ജ്യോതിശ്ശാസ്ത്രം പരാമര്‍ശിക്കുന്ന പഞ്ചമഹാപുരുഷയോഗത്തില് ഒന്നായ ഭദ്രയോഗത്തില്‍ ജനിച്ച മഹത് വ്യക്തിയാണ് ഡോ.പി.കെ. വാര്യര്‍. മഹാപുരുഷയോഗത്തില്, അതും ബുധന്‍ കാരകനായ യോഗത്തില്‍ ജനിച്ച വ്യക്തി സാത്വികനാകാതെ തരമില്ല. അദ്ദേഹത്തിന്റെ ദിനചര്യയും ജീവിതവും നിരീക്ഷിച്ചപ്പോള്‍ എനിക്ക് ബോധ്യമായ സത്യം, അദ്ദേഹം രഘുവംശ ജാതനാണ് എന്നതാണ്. ആ കുലത്തില്‍ ജനിച്ചവരുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് മഹാകവി കാളിദാസന്റെ വര്‍ണ്ണന ആരംഭിക്കുന്നതുതന്നെ ‘ആജന്മ ശുദ്ധാനാം’ എന്നാണ്. പിറവി മുതല്ക്കേ വിശുദ്ധന്മാരാണവര്. അതുകൊണ്ടാണ് ഭദ്രയോഗത്തിലാണ് ജനനം എന്ന് പരാമര്‍ശിച്ചത്.
പി.കെ. വാര്യരുടെ അദ്ധ്വാനശീലത്തെക്കുറിച്ച് പലരും പ്രശംസിയ്ക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കാളിദാസന് വര്‍ണ്ണിച്ചത് ‘ആഫലോദയകര്മ്മണാം’ എന്നാണ്. ഉദ്ദിഷ്ട ഫലം ലഭിക്കുന്നതുവരെ പ്രയത്നിക്കുന്നവരാണവര്‍. ജ്യേഷ്ഠ സഹോദരന്റെ അകാല മരണത്താല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ആര്യ വൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു. തന്റെ വല്ല്യമ്മാമന് വിഭാവനം ചെയ്ത തലത്തിലേക്ക് സ്ഥാപനത്തെ ഉയര്‍ത്താനും കഴിഞ്ഞു. അശ്രാന്ത പരിശ്രമത്തിന് ഉത്തമ ഉദാഹരണമാണിത്.
‘ശൈശവേഭ്യസ്തവിദ്യാനാം..’ എന്നു തുടങ്ങുന്ന നാലു വരികളില്‍ കാളിദാസന് വര്‍ണ്ണിച്ചത് ഇദ്ദേഹത്തെ മുന്നില്‍ കണ്ടുകൊണ്ടാണോ എന്നുതോന്നിപ്പോകും.
പി.കെ. വാര്യരുടെ കുടുംബ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍. നാല് ആശ്രമങ്ങളും, അതായത് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയിലൂടെ കടന്നുപോയ ധന്യ ജീവിതമാണെന്ന് മനസ്സിലാവും. രാമന് സീതയെന്ന പോലെ ഒരു പത്നി. ആസ്തിക്ക് രണ്ടാണ്മക്കളും, ആശയോടെ താലോലിക്കാന്‍ ഒരു മകളും, താങ്ങായി മരുമക്കളും അനന്തിരവന്മാരും പേരക്കുട്ടികളും അടങ്ങുന്ന ആ കുടുംബാന്തരീക്ഷം അസൂയ ഉളവാക്കുന്ന ഒന്നാണ്. ഇനി രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ക്കാവട്ടെ, അദ്ദേഹം ദിലീപ മഹാരാജാവിനെപ്പോലെ ‘അധൃഷ്യശ്ചാഭിഗമ്യശ്ച’ എന്ന ഉപമ അന്വര്‍ത്ഥമാക്കുംവിധം ഏതൊരു കാര്യവുമായി ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാം. എന്നാല്‍ ആ വ്യക്തിപ്രഭാവത്താല്‍ അടുത്തേക്കു ചെല്ലാന്‍ ശങ്ക തോന്നുകയും ചെയ്യും. ആ ദൈവ സ്പര്‍ശം നേരിട്ടനുഭവിച്ച ലക്ഷക്കണക്കിനു രോഗപീഡിതര്‍ക്ക് അദ്ദേഹം ധന്വന്തരിയുടെ പ്രതിരൂപമാണ്.
ദിവസവും അഷ്ടാംഗഹൃദയം മനസ്സിരുത്തി വായിച്ച് അതിലെ ഓരോ ശ്ലോകവും ഒരു മന്ത്രംപോലെ ഉരുക്കഴിച്ച അദ്ദേഹത്തെ അങ്ങനെ കാണുന്നതില്‍ തെറ്റുണ്ടോ! അതുകൊണ്ടുതന്നെയല്ലേ, അസാധ്യമെന്ന് പലരും വിധിയെഴുതിയ പല രോഗങ്ങളും അദ്ദേഹത്തിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ ശമിക്കുന്നത്! വിദ്യ അര്ത്ഥലാഭത്തിനായി മാത്രം ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവനന്മയ്ക്ക് പ്രത്യാശയുടെ പ്രതീകമായി നിലകൊള്ളുന്ന അദ്ദേഹത്തെ ‘യഥാകാമാര്ച്ചിതാര്ത്ഥിനാം’ അതായത് സഹായമഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് അവരിച്ഛിക്കുംവിധം അതു നല്കുന്നവന്, എന്ന ഉപമയില്‍ കുറഞ്ഞെങ്ങനെ വര്‍ണ്ണിക്കും!
രാജ്യവും ലോകവും അംഗീകരിച്ച വൈദ്യന്; ഏഴു ദശാബ്ദത്തിലേറെയായി വിശ്വപ്രസിദ്ധമായ ഒരു സ്ഥാപനത്തിന്റെ തലവന്‍. ഇതൊക്കെയാണെങ്കിലും, അദ്ദേഹം എനിക്ക് എന്റെ അച്ചച്ഛനാണ് (മുത്തശ്ശന്). എനിക്ക് വിഷമമാവരുത്, എന്നെ ആരും കളിയാക്കരുത് എന്നുകരുതി തിരുപ്പതിയില്‍ എനിക്കൊപ്പം തല മുണ്ഡനം ചെയ്ത എന്റെ അച്ചച്ഛന്. ആ അച്ചച്ഛന്, വൈദ്യരാജന് എന്റെ പ്രണാമം.
വിവേക് വിജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: