മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. അതുപ്രകാരം അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു. പരന്ന വായനയിലൂടെ വിശാലമായ അറിവിന്റെ തുറന്ന ലോകത്തേക്ക് നമ്മെ നയിക്കുകയാണ് വായനാ ദിനത്തിന്റെ ലക്ഷ്യം. വായനയുടേയും അറിവിന്റെയും പ്രാധാന്യം ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിരുകളില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് അക്ഷരങ്ങളിലൂടെ എത്തിച്ചേരാനാകും. ജീവിതം ദുഃഖ ദുരിതങ്ങളുടെ കടലാണെങ്കില്‍ ആശ്വാസത്തിന്റെ പച്ചത്തുരുത്തുകളാണ് വായനാ വിഭവങ്ങള്‍.
മനസ്സിനെ സാന്ത്വനിപ്പിക്കാനും സന്തോഷിപ്പിക്കാനും വായനക്കാവും. എബ്രഹാം ലിങ്കന്റെ മേശപ്പുറത്ത് എപ്പോഴും ഒരു ഹാസ്യപുസ്തകം ഉണ്ടാകുമായിരുന്നു.മനഃസംഘര്‍ഷങ്ങളില്‍ നിന്ന് മുക്തിനേടാന്‍ അദ്ദേഹം അത് ഇടയ്‌ക്കിടെ വായിക്കാറുണ്ടായിരുന്നു. അടിമത്തം അരങ്ങുവാണിരുന്ന അമേരിക്കന്‍ മണ്ണില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിച്ച എബ്രഹാം ലിങ്കന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ വായനയുടെ അണയാ വിളക്കുകളുണ്ടായിരുന്നുവെന്നതാണ് സത്യം. വളരെ കുറച്ച് ഔപചാരിക വിദ്യാഭ്യാസം മാത്രമേ കരസ്ഥമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. വീട്ടിലെ പട്ടിണിയായിരുന്നു കാരണം. അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. കിട്ടാവുന്നവ തേടിപ്പിടിക്കുകയും ചെയ്തു. ഒരിക്കല്‍ കടം വാങ്ങിയ ഒരു പുസ്തകം മഴ നനഞ്ഞ് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് നശിച്ചുപോയി. തിരിച്ചു നല്‍കാന്‍ പണമില്ലാത്തതിനാല്‍ പുസ്തകയുടമയുടെ തോട്ടത്തില്‍ കുറച്ച് ദിവസം ലിങ്കണ് പണിയെടുക്കേണ്ടിവന്നു.
വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവായ ഇറാസ്മസ് പറഞ്ഞത് ഓര്‍ക്കുക ‘എനിക്ക് പണം കിട്ടിയാല്‍ ഞാനാദ്യം വാങ്ങുക പുസ്തകങ്ങളാണ്’. വല്ലതും ബാക്കിയുണ്ടെങ്കില്‍ വസ്ത്രവും ഭക്ഷണവും വാങ്ങുമെന്നാണ് പറഞ്ഞത്. വിശ്രുത സാഹിത്യകാരെല്ലാം വായനയെ വാഴ്‌ത്തിയിട്ടുണ്ട്. ‘ഇരുപതാം നൂറ്റാണ്ടിന്റെ പുറത്തുവീണ ചാട്ടവാര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുത്തോളൂ’ എന്നാണ്. ലിയോ ടോള്‍സ്റ്റോയ് പറഞ്ഞത് ‘എനിക്ക് ജീവിതത്തില്‍ മൂന്നുകാര്യങ്ങളെ ആവശ്യമുള്ളുവെന്നാണ്. അത് പുസ്തകങ്ങള്‍,പുസ്തകങ്ങള്‍,പുസ്തകങ്ങള്‍ മാത്രം’ എന്ന് പറഞ്ഞാണ് വായനയെ പുകഴ്‌ത്തിയത്.
വായന എഴുത്തിലേക്ക് നയിക്കുന്നതുപോലെ എഴുത്ത് വായനയിലേക്കും നയിക്കുന്നു. പുസ്തകങ്ങളില്ലെങ്കില്‍ പിന്നെ വായിക്കാന്‍ വാക്കുകളെവിടെ?. എഴുത്തുകാരന്‍ പുസ്തകം തുടങ്ങുന്നു. വായനക്കാരനത് പൂര്‍ത്തിയാക്കുന്നു. എഴുത്തുകാരന്‍ മരിച്ച് മണ്ണില്‍ ചേര്‍ന്നാലും വായനക്കാരന്റെ മനങ്ങളില്‍ അവന്റെ തൂലിക തീര്‍ത്ത വാക്കുകള്‍ എന്നെന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. വായനയും രചനയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. എഴുത്തുകാരന്‍ കൂണ്‍പോലെ പൊട്ടിമുളക്കുന്നതല്ല. ഭാഷ, ഭാവന, ശൈലികള്‍, പ്രയോഗങ്ങള്‍, ആശയങ്ങള്‍ തുടങ്ങിയ തനിക്ക് വേണ്ട മൂല്യങ്ങളെല്ലാം വായനയിലൂടെ ആര്‍ജ്ജിച്ചെടുത്ത ശേഷമാണ് എഴുത്തുകാരന്‍ ജനിക്കുന്നത്. ഖുര്‍ആന്‍ വായനയ്‌ക്ക് ശേഷം ഉടന്‍ തന്നെ പേനയെ പരിചയപ്പെടുത്തിയത് വായിക്കാതെ എഴുതാന്‍ കഴിയില്ലാ എന്നറിയിക്കാനാണ്. വിശ്വാസി സമൂഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പേര് തന്നെ-ഖുര്‍ആന്‍-ധാരാളമായി വായിക്കപ്പെടുന്നത് എന്നാണ്.
മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ആദ്യത്തെ വാക്യം തന്നെ നിങ്ങള്‍ നിസ്‌കാരിക്കുക എന്നോ നന്മ പ്രവര്‍ത്തിക്കുക എന്നോ അല്ല. മറിച്ച് വായിക്കുക എന്നാണ്. ഭക്ഷണപാനീയങ്ങള്‍ ശരീരത്തിന്റെ വിശപ്പും ദാഹമകറ്റാനും വസ്ത്രം നഗ്‌നത മറക്കാനും അനിവാര്യമായതുപോലെ മനസ്സിന്റെ പോഷണത്തിനും അജ്ഞതയെന്ന അപമാനത്തെ മറക്കാനും വായന അനിവാര്യമാണ്.
ലോകത്ത് പൊതുവെ ഇന്ന് വായനയുടെ തോത് വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. വിദ്യാര്‍ഥികളില്‍ സിലബസിന് പുറത്തുള്ളത് വായിക്കുന്നവര്‍ വളരെ കുറവാണ്. പലരാജ്യങ്ങളിലും വായനാ താല്‍പര്യം വളര്‍ത്താന്‍ പലപദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ബ്രസീലില്‍ തടവുപുള്ളികള്‍ ഒരു പുസ്തകം വായിച്ചു അതിനെ പറ്റി പ്രബന്ധം അവതരിപ്പിച്ചാല്‍ നാലുദിവസത്തെ ശിക്ഷയിളവ് ലഭിക്കും. ഇറ്റലിയില്‍ വായിച്ച പുസ്തകത്തെപറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ രണ്ടുദിവസമാണ് ശിക്ഷയിളവ്. ടുണീഷ്യയില്‍ ജയില്‍ വാസികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ 10000 പുസ്തകങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്തു. വായനയില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി അടിയന്തിര നടപടിക്കു തയ്യാറായി. മന്ത്രിയും എഴുത്തുകാരും പ്രസിദ്ധീകരണക്കാരും രംഗത്തിറങ്ങി വായന മഹോത്സവമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. വായനയില്‍ ജനങ്ങള്‍ക്ക് ഔത്സുഖ്യം വര്‍ദ്ധിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതിയിലേക്കുയര്‍ന്നതിന് പിന്നിലും വായനയാണ്.
വായനാ വിഭവങ്ങളും സാധ്യതകളും വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും പൊതുവെ വായന കുറവാണ് നമ്മുടെ കേരളത്തില്‍. പത്രങ്ങളും പുസ്തകങ്ങളും ധാരാളം ചിലവായതു കൊണ്ടായില്ല, അതു വായിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വികസനം കൊണ്ടുവരുമ്പോള്‍ ആദ്യം തുടങ്ങേണ്ടത് വായനാ വികസനമാണ്. അതിനായി നമുക്ക് കൂട്ടിരിക്കാം. ഇ-റീഡിംഗ് വായനയുടെ പുതിയ മുഖത്തിന് നല്ല വശങ്ങളുമുണ്ടെങ്കിലും പോരായ്മകളുണ്ടേറെ. പുസ്തകം കയ്യില്‍ പിടിച്ചു വായിക്കുമ്പോള്‍ കൈകളും വായനയില്‍ ഭാഗവാക്കാകുന്നു. ഈ വായനയുടെ സുഖവും രസവും ഇ-വായനയ്‌ക്കു കിട്ടില്ല. ഇ-വായന നമ്മുടെ ഓര്‍മ്മശക്തി കുറക്കും എന്നുള്ളതും ഒരുകറുത്ത നിഴല്‍ തന്നെയാണ്. വായനാ ദിനത്തില്‍ വായിച്ച് വളരുമെന്നും ചിന്തിച്ച് വിവേകം നേടുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
ജുനൈദ്
പഴയ വൈത്തിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: