കേരളം നിരവധി നാടന്‍ കലകളുടെ കേളീരംഗമാണ്. സാമാന്യജനതയുടെ ജീവിതത്തിന്റെ ചൂട് ഉള്‍ക്കൊള്ളുന്ന അത്തരം ഗ്രാമീണ കലകള്‍ പലതും ഇപ്പോള്‍ തിരോധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എഴുത്തും വായനയും അറിയാത്ത ഭൂരിഭാഗം ജനങ്ങളുടെയും വിനോദ പരിപാടികളായിട്ടല്ല, മറിച്ച് ഏതെങ്കിലും വിധത്തിലുള്ള പ്രീതിക്കായിട്ടാണ് മിക്ക നാടന്‍ കലകളും സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ പുരാതന സംസ്‌കാരത്തിന്റെ ചെപ്പേടുകളാണ് നാടന്‍ കലകള്‍. അതുകൊണ്ട് ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങള്‍ പഠിച്ചറിയുവാനുള്ള പശ്ചാത്തലം ജനസാമാന്യത്തിന്റെ ഹൃദയത്തുടിപ്പുകളായ നാടന്‍ കലകളാണെന്ന് പറയാം.
ഗ്രാമീണ കലകളില്‍ പലതും ഓരോ പ്രത്യേക വിഭാഗക്കാര്‍ പരമ്പരയായി കൈകാര്യം ചെയ്തിരുന്നു. തൊഴില്‍ ആസ്പദമാക്കിയുള്ള പല കലാരൂപങ്ങളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. പാണന്‍, പുള്ളുവന്‍, കണിയാര്‍, വേലന്‍ മുതലായ വിഭാഗക്കാര്‍ അവരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗമായി ഗ്രാമീണ കലകളെ കണക്കാക്കി പ്രവര്‍ത്തിച്ചു. പ്രാചീന ദൃശ്യ ശ്രാവ്യ കലകളുടെ സ്ഥാനത്ത് ഇന്ന് സിനിമയും നാടകവും നൃത്തവും കഥകളിയും സ്വാധീനം ചെലുത്തിക്കഴിഞ്ഞു.
നമ്മുടെ ദൃശ്യകലാ വിഭാഗത്തില്‍ പ്രമുഖങ്ങളാണ് കൂത്ത്, കൂടിയാട്ടം, തുള്ളല്‍, രാമനാട്ടം, കൃഷ്ണനാട്ടം കഥകളി തുടങ്ങിയവ. പുരാണ പരിചയത്തിനും പൊതുവിജ്ഞാനത്തിനും മതസംസ്‌കാരത്തിനും പറ്റിയ ദൃശ്യകലകളാണ് കൂത്തും കൂടിയാട്ടവും. ഇത് ചാക്യാര്‍ ക്ഷേത്ര പരിസരങ്ങളില്‍ നടത്തിവന്നിരുന്നു. പുരാണേതിഹാസങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കഥകളും ഉപകഥകളും വിഷയമാക്കി രചിക്കപ്പെട്ടവയാണ് ഇവ. കഥാവസ്തു സന്ദര്‍ഭാനുസരണം വിഷയത്തോട് ബന്ധപ്പെടുത്തി സാമൂഹ്യ രാഷ്‌ട്രീയ കാര്യങ്ങളും പരാമര്‍ശിക്കുന്നതിന് ചാക്യാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മിഴാവ് കൊട്ടുന്നത് നമ്പ്യാരാണ്. കൂടിയാട്ടത്തിന് കൂത്തില്‍നിന്ന് അല്‍പ്പവ്യത്യാസമുണ്ട്.
അഭിനയത്തേക്കാള്‍ വാക്കിന് പ്രാധാന്യം നല്‍കി കൂടുതല്‍ വാദ്യോപകരണങ്ങളോടുകൂടി നടത്തുന്ന കൂടിയാട്ടത്തിന് ആസ്വാദ്യത കൂടുതലുണ്ട്. ചാക്യാര്‍കൂത്തിനെ അനുകരിച്ചുള്ള പാഠകവും, കൂടിയാട്ടത്തെ അനുകരിച്ചുണ്ടായ കൃഷ്ണനാട്ടം രാമനാട്ടം എന്നിവയും ഒരു കാലഘട്ടത്തില്‍ കേരളീയരെ സ്വാധീനിച്ച ദൃശ്യകലകളായിരുന്നു. രാമനാട്ടം, കൃഷ്ണനാട്ടം എന്നിവ ആധുനിക കഥകളി പ്രസ്ഥാനത്തിന് പ്രേരണയും പ്രചോദനവും നല്‍കിയിട്ടുണ്ട്. ഓട്ടന്‍തുള്ളലും ദൃശ്യകലാവിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുരാണകഥകളും ആനുകാലിക സംഭവങ്ങളും എല്ലാവര്‍ക്കും ആസ്വദിക്കത്തക്കവിധം ഏറ്റവും തന്മയത്വത്തോടുകൂടി ലളിതമായ ശൈലിയില്‍ രചിച്ചിട്ടുള്ള തുള്ളല്‍ വായിച്ചു രസിക്കാനും പറ്റിയവയാണ്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കൃതി കള്‍ കുടില്‍ മുതല്‍ കൊട്ടാരംവരെയുള്ള കേരളീയരെ പുളകമണിയിക്കുന്നു.
ദൃശ്യകലാ വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കഥകളി. രാമനാട്ടത്തോട് ഈ കലയ്‌ക്ക് സ്ഥായിയായ ബന്ധമുണ്ട്. കൊട്ടാരക്കര തമ്പുരാന്‍ രചിച്ച രാമനാട്ടം കഥകളിയുടെ തുടക്കംകുറിച്ചു. കഥകളിക്ക് പച്ച, കത്തി, കരി, താടി മിനുക്ക് എന്നീ അഞ്ചു വേഷങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
കാണികളില്‍ അമാനുഷത്വത്തിന്റെ പ്രതീതി, കഥാപാത്രങ്ങളെ കാണുമ്പോള്‍ ഉണ്ടാകണമെന്നതാണ് വേഷങ്ങളുടെ ഉദ്ദേശ്യം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, വന്ദന ശ്ലോകം, മേളപ്പദം എന്നിങ്ങനെ ആറ് ചടങ്ങുകള്‍ കഥകളിക്കുണ്ട്. ഇത് പൂര്‍ണമായും ദൃശ്യകല ആയതുകൊണ്ട് പക്വതനേടിയ ഒരു നടനുമാത്രമേ കഥകളി ശരിയായി അഭിനയിക്കാന്‍ സാധിക്കുന്നുള്ളൂ. ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കേരളത്തിലെ ശാകുന്തളമായി അറിയപ്പെടുന്നു. മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരകളി തുടങ്ങിയ നൃത്ത സമ്പ്രദായങ്ങളും നാടകങ്ങളും നമ്മുടെ ദൃശ്യകലാവിഭാഗത്തെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവയെല്ലാം കാണികളുടെ കണ്ണും കരളും കുളിര്‍പ്പിക്കുന്നവയാണ്.
പൂരക്കളിയും കളരിപ്പയറ്റും മറ്റു രണ്ട് പ്രാധാന്യമര്‍ഹിക്കുന്ന ഗ്രാമീണകലകളാണ്. ഉത്തര കേരളത്തില്‍ പ്രചാരമുള്ളതാണ് പൂരക്കളി. പ്രദ്യുമ്‌നന്‍ എന്ന നാമത്തില്‍ വീണ്ടും അവതരിച്ച കാമദേവന്‍ രതീദേവി സമേതനായി ദ്വാരകയില്‍ വന്നു. അപ്പോള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും നൃത്തം ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇരുപതോ മുപ്പതോ പുരുഷന്മാര്‍ പല വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് രണ്ട് സംഘങ്ങളായി ഇത് മത്സര രൂപത്തില്‍ അവതരിപ്പിക്കുന്നു. അലംകൃതമായ വേദിയില്‍ പീഠത്തില്‍ ദീപം വച്ച് നൃത്തം ആരംഭിക്കുന്നു. ചെണ്ട, ദുന്ദുഭി, ഇലത്താളം, ശംഖ്, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്താല്‍ രാവിലെ എട്ടുമണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടുമണിവരെ ഈ കളിതുടരുന്നു. നൃത്ത സംഗീത സമ്മേളിതമായ ഈ കലയില്‍ ദ്രുതചലനവും ഊര്‍ജ്ജസ്വലതയും അത്യന്താപേക്ഷിതമാണ്. താണ്ഡവ പ്രധാനമായ ഈ കലാരൂപത്തില്‍ കായികാഭ്യാസ പ്രകടനങ്ങളും ഉണ്ട്. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ ആധാരമാക്കി രചിച്ചിട്ടുള്ള നാടന്‍ പാട്ടുകള്‍ പാടുന്നു. ഇരുവിഭാഗങ്ങളിലെയും ആചാര്യന്മാര്‍ ബൗദ്ധിക സംവാദത്തില്‍ സംസ്‌കൃത ശാസ്ത്രങ്ങളെ ആധാരമാക്കിയുള്ള വാദപ്രതിവാദങ്ങള്‍ നടത്തുന്നു. ഈ വാക്യാര്‍ത്ഥ വിചാരം മറത്തുകളി എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കലാരൂപം ഉത്തരകേരളത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.
കളരിപ്പയറ്റ് കേരളത്തില്‍ വ്യാപകമായി പ്രചാരം നേടിയ ആയോധന കലാരൂപമാണ്. സ്വയം രക്ഷയ്‌ക്കുവേണ്ടിയും ഇത് പഠിക്കുന്നുണ്ട്. 11-ാം ചോള രാജവംശരോടൊപ്പം യുദ്ധസമയത്ത് സൈനികരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി കളരി എന്ന പേരുള്ള പരിശീലന സ്ഥാനം നിര്‍മിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍ പഴയകാലത്ത് വിദ്യാലയം കളരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉച്ചവരെ ശാസ്ത്രപഠനം – അതിനുശേഷം ആയോധന പരിശീലനം എന്ന രീതിയാണ് അന്ന് ഉണ്ടായിരുന്നത്. ‘ഖലൂരികാ’ എന്ന സംസ്‌കൃത പദത്തില്‍നിന്നാണ് കളരി എന്ന പദത്തിന്റെ നിഷ്പത്തി വന്നത്.
പരശുരാമനാണ് ഈ ആയോധന കലയുടെ ഉപജ്ഞാതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളോത്പത്തിക്കുശേഷം പ്രബലരായ ബ്രാഹ്മണര്‍ ഈ ആയോധനവിദ്യയില്‍ അതീവ നൈപുണ്യം നേടിയിട്ടുണ്ട്. ക്രമേണ കേരളത്തിലുള്ള മറ്റ് ആയോധന കലകളുമായി ചേര്‍ന്ന് കളരിപ്പയറ്റ് എന്ന നൂതനമായ രൂപം ഉണ്ടായി. കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ പരിശീലിക്കുന്ന വിധിയില്‍ ഈ കലയുടെ സ്വാധീനത കാണാന്‍ കഴിയും. കേരളീയരുടെ അഹങ്കാരവും അഭിമാനവുമായ ഈ ഉത്കൃഷ്ട കലകളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര താല്‍പ്പര്യം ഉണ്ടാകുന്നില്ല എന്നത് അത്യന്തം ഖേദകരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക