സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകളുടെ ക്ഷേമത്തിനും അവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനുമായി അഹോരാത്രം പണിയെടുത്ത് സ്ത്രീകളുടെ മനസില്‍ ഇടംനേടിയ ചാരിതാര്‍ത്ഥ്യത്തിലാണ് കുസുമം ആര്.പുന്നപ്ര. പ്രസവിക്കാനും കുഞ്ഞിന് പാലൂട്ടാനുമുള്ള സ്ത്രീകളുടെ അവകാശം നേടിയെടുക്കുക ജീവിതവ്രതമാക്കിയിരിക്കുകയാണിവര്‍. കെല്‍ട്രോണില്‍ ജൂനിയര്‍ എന്‍ജിനിയറായിരിക്കെ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എഴുത്തുകാരിയും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റുമായ കുസുമം സമൂഹത്തിലേക്കിറങ്ങിയത്.
ഐടി സ്ഥാപനമായ ഇന്‍ഫോസിസില്‍ മകള്‍ ജോലിയില്‍ പ്രവേശിച്ചതോടെ ആ മേഖലയില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങളും വിവേചനവും കുസുമത്തിന് ബോധ്യമായി. ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പലതും പാലിക്കുന്നില്ലെന്നും മനസിലായി. അവിടെനിന്ന് നിയമപോരാട്ടത്തിന് തുടക്കം കുറിച്ചു. വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ലഭിക്കുന്നില്ലെന്നും, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം ലഭിക്കുന്നല്ലെന്നും കാണിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. കമ്മീഷനെക്കൊണ്ട് അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിക്കാനായി. അങ്ങനെ ഒറ്റയാള്‍പ്പോരാട്ടത്തിലൂടെ പ്രസവാവധി മൂന്നുമാസത്തില്‍നിന്ന് ആറുമാസമായി ഉയര്‍ത്താന്‍ സാധിച്ചു.
2017 മാര്‍ച്ച് എട്ടിന് ഈ നിയമം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പ്രാബല്യത്തില്‍ വരുത്താന്‍ കുസുമം നടത്തിയ ശ്രമം വളരെ വലുതാണ്. ഇതിനായി പ്രധാനമന്ത്രിക്കും വനിതാ ശിശുക്ഷേമമന്ത്രാലയത്തിലും നിവേദനം നല്കി. പ്രസവാവധി നല്‍കണമെന്നും, ശിശുസൗഹൃദ സംവിധാനം ഒരുക്കണമെന്നുമുള്ള നിയമം 2015 ജൂലൈ 24 ന് പാസാക്കാനായി പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍ സൈറ്റായ രവമിഴല.ീൃഴ ല്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് രാജ്യമൊട്ടാകെയുള്ള ഐടി പ്രൊഫഷണലുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞു. ഒരു മാസത്തിനകം പ്രധാന മന്ത്രിയുടെ ഓഫീസില്‍നിന്ന് അനുകൂല ഉത്തരവും വന്നു.
1961-ലെ ആക്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ ഈ നിയമം നടപ്പാക്കി ആറു മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയില്ല. ഇതിനെതിരെ അന്നത്തെ തൊഴില്‍ വകുപ്പുമന്ത്രിയായിരുന്ന ഷിബു ബേബിജോണിനും ബാലാവകാശ കമ്മീഷനിലും പരാതി നല്കി. ഒന്നര വര്‍ഷത്തിനുശേഷമാണ് അനുകൂല വിധി വന്നത്. എന്നിട്ടും വിധി നടപ്പിലാക്കാത്ത സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പോരാട്ടം തുടരുകയാണ് ഇപ്പോള്‍ കുസുമം. ഇതിന്റെ ഫലം കണ്ടുതുടങ്ങി.
ടെക്നോപാര്‍ക്കില്‍ നിയമം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ത്തന്നെ നേരിട്ടും അല്ലാതെയും ഉണ്ടായ സ്ത്രീകളുടെ അഭിനന്ദന പ്രവാഹം ഏറെസന്തോഷിപ്പിച്ചെന്ന് കുസുമം പറയുന്നു. ഈ പിന്തുണയും അഭിനന്ദനവും മാത്രമാണ് തനിക്കു ലഭിക്കുന്ന പ്രതിഫലം. പോരാട്ടം പക്ഷേ ഇവിടെ അവസാനിക്കുന്നില്ല. നിയമം നടപ്പിലാക്കാത്ത സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി പോരാട്ടം തുടരുകയാണ്.
സെല്‍ഫ് ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ പ്രസവാവധിക്ക് ശമ്പളം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ട കുസുമം ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് അനുകൂല ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ട്. ഇതുവരെ സര്‍ക്കാരില്‍നിന്ന് 150-ല്‍ പരം വിവരാവകാശ രേഖകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ നിഷേധിക്കുന്നത്് ക്രിമിനലുകളെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
തന്റെ പോരാട്ടംകൊണ്ട് സ്വന്തമായി എന്തു നേട്ടമെന്ന് പലരും ചോദിക്കുമ്പോള്‍ കുസുമത്തിന് ഒറ്റ ഉത്തരമേയുള്ളൂ. നിയമത്തിന്റെ ആനുകൂല്യത്താല്‍ തൊഴില്‍ രംഗത്ത് തുടരാനും, തൊഴിലെടുത്തുകൊണ്ട്് കുഞ്ഞുങ്ങളെ വളര്‍ത്താനും സാധിക്കുന്ന സ്ത്രീകളടെ മുഖത്തെ സന്തോഷം. ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീകളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും നിയമ പരിരക്ഷയ്ക്കായാണ് അടുത്ത ശ്രമമെന്നു പറഞ്ഞ് കുസുമം വീണ്ടും തിരക്കിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: