അടുത്തവര്‍ഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ബിജെപി വിരുദ്ധരെല്ലാം ഒന്നിക്കാനുള്ള ഒരുക്കത്തിലാണ്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചു. അതിന്റെ ഭാഗമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രമുഖ വ്യക്തികളെ കാണാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. രാജ്യത്തെ ഒരുലക്ഷം പ്രമുഖരെ സമ്പര്‍ക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണപരമായ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം കരസേനാമേധാവിയായിരുന്ന ദല്ബിര്സിംഗ് സുഹാഗിനെ സന്ദര്‍ശിച്ചത് ഇതിന്റെ ഉദാഹരണമാണ്. രാജ്യത്താകമാനം 30 കോടി പെരെ സന്ദര്‍ശിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. അത് ആരംഭിച്ചുകഴിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധ കൂട്ടുകെട്ടുകളും സഖ്യങ്ങളും ആരംഭിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള പടപ്പുറപ്പാടാണ് ബിജെപിയുടേത്. നാലുവര്‍ഷത്തിനിടയില്‍ നടത്തിയ ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ ബിജെപി വിരുദ്ധപാര്‍ട്ടികളും സര്‍ക്കാരുകളും ശ്രമിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നിന്നും ഉണ്ടാകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പാന്‍കാര്‍ഡ് ഉള്ളവര്‍ക്കേ വായ്പ അനുവദിക്കൂ എന്ന നിലപാടാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്. സംസ്ഥാനമൊട്ടാകെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത്തരത്തില്‍ വായ്പ നിഷേധിക്കുന്നുണ്ട് എന്നാണ് വാര്‍ത്ത. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പദ്ധതി പ്രകാരമുള്ള തുക കൈമാറുന്നത്. എന്നാല്‍ സാധാരണക്കാര്‍ ബാങ്കുകളെ സമീപിച്ചാല്‍ ബാങ്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കാതെ വട്ടം കറക്കുകയാണ്. കരം അടച്ച രസീത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാരം/ പട്ടയം, പോക്ക് വരവ് നടത്തിയ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്കെച്ച് തുടങ്ങിയ രേഖകളുടെ കോപ്പി ബാങ്കില്‍ ഹാജരാക്കണം. ഇവയ്ക്ക് പുറമെ അപേക്ഷകന്റെ വീട്ടിലേക്ക് നാലടി വഴി ഉണ്ടായിരിക്കണമെന്നും ബാങ്കുകള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ നിബന്ധനകള്‍ വായ്പ നിഷേധിക്കുന്നതിനാണെന്ന് വ്യക്തം. ബാങ്ക് ജീവനക്കാരില്‍ പലരും ബിജെപി വിരുദ്ധരായതാണ് ഇതിന് കാരണം. പാന്‍ കാര്‍ഡും ആദായനികുതി നല്കുന്നവനും മാത്രമേ ഭവനലോണ് നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിടത്തും പറയുന്നില്ല. എന്നിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണ്.
ഭവന വായ്പയ്ക്കായി പല ബാങ്കുകളേയും സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നിലവിലില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഇടത് സര്‍ക്കാര്‍ ലൈഫ് മിഷനിലേക്ക് ലയിപ്പിച്ച് സ്വന്തം പേരിലാക്കിയതാണ് ഇതിന് കാരണം. വീട് നിര്‍മിക്കാനും പുതുക്കിപ്പണിയാനും ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വാര്‍ഷിക വരുമാനം 6- 12 ലക്ഷം പരിധിയിലുള്ളവര്‍ക്ക് നാലു ശതമാനം പലിശ സബ്സിഡിയും 12- 18 ലക്ഷം പരിധിയിലുള്ളവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയുമാണ് ലഭിക്കുക. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്പ എടുത്ത തുക തിരിച്ചടച്ചാല്‍ മതിയാകും. 21 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. കേന്ദ്രത്തെ തോല്‍പ്പിക്കാന്‍ പാവപ്പെട്ടവരെ ശിക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് അടിയന്തിരമായ അന്വേഷണവും നടപടിയും അനിവാര്യമാണ്. സമസ്തമേഖലയിലും പരിവര്‍ത്തനമുണ്ടാക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കുന്നു. അതിനെ ഇകഴ്ത്തികാട്ടാനും അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യം കിട്ടാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നതിടുക്കം അപലപനീയമാണ്. കേന്ദ്രത്തിന്റെ നല്ല നടപടികള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ഇടത് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെയും ശ്രമം. പക്ഷേ അതിനെ മറികടക്കാന്‍ ബിജെപിയുടെ പടപ്പുറപ്പാട് സഹായിക്കുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: