മധു കുട്ടംപേരൂര്‍
അധ്യാപികയും കവിയുമായ എസ്. സതീദേവിയുടെ ഇരുപത് കുട്ടിക്കവിതകളുടെ സമാഹാരമാണ് ‘മഴത്തുള്ളികള്‍.’ ‘ഉദ്യാനപുഷ്പങ്ങള്’ എന്ന കവിതയില്‍ തുടങ്ങി ‘എന്റെ ഗ്രാമം’ എന്ന കവിതയില്‍ പര്യവസാനിക്കുന്ന ഈ കാവ്യസമ്പുടത്തില് കുട്ടികളുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളാണുള്ളത്.
”ഉണ്ണീ, യുണരുവാന് വൈകരുതേ
ഉദ്യാന പുഷ്പങ്ങള്‍ കണ്‍തുറന്നു”
എന്ന ആദ്യകവിതയിലെ ഈരടികള്‍ തന്നെ വായനക്കാരെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ലോകമാകുന്ന ഈ പുഷ്പവാടിയില് വളര്‍ന്നു പന്തലിച്ച് സൗരഭ്യം തൂകാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്ന ഒരു കവിതകൂടിയാണിത്. ‘എന്റെ ആകാശം’ എന്ന കവിത ചെറുതെങ്കിലും ആശയത്തിലെ വലിയൊരു ആകാശമാണ് നമ്മുടെ മുന്നില്‍ തുറക്കുന്നത്.
”വാര്‍മഴവില്ലു നിന് സ്വന്തമെന്നോര്ത്തിട്ടു
വാനമേ! നീ വൃഥാ പൊങ്ങരുതേ!”
”അന്തിവരുന്നേരം ആഴക്കടലില്‍ നീ
എന്തിനു മുങ്ങുന്നു ചൊല്ലാമോ?
മുത്തും പവിഴവും തപ്പിയെടുത്തിട്ടു
ചേലുള്ള മാലകള്‍ തീര്‍ക്കാനോ? എന്നീ ചോദ്യങ്ങള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്. മഞ്ജരി വൃത്തത്തിന്റെ ശീലുകളില്‍ ഈ ഭൂമിയിലെ കാഴ്ചകളെല്ലാം എല്ലാവര്ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ഒരു ധ്വനിയും ഈ കവിതയിലുണ്ട്.
‘തത്തമ്മയോട്’ എന്ന കവിതയില്‍ പച്ചപ്പട്ടാട ഞൊറിഞ്ഞുടുത്ത് മുറുക്കിച്ചുവപ്പിച്ചിരിക്കുന്ന പച്ചപ്പനങ്കിളിത്തത്തയെയാണ് കവി നമുക്ക് കാട്ടിത്തരുന്നത്. ആരോരും കൂട്ടിനില്ലാതെ ഏകനായി സഞ്ചരിക്കുന്ന സൂര്യനോട് നിഷ്കളങ്കനായ ഒരു കുട്ടിയുടെ ചോദ്യങ്ങളാണ് ‘സൂര്യന്’ എന്ന കവിത.
മഞ്ജരിവൃത്ത വിരചിതമായ ‘പാല്’ എന്ന കവിതയും പൈമ്പാല്പോലെ മാധുര്യമുള്ളതാണ്. ” നല്ല കുട്ടികള്‍” എന്ന കവിത കുട്ടികള്‍ക്കുള്ള സാരോപദേശങ്ങളാണ്.
”തെറ്റുകള്‍ പറ്റിയാല്‍ നമ്മളെന്നും
കുറ്റങ്ങളേറ്റു പറഞ്ഞിടേണം
വറ്റാത്തൊരീശ്വര പ്രേമം വേണം
ഉറ്റവരോടെന്നും സ്നേഹം വേണം”
തുടങ്ങിയ വരികള്‍ കുട്ടികളെ നന്മയുടെ വെളിച്ചത്തിലേക്ക് നയിക്കുന്നവയാണ്. ‘അവധിക്കാലം’ എന്ന കവിതയിലേക്കു വരുമ്പോള്‍ അവധിക്കാലത്ത് ആര്‍ത്തുല്ലസിച്ചു നടക്കുന്ന കുട്ടികളുടെ ഒരു മേളം നമ്മുടെ കാതുകളില്‍ പതിയുന്നുണ്ട്.
”പള്ളിക്കൂടമടച്ചല്ലോ
തുള്ളിച്ചാടി നടക്കാല്ലോ?
ഓലപ്പന്തു കളിക്കാല്ലോ
ഊഞ്ഞാലാടി രസിക്കാല്ലോ!”
താളബദ്ധമായ ഇത്തരം വരികള്‍ കുട്ടികളുടെ നാവില്‍ തത്തിക്കളിക്കുമെന്നതില് സംശയമില്ല. ഈ കവിതകള്‍ക്ക് ആമുഖമെഴുതിയിരിക്കുന്നത് സാഹിത്യകാരനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരനാണ്. ഈ ‘മഴത്തുള്ളികള്‍’ കൊച്ചുകുട്ടികള്‍ക്ക് കവിതയുടെ കുളിര്‍മ പകരുമെന്നത് നിസ്തര്‍ക്കമാണ്. (ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധം ചെയ്ത കൃതിയുടെ വില-65-രൂപ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: