ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി ആരംഭിച്ചതായി വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സന്ദേശം അയക്കാനുള്ള നിയന്ത്രണം, ഡിജിറ്റല്‍ സാക്ഷരത, വസ്തുത പരിശോധിക്കാനുള്ള നിര്‍ദേശം തുടങ്ങിയ നടപടികള്‍ വിശദീകരിച്ച് കേന്ദ്ര ഐടി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് അധികൃതര്‍ കത്തുനല്‍കി. വ്യാജപ്രചാരണങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അക്രമങ്ങളുടെ ഭീകരത ഞെട്ടിച്ചതായും വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടി. വ്യാജപ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും തടയാന്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട കമ്പനികളുടെയും സഹകരണം ആവശ്യമാണ്. സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കും.
ജനങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിയാണ് ആപ്പ് രൂപപ്പെടുത്തിയതെന്നും അധികൃതര്‍ പറഞ്ഞു. മഹാരാഷ്‌ട്ര, ബംഗാള്‍, ആസാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചാരണം നടന്നിരുന്നു. തുടര്‍ന്ന് നിരവധിയാളുകള്‍ ആള്‍ക്കൂട്ട അക്രമങ്ങളില്‍ കൊല്ലപ്പെട്ടു.
















