ചെന്നൈ: രാമേശ്വരത്ത് 25 വര്‍ഷം പഴക്കമുള്ള വന്‍ സ്‌ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തി. രാമേശ്വരം കടല്‍തീരത്ത് തങ്കച്ചിമഠം പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിയുടെ വീടിനു പുറകില്‍നിന്നാണ് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത്. വീടിനു പുറകില്‍ സെപ്റ്റിക് ടാങ്ക് നിര്‍മിക്കാന്‍ കുഴിക്കവെയാണ് സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ പായ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ വിവരം രാമനാഥപുരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി കൂടുതല്‍ കുഴിച്ചതോടെയാണ് വന്‍ സ്‌ഫോടകശേഖരം കണ്ടെത്തിയത്. വിവിധ മെഷീന്‍ഗണ്ണുകളില്‍ ഉപയോഗിക്കുന്ന് 5000 ത്തിലേറെ വെടിയുണ്ടകളും ഡിറ്റണേറ്റര്‍ വയറുകളും കണ്ടെത്തിയിട്ടുണ്ട്.
1990 കളില്‍ സമാനരീതിയില്‍ ഇവിടെ നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. തമിഴ് തീവ്രവാദസംഘടനകളായ ഇപിആര്‍എല്‍എഫ്, ഇഎന്‍ഡിഎല്‍എഫ് എന്നിവ 90കളില്‍ ഈ മേഖലയില്‍ സജീവമായിരുന്നു. ഇപിആര്‍എല്‍എഫ് നേതാവായിരുന്ന കെ. പത്മനാഭന്‍ വധിക്കപ്പെട്ടതോടെ ഈ സംഘടനകള്‍ ഇവിടം വിടുകയായിരുന്നു. രാമനാഥപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
















