കഥാപാത്രങ്ങളില്‍ എന്നും വ്യത്യസ്തത തേടുന്ന നടനാണ് ജയസൂര്യ. ഇതിലൊന്നാണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടി. മാനുഷിക പ്രശ്നങ്ങള്‍ അഭ്രപാളിയിലെത്തിക്കുന്ന രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീം കാലിക പ്രസക്തമായ പ്രമേയവുമായി വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകരെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യും.
ഇരുപത്തിയാറാം വയസ്സില്‍ ആണില്‍നിന്ന് പെണ്ണിലേക്ക്, ലിംഗമാറ്റത്തിലൂടെ മാത്തുക്കുട്ടിയില്‍ നിന്ന് മേരിക്കുട്ടിയിലേക്ക്. ജന്മനാല്‍ത്തന്നെ തന്റെ പ്രകൃതം സ്ത്രീയുടേതാണെന്ന് തിരിച്ചറിയുന്ന മാത്തുക്കുട്ടി ഇരുപത്തിയാറാം വയസ്സില്‍ ഉറച്ച തീരുമാനത്തിലെത്തുന്നു- ഇനി ഞാന്‍ മേരിക്കുട്ടി. അവളുടെ സ്വപ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ഭിന്നലിംഗക്കാര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് പോലീസില്നിന്നാണെന്നും അതുകൊണ്ട് തനിക്ക് പോലീസാകണമെന്നും അവള് നിശ്ചയിക്കുന്നു.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുക മലയാളിക്ക് എന്നും മടിയുള്ള കാര്യമാണ്. മേരിക്കുട്ടിയുടെ കാര്യത്തിലും അവര്‍ അത് തെറ്റിച്ചില്ല. മാത്തുക്കുട്ടിയില്നിന്ന് മേരിക്കുട്ടിയായ അവളെ സമൂഹം വല്ലാതെ വേട്ടയാടുന്നു. കുടുംബവും സഭയും പോലീസും വേട്ടക്കാരുടെ പട്ടികയില്‍. തണലായി പള്ളിവികാരിയും സുഹൃത്തുക്കളില്‍ ചിലരും മാത്രം. പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നങ്ങളിലേക്ക് മേരിക്കുട്ടി.
ട്രാന്സ്ജെന്റര് എന്ന് തന്നെ വിശേഷിപ്പിക്കുമ്പോള്‍ താന്‍ ട്രാന്‍സ്ജെന്ററല്ല, ട്രാന്‍സ് സെക്ഷ്വറാണെന്നുള്ള മറുപടി സംവിധായകന് പ്രേക്ഷകന് മുന്നില്‍വയ്ക്കുന്നത് പുതിയ ചിന്തയാണ്. ജന്മംകൊണ്ടാണ് പ്രകൃതമെന്നും, അതിലേക്ക് ശരീരത്തിന്റെ മാറ്റമാണ് ലിംഗമാറ്റമെന്നും സംവിധായകന് പറഞ്ഞുവയ്ക്കുന്നു. മേരിക്കുട്ടിയെ വെറുക്കുന്ന സമൂഹം റേഡിയോ ജോക്കി (ആര്‍ജെ) ആയ ഏഞ്ചലിനെ സ്നേഹിക്കുന്നു. മേരിക്കുട്ടിയെ സമൂഹവുമായി സംവദിക്കാന്‍ പാതിരി കണ്ടെത്തുന്ന മാര്‍ഗമാണ് ഇടവകയുടെ കീഴിലുള്ള എഫ്എം സ്റ്റേഷനിലെ ആര്‍ജെ. സമൂഹത്തിന്റെ സങ്കടവും പ്രണയവും പരിഭവവും അവള് ആര്‍ജെ ഏഞ്ചലായി പരിഹരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പക്ഷേ അവളിലെ മേരിക്കുട്ടിയെ ആരും അംഗീകരിച്ചില്ല.
ഉന്നത ഭരണകേന്ദ്രങ്ങളും ഭിന്നലിംഗക്കാരുടെ പരാതി കേള്‍ക്കില്ല. മേരിക്കുട്ടിക്ക് സന്ദര്‍ശനാനുമതി നിഷേധിക്കുന്ന കളക്ടര്‍, ആര്‍ജെ ഏഞ്ചലിനെ കാണാന്‍ തയ്യാറാകുന്നു. അവിടെ ഭരണകൂടത്തിന്റെ ഒരു സംരക്ഷണം അവളെത്തേടിയെത്തുകയാണ്. അത് സ്വപ്നങ്ങളിലേക്കുള്ള മേരിക്കുട്ടിയുടെ യാത്രയെ സഹായിക്കുന്നു.
ഭിന്നലിംഗക്കാരെ മാത്രമല്ല അവര്‍ ജനിക്കുന്ന കുടുംബത്തേയും സമൂഹം വേട്ടയാടുമെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. സ്വന്തം സഹോദരിയുടെ പെണ്ണുകാണല്‍ ചടങ്ങില്‍ അന്യനായി പരിചയപ്പെടുത്തപ്പെടുന്നതും ഈ ഭയത്താല്തന്നെ.
രംഗങ്ങളുടെ ആവര്‍ത്തനം തിരക്കഥയിലെ പാളിച്ചയാണ്. ”ഗഡി, ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി പറയാനുള്ളത് പറ” എന്ന് പ്രേക്ഷകര്‍ പരിഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായി അത്രയേറെ ആവര്‍ത്തനമുണ്ട്. അത് സിനിമയെ തെല്ലൊന്ന് അലോസരപ്പെടുത്തുന്നുണ്ട്. ഇത് ആണിന്റെയോ പെണ്ണിന്റെയോ ലോകമല്ല, മറിച്ച് കഴിവിന്റെ ലോകമാണെന്ന് സംവിധായകന് പറയുന്നുണ്ട്. പക്ഷേ ആണില്‍നിന്ന് പെണ്ണായവളെ ഹീറോക്കു പകരം ഷീറോ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ഹീറോയിനില്‍ നിന്ന് ഷീറോെയ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല സംവിധായകന്. ആണില്‍നിന്നും പെണ്ണിലേക്കുള്ള മാറ്റം പറയുന്ന സിനിമയില്‍ ഒരു രംഗത്തില്‍പോലും പെണ്ണില്‍നിന്നും ആണിലേക്ക് മാറിയവര്‍ വരാത്തത് സംവിധായകനിലെ പുരുഷചിന്തതന്നെ.
ആണില്‍നിന്ന് പെണ്ണിലേക്കുള്ള മാറ്റം മിമിക്രിയില്‍ ഒതുങ്ങാതെ മനോഹരമാക്കിയിരിക്കുന്നു ജയസൂര്യ. മറ്റു തുടര്‍ച്ചകളിലും ജയസൂര്യയുടെ പ്രകടനം വ്യത്യസ്തവും മനോഹരവുമായിരിക്കുന്നു. മേരിക്കുട്ടി എന്ന ഷീറോ മലയാളസിനിമയിലെ നാഴികക്കല്ല് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: