കര്‍ണാടകയില്‍ ബിജെപി സര്ക്കാരുണ്ടാക്കാതിരിക്കാന് കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ കള്ളത്തരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെ പണവും മറ്റ് പ്രലോഭനങ്ങളും നല്കി ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് ‘തെളിയിക്കുന്ന’ ഓഡിയോ വീഡിയോ ക്ലിപ്പിങ്ങുകളും പുറത്തുവിടുകയുണ്ടായി. യെല്ലാപുര എംഎല്‍എ ശിവറാം ഹെബ്ബാറുടെ ഭാര്യയുമായി യെദ്യൂരപ്പയുടെ മകന് ബി.വൈ. വിജയേന്ദ്ര സംസാരിക്കുന്ന സംഭാഷണശകലമാണ് കോണ്‍ഗ്രസ്് എംഎല്‍എ ഉഗ്രപ്പ പുറത്തുവിട്ടത്. മന്ത്രിപദവികളും കോടിക്കണക്കിന് പണവും വാഗ്ദാനം നല്കി കോണ്‍ഗ്രസ്സിലേയും ജനതാദള്‍ എസ്സിലേയും എംഎല്‍എമാരെ വശത്താക്കാന്‍ യെദ്യൂരപ്പ, ജനാര്‍ദ്ദന റെഡ്ഡി, ശ്രീരാമലു എന്നിവര്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്് നേതാക്കള്‍ ആരോപിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കളവാണെന്നും, അവര്‍ ഹാജരാക്കിയ ‘തെളിവുകള്‍’ കൃത്രിമമാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. അപ്പോഴും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്് നേതാക്കള്‍ നുണ ആവര്‍ത്തിച്ചു.
ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ കള്ളത്തരം തുറന്നുകാട്ടി യെല്ലാപുര എംഎല്‍എ ശിവറാം ഹെബ്ബാര്‍ തന്നെ രംഗത്തുവന്നിരിക്കുന്നു. തന്റെ ഭാര്യയും ബിജെപി നേതാവും തമ്മിലുള്ള സംഭാഷണമെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്നും, സംഭാഷണത്തിലുള്ളത് തന്റെ ഭാര്യയുടെ ശബ്ദമല്ലെന്നും ഹെബ്ബാര്‍ തുറന്നടിച്ചിരിക്കുകയാണ്. തന്റെ ഭാര്യയെ ആരും വിളിച്ചിട്ടില്ലെന്നും, പാര്‍ട്ടിയുടെ ആരോപണം തനിക്ക് അപമാനകരമാണെന്നും ഹെബ്ബാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാഷ്ട്രീയ എതിരാളിയല്ല, സ്വന്തം പാര്‍ട്ടി നേതാവും എംഎല്‍എയുമാണ് കോണ്‍ഗ്രസ്സിന്റെ വൃത്തികെട്ട കളി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഹെബ്ബാറിന്റെ വെളിപ്പെടുത്തലോടെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വം മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടാത്ത കാര്യങ്ങള്‍ കോണ്‍ഗ്രസ്് മുന്‍കാലങ്ങളിലും ചെയ്തിട്ടുണ്ട്. അത് ആ പാര്‍ട്ടിയുടെ ശീലമാണ്. സ്ത്രീത്വത്തേയും അപമാനിക്കുന്ന വിധത്തിലായിപ്പോയി കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ പെരുമാറ്റം. ഇതിനുപിന്നിലെ മുഴുവന്‍ ഗൂഢാലോചനയും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. ഇക്കാര്യത്തില്‍ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ മര്യാദകളും ബിജെപിയുടെ ദൗര്ബല്യമായിക്കൂടാ.
കര്‍ണാടകയില്‍ ജനവിധിയെ കൊല ചെയ്തിരിക്കുകയാണ് കോണ്ഗ്രാസ്്. ബിജെപി സംസ്ഥാനം ഭരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. ആ പാര്‍ട്ടിക്ക് കിട്ടിയ 104 സീറ്റ് ഇതിന് തെളിവാണ്. എന്നാല്‍ അവസരവാദ സഖ്യത്തിലൂടെ ജനവിധിയെ മറികടന്ന് സര്‍ക്കാരുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എമാരെ സ്വപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ അവരെ തടവിലിട്ട കോണ്‍ഗ്രസ്് പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് നടത്തിയത്. ജനപ്രതിനിധികളോട് ഇത്ര മോശമായി മറ്റൊരു പാര്‍ട്ടിയും പെരുമാറിയിട്ടുണ്ടാവില്ല. ഇംപീച്ച്മെന്റ് നീക്കത്തിലൂടെയും മറ്റും ചീഫ് ജസ്റ്റിസിനെതിരെ കുരിശുയുദ്ധം നടത്തിയ കോണ്‍ഗ്രസ്്, സുപ്രീംകോടതിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അനുകൂല ഉത്തരവ് നേടിയത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് അധികാരത്തോടുള്ള ആര്‍ത്തിമൂലം അന്ധമായിപ്പോയ കോണ്‍ഗ്രസ്് നേതൃത്വം വിസ്മരിക്കുന്നു. ജനതാദള്‍ എസ്സുമായുള്ള ഇപ്പോഴത്തെ അവസരവാദ സഖ്യത്തിന് വലിയ ആയുസ്സൊന്നുമില്ലെന്ന് ആര്‍ക്കാണറിയാത്തത്. ആന്തരിക വൈരുദ്ധ്യങ്ങളില്‍പ്പെട്ട് ഈ സഖ്യം തകരും. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ജനാധിപത്യത്തെ അവഹേളിച്ച്, ജനവിധിയെ കൊലചെയ്ത കോണ്‍ഗ്രസ്സിനെ കന്നഡ ജനത തന്നെ പാഠം പഠിപ്പിക്കും. അതിന് അധികനാള്‍ വേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: