ഒളിക്യാമറക്കണ്ണുകൾ നിറഞ്ഞിരിക്കുന്ന ദക്ഷിണ കൊറിയയിലെ ശൗചാലയങ്ങൾ രാജ്യത്തെ സ്ത്രീകളെ വല്ലാതെ വേട്ടയാടുന്നുണ്ട്. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നത് വരെ പോൺ വ്യാപാര രംഗത്ത് വിറ്റഴിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് തങ്ങളുടെ ജീവിതമാണ് എന്ന തിരിച്ചറിവാണ് അവരെ രാജ്യത്തെ വിറപ്പിച്ച സമരത്തിലേക്ക് നയിച്ചത്. ഒളിക്യാമറ പോൺ വ്യാപാരത്തിനെതിരെ സോളിലെ പ്രധാന വീഥിയിൽ മുപ്പതിനായിരം സ്ത്രീകളാണ് ശനിയാഴ്ച ഒത്തു ചേർന്നത്.
അവർക്ക് ഒരേയൊരു മുദ്രാവാക്യമെ ഉണ്ടായിരുന്നുള്ളു, ‘എന്റെ ജീവിതം അശ്ലീലമല്ല’ എന്നവർ ഉറക്കെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ സോൾ നഗരം വിറച്ചു പോയി. മുഖം മറച്ച് സമരത്തിനെത്തിയ സ്ത്രീകൾ തങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നത്തിന്റെ അമർഷം കൃത്യമായി പ്രകടിപ്പിച്ചു. പൊതുസ്ഥലങ്ങളിലെ ബാത് റൂമുകളിൽ മാത്രമല്ല തിരക്കുള്ള ട്രെയിനുകളിലും ബസുകളിലും ഹോട്ടലുകളിലുമെല്ലാം ഒളിക്യാമറയുടെ ഉപദ്രവം കൂടിവരികയാണെന്ന് സമരക്കാർ പറഞ്ഞു.
ഇത്തരത്തിൽ നാണം കെട്ട പ്രവർത്തി ചെയ്യുന്ന പുരുഷന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്യത്തിന്റെ ഭരണകർത്താക്കൾ അമ്പേ പരാജയപ്പെട്ടുവെനും അവർ തുറന്നടിച്ചു. “മോൾക്ക” എന്ന പേരിൽ അറിയപ്പെടുന്ന ഒളിക്യാമറ പിടുത്തത്തിന് ടെക്കികൾ കൂടുതൽ അധിവസിക്കുന്ന ദക്ഷിണ കൊറിയയിൽ ആരാധകർ അനേകമാണ്. തിരക്കിട്ട സാങ്കേതിക ജീവിതത്തിൽ ലൈംഗിക ആസ്വാദനത്തിന് വേണ്ടി സ്ത്രീകളുടെ ബാത് റൂം രംഗങ്ങൾ വരെ പകർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആക്രോശിച്ചു.
മോൾക്കയ്‌ക്കെതിരെ ശനിയാഴ്ച സോളിൽ നടന്നത് രണ്ടാമത് പ്രക്ഷോഭമായിരുന്നു. ഇതേ രീതിയിൽ മെയ് 19ന് നടന്ന സമരത്തിൽ 19,000 സ്ത്രീകളാണ് അണിനിരന്നത്. മുഖം മറച്ചും ഒളിക്യാമറ ദൃശ്യങ്ങൾ ദേഹത്ത് പതിച്ചും അവർ നഗരത്തിൽ പ്രതിഷേധിച്ചു.
2017ൽ മാത്രം മോൾക്കയുമായി ബന്ധപ്പെട്ട് 5437 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 96 ശതമാനത്തോളം പ്രതികളും പുരുഷന്മാരാണ്. ഇവരിൽ 119 പേരെ നിയമപരമായി ശിക്ഷിച്ചിരുന്നു. 283 സ്ത്രീകളെ മോൾക്കയുടെ പേരിൽ സംശയിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തിടെ ഹോംങ്കിക് സർവ്വകലാശാലയിൽ ആർട്ട് ക്ലാസിൽ പങ്കെടുക്കാനെത്തിയ പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശക്തമായ നിയമ നിർമ്മാണം നടപ്പിലായാലെ ‘മോൾക്ക’ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകു എന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്.















