സേവ്യര്‍.ജെ
ഒരു വായനയില്‍ തീരുന്നതല്ല പുസ്തകം. വായനാവാരംകൊണ്ട് അവസാനിപ്പിക്കേണ്ടതുമല്ല വായന. വായനാവാരം ഒരുതുടര്ച്ചയാണ്.പുസ്തകവും തുടര്‍ച്ചയാണ്. പണവും സമ്പത്തുമെല്ലാം മോഷ്ടിക്കപ്പെടാം. പുസ്തകങ്ങള്‍ കൊളുത്തുന്ന മനസിലെ വെളിച്ചം ആര്ക്കുമോഷ്ടിക്കാനാവും. വലിയ വായനക്കാരുടെ നീണ്ട നിരതന്നെയുണ്ട്ലോകത്ത്. ബില്‍ഗേറ്റ്സും ഉമ്പര്‍ട്ടോ എക്കോയും വിവേകാനന്ദനും എബ്രഹാംലിങ്കനും മാര്‍ക്സും ഇഎംഎസും എം.കൃഷ്ണന് നായരും പി.ഗോവിന്ദപ്പിള്ളയുമൊക്കെ ഇത്തരം വായനാവിസ്മയങ്ങള് തീര്‍ത്തവരാണ്.
ഇറ്റാലിയന്‍ എഴുത്തുകാരനും തത്വചിന്തകനും അധ്യാപകനുമൊക്കെയായ എക്കോ വായനയില്‍ ചക്രവര്‍ത്തിയും പുസ്തക ഉടമയില്‍ സമ്പന്നനും ആയിരുന്നു. ഇറ്റലിയിലും ലോകത്തു പലയിടത്തും അദ്ദേഹത്തിനുണ്ടായിരുന്ന കൂറ്റന്‍ ബംഗ്ളാവുകള്‍ താമസിക്കുന്നതിനുപകരം പുസ്തകങ്ങള്‍ സീക്ഷിക്കുന്ന ലൈബ്രറികളായിരുന്നു എക്കോയ്ക്ക്.ഒരു വീട്ടില്‍ ഒരുലക്ഷത്തോളം പുസ്തകങ്ങളാണുണ്ടായിരുന്നത്. ഒരുപക്ഷേ അവരെക്കാളും കേമന്മാരായ വായനക്കാരും കണ്ടേക്കാം.
പിഎന്‍ പണിക്കരുടെ സ്മരണാര്‍ഥം വായനാവാരം നാം കൊണ്ടാടുമ്പോള്‍ പുസ്തകങ്ങളും വായനയും ഉണ്ടാക്കുന്ന സാംസ്ക്കാരിക ഇടപെടലുകളുടെ അദൃശ്യമായ നാനാര്‍ഥങ്ങള്‍ വലുതാണ്. അത് ആന്തരികമായി പുതിയൊരു മനുഷ്യനെ നമ്മില്‍ വാര്‍ത്തെടുക്കും. ഓരോ പുസ്തകവും തുറന്നുവെക്കുന്ന ബൃഹത്തായ ലോകവും ബൃഹദാഖ്യാനങ്ങളും അതിന്റെ പേജുകളില്‍ ഒതുങ്ങാതെ പുറത്തേക്കുവന്നു വിശാലമാകുന്നുണ്ട്. പണ്ട് ലൈബ്രറി നാട്ടിലായിരുന്നെങ്കില്‍ ഇന്നു വീട്ടില്‍ സ്വന്തം ലൈബ്രറിയുള്ളവരാണു പലരും. എന്നിട്ടും പുസ്തകവും വായനയും മരിക്കുകയാണെന്നു പറയുന്നവരെ നമുക്കവഗണിക്കാം.അത് അവരുടെ പേരെടുക്കാനുള്ള വിവാദ വ്യവസായമാണെന്നു കരുതിയാല്‍മതി.
കുട്ടികളും മുതിര്‍ന്നവരും പുസ്തകങ്ങളോടു കമ്പം കൂടുന്നതാണ് പ്രത്യേകിച്ചും ഈവാരം. ഇഷ്ടമുള്ള പുസ്തകങ്ങളോട് അവരവര്‍ക്കു അവരവരോടെന്നപോലെ ഇഷ്ടം കൂടാം. പിന്നെ അങ്ങോട്ടു പുസ്തകങ്ങളുമായും കഴിയാം.നാം ജീവിക്കുന്നതു പുസ്തകങ്ങള്ക്കുവേണ്ടിയാണെന്നും പുസ്തകങ്ങളുടെ മണം തനിക്കിഷ്ടമാണെന്നും പറഞ്ഞ എക്കോയോടൊപ്പം നമുക്കും കൂടാം. പുസ്തകം വായിക്കാന്കൂടിയുള്ളതാണ് നമുക്കു ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: