ജനങ്ങള്‍ക്ക് അവസാന ആശ്വാസമെന്ന നിലയില്‍ ധൈര്യമായി കൈപിടിക്കാനുള്ള ഒരു കൊമ്പാണ് ജുഡീഷ്യറി. എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും അന്യം നിന്നുപോകാത്ത ജനുസ്സില്‍പ്പെടുന്നു ആ സംവിധാനം. എന്നാല്‍ അതിന്റെ അടിസ്ഥാന സ്വഭാവം പോലും തകിടം മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയുന്നു എന്നു വരുന്നത് അങ്ങേയറ്റം ഖേദകരവും ഭീതിദവുമാണ്.
ഒടുവിലത്തെ ആശ്രയം പോലും അന്യവല്ക്കരിക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ കോടതികളുടെ നിലനില്‍പ്പിനുപോലും ഭീഷണി ഉയരുന്നതായി വേണം കരുതാന്‍. ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ സംബന്ധിച്ച സുപ്രധാന രേഖകളടങ്ങിയ ഫയലുകള്‍ കാണാതായ സംഭവം ഈ പശ്ചാത്തലത്തില്‍ നോക്കിക്കാണണം. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.
സമൂഹത്തിലെ ഒട്ടെല്ലാമേഖലകളെയും ബാധിച്ചിരിക്കുന്ന രോഗം ജുഡീഷ്യറിയുടെമേലും കയറിപ്പറ്റിയോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നു വേണം അനുമാനിക്കാന്‍. മലബാര്‍ സിമന്റ്സിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ഫയലുകളാണ് കാണാതായിരിക്കുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍ തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന പ്രതീതി. ഫയലുകളുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയിലെ വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. അഴിമതി നടത്താന്‍ പാങ്ങുള്ളവര്‍ അത് ഏതുവിധേനയും നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
കോടികള്‍ വിഴുങ്ങിയവര്‍ക്ക് നിരപരാധികളായി സമൂഹമധ്യേ വിലസി നടക്കാനുള്ള അവസരമാണ് ഈ ഫയല്മോഷണത്തിലൂടെ കൈവന്നിരിക്കുന്നത്. മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം, കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന് സമര്‍പ്പിച്ച ഹര്‍ജിയാണ് പ്രധാനപ്പെട്ടത്. ഇത് പരിഗണിക്കുന്നത് അനിശ്ചിതമായി നീണ്ടതോടെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നത്.
ശശീന്ദ്രന്റെ മരണവും സിമന്റ് കമ്പനിയിലെ അഴിമതി കേസും അട്ടിമറിക്കാന്‍ അണിയറയില്‍ വമ്പന്‍സ്രാവുകള്‍ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ടെന്ന ആവലാതിക്കാരുടെ ആരോപണം ശരിവെക്കുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെളിവുകള്‍ ഇല്ലാതായാല്‍ കോടതിക്ക് പ്രതികളെ കുറ്റവിമുക്തരാക്കേണ്ടിവരും. അവര്‍ സമൂഹത്തിനു മുമ്പില്‍ വിജയശ്രീലാളിതരായി നില്ക്കും.
സമൂഹത്തിന് താങ്ങും തണലുമാവേണ്ട സ്ഥാപനങ്ങള്‍ ഒന്നടങ്കം അധഃപ്പതനത്തിലേക്കു നീങ്ങുമ്പോള്‍ പരിഹാരമെന്ത് എന്നാണ് ചിന്തിക്കേണ്ടത്. ഭരണക്കാര്‍ക്ക് വിടുപണി ചെയ്യുന്ന പോലീസും സാധാരണ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സംവിധാനവും ചേര്‍ന്ന് പൊറുതിമുട്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതിക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ആ കോടതിനടപടികളെ പോലും അട്ടിമറിക്കുന്ന തരത്തില്‍ ഗൂഢശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ടാവും.
ഉന്നത ന്യായാലയത്തിനു മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനാവൂ. കുറ്റമറ്റ രീതിയില്‍ അവ നടപ്പാക്കിയില്ലെങ്കില്‍ സമൂഹം അരാജകത്വത്തിലേക്കു നീങ്ങും. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. രാഷ്ട്രീയ നീക്കങ്ങള്‍ക്കൊപ്പം നിലകൊള്ളേണ്ടതാണ് കോടതിയും എന്നു കരുതുന്നവര്‍ക്ക് ശക്തികൂട്ടാന്‍ ഇത്തരം അവസരങ്ങള്‍ ധാരാളമാണെന്നതും അതിനൊപ്പം ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: