ആറ് വാക്കുകള്കൊണ്ടാരു നോവല്‍. അല്ലെങ്കില്‍ ആറ് വാക്കുകളുടെ നോവല്‍. നൂറുകണക്കിനു പേജുകള്‍ വെറുതെ വായിച്ച് സമയം കളയേണ്ട. ഈ നേരമില്ലാത്ത നേരത്തെ വായനക്കാര്‍ക്ക് സുവര്‍ണ്ണാവസരമാണിത്. ആറ് വാക്കുകൊണ്ടൊരു നോവല്‍ വായിച്ചുതീരുമല്ലോ.
ചെറുതാണ് മനോഹരം അതല്ല വലിതിനാണ് സൗന്ദര്യമെന്നു രണ്ടു വാദമുണ്ട്. രണ്ടിനോടും യോജിക്കുന്നതാണ് നല്ലത്. രണ്ടും മനോഹരമാണ്. ആകാശത്തിന്റെ വിസ്തൃതി മനോഹരമാണ്. ചെറുതായിക്കാണുന്ന ചന്ദ്രനും സുന്ദരനാണ്.
ഇത്തരം ചെറു-വലിപ്പങ്ങള്‍ എല്ലാംരംഗത്തുമുണ്ട്. സാഹിത്യത്തിലുമുണ്ട്. ചെറുകഥ നമുക്കു പരിചിതമായ സാഹിത്യരൂപമാണ്. ഒരു ചിമിഴില്‍ ഒതുക്കുക എന്നു പറയും പോലെ വലിയൊരു ആശയത്തെയോ ജീവിതത്തെയോ വലിപ്പമില്ലാത്ത ചെറിയ ഒരു കഥയായി അവതരിപ്പിക്കപ്പെടുന്നു. കടലിനെ കൈക്കുമ്പിളിലെടുക്കും പോലെ. ഈ ചെറുകഥയെത്തെന്നെ ആവശ്യാനുസരണം വലിച്ചുനീട്ടി എഴുതാനും കഴിയും.
പണ്ട് ചില വാരികകളില്‍ നോവലുകള്‍ നീണ്ടകഥ എന്നപേരില്‍ വരുമായിരുന്നു. നോവലെറ്റെന്നും ഇത്തരം നീണ്ടകഥകളെ വിളിച്ചിരുന്നു. ചെറുകഥ എന്നപേരില്‍ ഒരു ആശയം വളരെ പരിമിതമായ വാക്കുകളിലൂടെ അടക്കി ഒതുക്കി പറയുന്ന ശരിക്കും ചെറുകഥ എന്ന പേരര്ഹിക്കുന്നവയും ഉണ്ട്. ഏതാനും വരികളിലൂടെ ഒരു ഭര്‍ത്താവിന്റേയും ഭാര്യയുടേയും പരസ്പരമുള്ള വെറുപ്പു പ്രകടമാക്കുന്ന മാധവിക്കുട്ടിയുടെ തികച്ചും ചെറു കഥ എന്നു പറയാവുന്ന ഒരു കഥയുണ്ട്. എം.പി നാരായണപിള്ള ചില കഥകള്‍ ഉങ്ങനെ എഴുതിയിട്ടുണ്ട്. പി.കെ.പാറക്കടവിന്റെ കഥകള്‍ മൊത്തം ഇത്തരം ചെറു കഥകളാണ്. ഇങ്ങനെ ചെരു കഥകളെഴുതുന്ന വേറേയും എഴുത്തുകാര്‍ മലയാളത്തിലുണ്ട്.
ചെറുതായ അനവധി കവിതകള്‍ മലയാളത്തിലുണ്ട്. കവി കുഞ്ഞുണ്ണി തന്നെ നല്ല ഉദാഹരണം. നാലുവരിയില്പ്പോലും ആശയഗരിമയുള്ള കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആദ്യകാലത്ത് ഇത്തരം കവിതകള്‍ക്ക് ഹൈക്കു എന്നും പറഞ്ഞിരുന്നു. നോവലിലും ഇങ്ങനെ ചെറു-വലിപ്പങ്ങളുടെ പരീക്ഷണങ്ങള്‍ മാറിയും മറിഞ്ഞും നടന്നിട്ടുണ്ട്. അടുത്തകാലത്ത് വലിപ്പം കൂടിയ നോവലുകള്‍ക്കും നല്ല വായനക്കാരുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര,കെ.ആര്.മീരയുടെ ആരാച്ചാര്‍.സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ നോവലുകള്‍ സാമാന്യം വലുപ്പമുള്ളവയാണ്. ഇതിനിടയില്‍ വലിപ്പം നന്നേ കുറഞ്ഞ നോവലുകളും ഇറങ്ങുന്നുണ്ട്. അവയാണ് കൂടുതല്‍.
എന്നാല്‍ എല്ലാറ്റിനെക്കുറിച്ചും വന്‍ പരീക്ഷണങ്ങള്‍ നടക്കുന്നു പാശ്ചാത്യലോകത്ത് നോവല്‍ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇത്തരമൊരു പരീക്ഷണത്തിന്റെ ഉല്‍പ്പന്നമാണ് ഇന്നു വലിയ പെരുമയുള്ള ആറ് വാക്ക് നോവല്‍. ആറ് ഇംഗ്ളീഷ് വാക്കുകൊണ്ട് ഒരു നോവല്‍ എന്നാണിതിന്റെ ആശയം. ഗംഭീരമായൊരു ആശയമോ വലിയൊരു ജീവിതം തന്നെയോ ആറ് വാക്കുകള്‍കൊണ്ട് പറയുക. നോവല്‍ മാത്രമല്ല ആറ് വാക്ക് കവിതയും കഥയുമുണ്ട്. നോവലുണ്ടെങ്കില്‍ പിന്നെ ആറുവാക്കുകൊണ്ട് കവിതയുണ്ടാക്കാനും കഥയുണ്ടാക്കുവാനുമാണോ പങ്കപ്പാടെന്നു ചോദിക്കാം .സംഗതി ഇപ്പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ ഇതിനോട് വായനക്കാര്‍ എത്രത്തോളം സമന്വയിക്കുന്നുവെന്നറിയില്ല. ഈ ആസ്വാദനതലം വേറൊന്നാണ്. നാം പ്രണയത്തിലായിരുന്നു നീ ഒരിക്കലും സ്വീകരിച്ചില്ല, ഞാന്‍ എന്നെ സുരക്ഷിതനാക്കാന്‍ അകലേക്കു നടക്കുന്നു, അവര്‍ മരിച്ചു അയാള്‍ പിന്നേയും ജീവിച്ചു. ആറു വാക്കുകളുടെ ചില നോവലുകളാണിത്. ഇവ ഇംഗ്ളീഷില്‍ എഴുതിവരുമ്പോള്‍ ആറ് വാക്കുകളേയുള്ളൂ.
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് ഏണസ്റ്റ് ഹെമിംഗ്വേയുടെ പ്രസിദ്ധമായ ആറ് വാക്ക് കഥയായ ഫോര്‍ സെയ്ല്-ബേബി ഷൂസ്,നെവര്‍ വൊണ് ആണ് ഇത്തരം പുതു സാഹിത്യ സംരംഭത്തിനു പ്രചോദനമായിരിക്കുന്നത്. കുറെക്കാലം എഴുത്തുകാരുടെ ജിജ്ഞാസയേയും ബുദ്ധിയേയും ചുറ്റിക്കളിപ്പിച്ചതാണ് െഹമിംഗ്വേയുടെ ആറ് വാക്ക് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: