‘മെട്രോ സ്റ്റേഷനുള്ളില്‍’ എന്ന പേരില്‍ അമേരിക്കന്‍ കവി എസ്രാപൗണ്ട് എഴുതിയ പ്രശസ്തമായ ഒരു കവിതയുണ്ട്. കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിമിര്‍പ്പില്‍ പലതും ഓര്‍ക്കുമ്പോള്‍ ഇങ്ങനേയും ഒന്ന് ചേര്‍ത്തുവെക്കാം. ആദ്യം ഉണ്ടായ ബ്രിട്ടണിലേയും ഫ്രാന്‍സിലേയും മെട്രോ റെയിലുകളെക്കുറിച്ച് വിചാരിക്കുന്നതുതന്നെ അതിശയമാണ്. ഇന്നത്തെ നൂറില്‍ ഒരംശംപോലും നിര്‍മ്മാണ പുരോഗതി ഇല്ലാതിരുന്ന കാലത്താണ് അവയുടെ പിറവി എന്നോര്‍ക്കുമ്പോഴാണ് കൗതുകം.
എസ്രാപൗണ്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്യുന്നതിനിടയില്‍ ഫ്രാന്‍സിലെത്തിയപ്പോള്‍ കണ്ട പാരീസ് മെട്രോയാണ് ഈ കവിതയ്ക്കു പ്രചോദനം. 1913ല്‍ ലിറ്റററി മാഗസിനിലാണ് കവിത പ്രസിദ്ധീകരിച്ചത്. പിന്നീടത് പൗണ്ടിന്റെ കവിതാ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി.ജപ്പാന് കവിതകളുടെ ആരാധകനായിരുന്നു അദ്ദേഹം. ഹൈക്കുരീതിയിലാണ് ഇതെഴുതിയത്. ആധുനിതകതയും ബിംബകല്‍പ്പനകളുടെ സമ്പന്നതയുംകൊണ്ട് ലോക കവിതയെ മാറ്റി മറിച്ച ഈ വിഗ്രഹ ഭഞ്ജകന്‍ ഒരേ സമയം വിവാദ തോഴനും എഴുത്തിലെ നായകനും ആയിരുന്നു. ഈ കുഞ്ഞു കവിതയിലും ബിംബ കല്പനകളുടെ ചേരുവയുണ്ട്.
പൗണ്ട് ഫാസിസത്തെ സ്നേഹിക്കുകയും അനുകൂലിക്കുകയും ചെയ്ത വ്യക്തിയാണ്. ഇറ്റലിയിലെത്തി ഫാസിസത്തിന്റെ ഇഷ്ടക്കാരനായി മുസോളിനിയുമായി സൗഹൃദം സ്ഥാപിച്ച പൗണ്ട്, സ്വന്തം നാടായ അമേരിക്കയെയും ജൂതരേയും അതിരറ്റു വിമര്‍ശിക്കുകയും ചെയ്തു. പിന്നെ അവിടെ അറസ്റ്റിലായി ആറ്മാസം തടങ്കലില്‍ കഴിഞ്ഞു. വിവിധ വ്യക്തിത്വങ്ങളുടെ സങ്കരം ആയതുകൊണ്ടാവാം അദ്ദേഹം 12 വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞത്.
സ്വന്തം ഇഷ്ടങ്ങള്‍കൊണ്ട് വാക്കുകളെ പരിചരിച്ച പൗണ്ട് അവയെ നന്നേ ചുരുക്കി ആശയവിസ്തീര്ണ്ണം തീര്‍ത്തിരുന്നു. എഴുത്തുകാരില്‍ സാധാരണ കുപ്രസിദ്ധമാകുന്ന അസൂയ തരിമ്പും ഇല്ലാതിരുന്ന പൗണ്ടിന്റെ ഔദാര്യവും സ്നേഹലാളനകളും ഏറ്റ പ്രമുഖര്‍ ഏറെയാണ്. ടി.എസ്.എലിയറ്റ്,ജയിംസ് ജോയ്സ്,ഏണസ്റ്റ് ഹെമിംങ്വേ,യേറ്റ്സ്,ഡി.എച്ച്.ലോറന്‍സ്,റോബര്‍ട്ട് ഫ്രോസ്റ്റ് തുടങ്ങിയ മഹാരഥന്മാര്ക്ക് ആധുനിക സാഹിത്യത്തിന്റെ രുചിഭേദങ്ങള്‍ ശീലിപ്പിക്കാനും എസ്രാ പൗണ്ടുണ്ടായിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ സാഹിത്യ ശുശ്രൂഷ കിട്ടിയവരുടെ പേരുകള്‍ നീണ്ടുപോകും. ആധുനിക കവിതയുടെ ഈടുറ്റ മാതൃകയായി ലോകം കാണുന്ന എലിയറ്റിന്റെ വെയ്സ്റ്റ് ലാന്റ് എഡിറ്റു ചെയ്തു രൂപമാക്കിയത് പൗണ്ടാണ്. ആധുനിക സാഹിത്യത്തിന്റെ ഷേപ്പര്‍ എന്നാണ് പൗണ്ട് അറിയപ്പെടുന്നത്.
മെട്രോ സ്റ്റേഷനുള്ളില്‍ എഴുതപ്പെട്ടത് 1913ലാണ്. വാക്കുകളുടെ നിറകുടംകൊണ്ടു തീര്‍ത്ത ഈ കവിതയില്‍ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തെ മനോഹരമെന്നുകൂടി അദ്ദേഹം വിശേഷിപ്പിക്കുന്നു. കൊച്ചിക്ക് ഒരു മെട്രോ വയസ് എന്ന മനോഹര ക്യാപ്ഷന്‍ പോലെ മെട്രോയ്ക്ക് ഒരു ‘പൗണ്ട്’ കവിത എന്നും പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: