടെ ഇവര്‍ക്കെതിരെ പീഡനമുറയായി. വസ്തുസംബന്ധിച്ച തര്‍ക്കവും അതിനായി ഉപയോഗിച്ചു. ഇവര്‍ മിസോറാംകാരല്ലെന്നും അതിനാല്‍ സംസ്ഥാനം വിട്ടുപോകണമെന്നുമായിരുന്നു ഭൂരിപക്ഷവിഭാഗമായ ക്രിസ്ത്യന്‍ മതക്കാരുടെ ആവശ്യം. ഗത്യന്തരമില്ലാതെ പലായനം ചെയ്ത ഇവരെ പുനരധിവസിപ്പിക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വാക്കു നല്‍കിയിരുന്നു. അതാണിപ്പോള്‍ നടപ്പാകാന്‍ പോകുന്നത്. പുനരധിവാസ പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വ്യക്തമായ ധാരണയിലെത്തി. ഘട്ടംഘട്ടമായുള്ള പുനരധിവാസം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. പണം കേന്ദ്രം നല്‍കും. സുരക്ഷ, തൊഴില്‍, ജീവനോപാധി തുടങ്ങിയവ സംബന്ധിച്ചും ധാരണയായി.
രാജ്യത്തു പലയിടത്തും വ്യാപകമായി നിര്‍ബന്ധിത മതംമാറ്റം നടക്കുമ്പോള്‍ ഇവരുടെ ഉറച്ച നിലപാടും ചെറുത്തു നില്‍പ്പും ഏറെ ശ്രദ്ധേയം തന്നെ. ശക്തമായ സാംസ്കാരിക അടിത്തറയുള്ള റിയാങ്ങുകള്‍ ക്ഷത്രിയവിഭാഗക്കാരാണ്. സ്വ സംസ്കാരത്തെ ജീവനുതുല്യം കരുതുന്നവര്‍. പ്രലോഭനവും ഭീഷണിയും അവരുടെയടുത്തു വിലപ്പോവാത്തത് അസ്തിത്വത്തില്‍ അവര്‍ക്ക് അടിയുറച്ച വിശ്വാസവും അഭിമാനവും ഉള്ളതുകൊണ്ടാണ്. ഭാരതത്തിലെ ഹൈന്ദവ മത വിഭാഗക്കാര്‍ക്ക് സ്വന്തം ജീവിതംകൊണ്ട് കുരുത്തുറ്റൊരു സന്ദേശം നല്കിയവരാണ് ഈ റിയാങ്ങുകള്‍. രാജ്യമെങ്ങുമുള്ള മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്കും ഇത് ആത്മവിശ്വാസം പകരേണ്ടതാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ഇവര്‍ പീഡനത്തിന് ഇരയാകുന്നതിനേക്കുറിച്ച് എല്‍.കെ.അദ്വാനി ഒന്നര പതിറ്റാണ്ടു മുന്‍പുതന്നെ സൂചിപ്പിച്ചിരുന്നു.
മതതീവ്രവാദത്തേത്തുടര്ന്നു നാടുവിട്ട മറ്റു പലവിഭാഗങ്ങളും ഭാരതത്തിലുണ്ട്. മുസ്ലീം ഭീകരവാദികളുടെ ഭീഷണിയേത്തുടര്‍ന്നു കശ്മീര്‍ താഴ്വരയില് നിന്ന് രക്ഷപ്പെട്ട് ഓടേണ്ടിവന്ന ഹിന്ദുക്കള്‍ വര്‍ഷങ്ങളായി ദല്‍ഹിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നു. ബിജെപി ഒഴിച്ച് ഒരു രാഷ്ട്രീയ കക്ഷിയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. മതേതര ഭാരതത്തില്‍ സ്വന്തം വിശ്വാസത്തെ ആദരിക്കുന്നതിനു ഹിന്ദുക്കള്‍ക്കുമാത്രം മറ്റുള്ളവരുടെ തിട്ടൂരം വാങ്ങണമെന്ന അവസ്ഥയ്ക്കെതിരെ ശബ്ദിക്കാന്‍ രാജ്യത്തെ മതേതര മുഖംമൂടി വച്ച കക്ഷികള്‍ക്കൊന്നും ചങ്കൂറ്റമില്ലാതെ പോയി.
റിയാങ്ങുകളുടെ പുനരധിവാസക്കാര്യത്തില്‍ കേന്ദ്രം കാണിച്ച തന്റേടം ഇക്കാര്യത്തില്‍ പുതിയൊരു തുടക്കമിടുമെങ്കില്‍ രാജ്യത്തിന് ഈ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കാം. ഭരതത്തിന്റെ പൈതൃകമാണു ഹിന്ദുത്വം. അതിന്റെ രക്ഷയ്ക്കാണ് സര്‍ക്കാര്‍ ധീരമായൊരു നടപടിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: