മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന് ഇന്ന് അധികാരമേല്ക്കുകയാണ്. കേരളത്തില്‍ നിന്ന് നിരവധി പേര് മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി പോയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കുമ്മനം രാജശേഖരന് എന്ന് നിസ്സംശയം പറയാന്‍ കഴിയും. രാഷ്ട്രീയത്തിലെ പ്രമാണിമാരായുള്ളവരാണ് കേരളത്തില്‍ നിന്നും ഗവര്‍ണറായി ഇതുവരെ പോയിട്ടുള്ളത്. ഈ ചരിത്രമാണ് ഇവിടെ തിരുത്തിക്കുറിക്കുന്നത്. ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ സ്ഥാനലബ്ധി തികച്ചും അപ്രതീക്ഷിതമാണ്. സാധാരണക്കാരില്‍ തികച്ചും അസാധാരണ വ്യക്തിത്വമാണ് കുമ്മനം രാജശേഖരന്റേത്. ജനങ്ങളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിഞ്ഞ് അവ പരിഹരിക്കുന്നതിന് നിരന്തരം പ്രക്ഷോഭങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിവരുന്ന നേതാവാണ് കുമ്മനം രാജശേഖരന്. കേരളത്തിലെ അരിപ്പ, ആറന്മുള, നിലയ്ക്കല്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി വിജയിച്ച പല സമരങ്ങളുടെയും നായകനാണ് കുമ്മനം രാജശേഖരന്. പരിസ്ഥിതി പ്രവര്ത്തകന്, ഹൈന്ദവസമരനായകന് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കുമ്മനം രാജശേഖരന് വിജയിച്ച ചരിത്രമേ നിരത്താനുള്ളൂ. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ കാലുകുത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ബിജെപിയെ ഉയര്‍ത്തിക്കാണിക്കാനുമായി. കേരളത്തിലെ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ കുമ്മനം രാജശേഖരന് നടത്തിയ പ്രയത്നങ്ങള്‍ വിസ്മരിക്കാനാവില്ല. സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരെന്ന് ദേശീയതലത്തില്‍ തുറന്നുകാട്ടാന്‍ കുമ്മനത്തിന്റെ പ്രവര്‍ത്തനം തെളിയിച്ചു. ഒരു ജനകീയ പ്രസ്ഥാനമായി ബിജെപിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഇരുന്ന് സകലമാന മനുഷ്യരുടെയും പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭകാരനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാതയാണ് കുമ്മനം തെളിച്ചിട്ടുള്ളത്. മാറാട് മതതീവ്രവാദികള്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ സ്വാഭാവികമായും വന്‍ വര്‍ഗീയ കലാപം നടക്കുമായിരുന്നു. അതില്‍ നിന്നും അതിനെ വഴിതിരിച്ചത് കുമ്മനം രാജശേഖരന്റെ നേതൃത്വമാണ്. കലാപത്തില്‍ നിന്നും നിയമപരമായ പ്രശ്നപരിഹാരത്തിനായി പ്രക്ഷോഭമാര്‍ഗത്തിലേക്ക് നീങ്ങിയത് കുമ്മനത്തിന്റെ നേതൃപാടവമാണ്. അഞ്ചുമാസം അദ്ദേഹം അരയസമുദായത്തെ സമരമാര്‍ഗത്തില്‍ സജീവമാക്കി. തുടര്‍ന്നാണ് അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലേക്ക് സര്‍ക്കാര്‍ എത്താന്‍ നിര്‍ബന്ധിതമായത്.
സംഘര്‍ഷമല്ല സമന്വയമാണ് സമൂഹത്തിന് അനിവാര്യമെന്ന് തെളിയിച്ച കുമ്മനം രാജശേഖരന്, വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നേതാവാണ്. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്ര സങ്കല്പങ്ങള്ക്ക് പ്രാമുഖ്യം നല്കുന്ന കുമ്മനം രാജശേഖരന് മാതൃരാജ്യത്തിന്റെ ഉത്തമപൗരനായി ഇനിയും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുമെന്ന് ആശിക്കാം. ജന്മഭൂമിയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നിസ്സീമമായ സംഭാവന ചെയ്ത കുമ്മനത്തിന് ലഭിച്ച അംഗീകാരത്തില്‍ അതിരുകളില്ലാത്ത ആഹ്ലാദം പങ്കുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: