കൊച്ചി: ഒറീസയിലെ കാണ്ഡമാലില്‍ സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന പ്രതികളുടെ അപ്പീല്‍ ഒറീസ ഹൈക്കോടതി പരിഗണിക്കാത്തതിനെ വിമര്‍ശിച്ച ജസ്റ്റിസ് സിറിയക് ജോസഫിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാര്‍.
വിധിന്യായം എഴുതാന്‍ വിമുഖത കാണിച്ചിരുന്നയാളാണ് ഇപ്പോള്‍ അപ്പീല്‍ കേള്‍ക്കാത്തതിനെ വിമര്‍ശിക്കുന്നത്. വിരമിച്ച ഒരു ജഡ്ജി ജനശ്രദ്ധയാകര്‍ഷിച്ച ഒരു കേസിനെ ക്കുറിച്ച് സംസാരിക്കുന്നത് അനുചിതവും പദവിക്ക് നിരക്കാത്തതുമാണെന്ന് രാംകുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ഒറീസാ ഹൈക്കോടതി രജിസ്ട്രാറുടെയും അഡ്വക്കേറ്റ് ജനറലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.
സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകികളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാത്തത് നീതിന്യായ വ്യവസ്ഥയുടെ അപചയത്തിന് ഉദാഹരണമാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞിരുന്നു. കൊലപാതകക്കേസില്‍ തടവിലായ ഏഴു പ്രതികളുടെ അപ്പീല്‍ അഞ്ചുവര്‍ഷമായി പരിഗണിക്കാത്തതിനെ കുറിച്ചായിരുന്നു സിറിയക് ജോസഫിന്റെ വിമര്‍ശനം.
കാണ്ഡമാലിലെ വനവാസി മേഖലയില്‍ നടക്കുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിനെതിരെ പ്രവര്‍ത്തിച്ചത് സ്വാമി ലക്ഷ്മണാനന്ദയായിരുന്നു.
















