‘ക്രൊമേഡ് ഇന്‍ അമേരിക്ക’യില്‍ (സിഐഎ)യിലെ ‘തേപ്പുകാരി’യെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ദുല്‍ഖറിനെ ‘തേച്ചിട്ടു’ മുങ്ങിയ ആ പെണ്‍കുട്ടി വീണ്ടുമെത്തി. ഇത്തവണ ദുല്‍ഖറിന്റെ അച്ഛന്‍ മമ്മൂട്ടിയോട് ഒരു ലിഫ്റ്റ് ചോദിച്ചാണ് മടങ്ങിവരവ്. ‘അങ്കിളി’നോടൊപ്പമുള്ള ആ യാത്രയുടെ ആവേശത്തിലാണ് ഇപ്പോള്‍.
ദുല്‍ഖറിന്റെ ‘സിഐഎ’യിലൂടെ മലയാള സിനിമയിലെത്തിയ കാര്‍ത്തിക മുരളീധരന്‍ ഒരിടവേളയ്‌ക്കുശേഷം മമ്മൂട്ടി ചിത്രമായ ‘അങ്കിളി’ലൂടെ മുന്‍നിര നായികാപദവിയിലേക്കെത്തുകയാണ്. പികെ, മുന്നാഭായി, ത്രീ ഇഡിയറ്റ്‌സ്, മൊഹന്‍ജെദാരോ തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായ സി.കെ. മുരളീധരന്റെ മകള്‍ കൂടിയായ കാര്‍ത്തികയുടെ വിശേഷങ്ങളിലേക്ക്.
കലയുമായുള്ള ബന്ധം
ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അച്ഛന് തിയേറ്റര്‍ കലയുമായി ബന്ധമുണ്ടായിരുന്നു. അമ്മ നീനാ നായര്‍ പാട്ടുപാടുമായിരുന്നു. കലയുമായി ബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു കുട്ടിക്കാലം. അനിയന്‍ ആകാശിനും അഭിനയം ഇഷ്ടമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘സ്‌കൂള്‍ ബസ്’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഒന്നാം ക്ലാസിലാണ് ആദ്യമായി സ്റ്റേജില്‍ കയറിയത്. നൃത്തത്തോടായിരുന്നു താല്‍പ്പര്യം. സ്‌കൂളില്‍ ഭരതനാട്യം പഠിച്ചിരുന്നു. നാലുവര്‍ഷം ഒഡീസി അഭ്യസിച്ചു. പ്ലസ്ടു കഴിഞ്ഞ് പൊളിറ്റിക്കല്‍ ആന്റ് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദത്തിന് ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കിയില്ല. കലയോടുള്ള താല്‍പ്പര്യം മൂലം ബെംഗളൂരുവിലെ സൃഷ്ടി ഓഫ് ആര്‍ട്‌സ്, ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജിയിലേക്ക് വണ്ടി കയറി. ബാച്ചിലര്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സിലാണ് പഠനം. ‘സ്ട്രീറ്റ് ജാസ്’ ഇനത്തിലാണ് ഇപ്പോള്‍ കൂടുതല്‍ പ്രാക്ടീസ് ചെയ്യുന്നത്.
സിഐഎയിലെ ‘തേപ്പുകാരി’
‘സൃഷ്ടി’യിലെ പഠനത്തിനിടെയാണ് സിഐഎയില്‍ അവസരം ലഭിക്കുന്നത്. സജി എന്ന ജേര്‍ണലിസ്റ്റ് എടുത്ത ചിത്രങ്ങളാണ് അമല്‍ നീരദ് അടക്കമുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത്. അവര്‍ അച്ഛനോട് സംസാരിച്ചിരുന്നു. ‘സൃഷ്ടി’യില്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. 95 ശതമാനം ഹാജര്‍ വേണം.
ഷൂട്ടിങ്ങിന് അമേരിക്കയില്‍ പോകണം. ദുല്‍ഖറിന്റെ സിനിമയായിരുന്നതിനാല്‍ താല്‍പ്പര്യമായിരുന്നു. ഭാഗ്യത്തിന് വെക്കേഷന്‍ വേളയിലായിരുന്നു ഷൂട്ടിങ്. ‘സിഐഎ’യില്‍ ‘ഡിക്യു’വിനെ ‘തേച്ചിട്ടു’ പോകുന്ന സാറ മേരി കുര്യന്‍ എന്ന കഥാപാത്രമായിരുന്നു. സിനിമയിറങ്ങിയതോടെ പലരും എന്നെ ‘തേപ്പുകാരി’ എന്ന് വിളിക്കാന്‍ തുടങ്ങി. ആ വിളി ഇപ്പോഴും ആസ്വദിക്കുന്നുണ്ട്.
‘അങ്കിള്‍’
ജോയ് മാത്യു സാറും അച്ഛനും സുഹൃത്തുക്കളായിരുന്നു. വളരെ നേരത്തെ അച്ഛന് ‘അങ്കിളിന്റെ’ തിരക്കഥ അറിയാമായിരുന്നു. അച്ഛനോട് ജോയ് സാര്‍ സംസാരിച്ചു. ആദ്യവര്‍ഷം ദുല്‍ക്കറിനൊപ്പം ചെയ്തിട്ട് ഉടന്‍ മമ്മൂക്കയോടൊപ്പം നായികയായി വരുന്നത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. ‘സൃഷ്ടി’യില്‍നിന്ന് അവധിയും കിട്ടില്ല. അതുകൊണ്ടാണ് വ്യക്തമായ ഒരു ധാരണയായില്ല. ഇതിനിടെ സിംഗപ്പൂര്‍, ദുബായ്, മലേഷ്യ എന്നിവിടങ്ങളിലൊക്കെ അവര്‍ ഓഡിഷന്‍ നടത്തിയിരുന്നു. വീണ്ടും അവസരം തേടിയെത്തുകയായിരുന്നു. ഇത്തവണയും വെക്കേഷന്‍ സമയത്താണ് ചിത്രീകരണം നടന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.
ഊട്ടിയില്‍നിന്ന് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ അച്ഛന്റെ സുഹൃത്തായ കൃഷ്ണകുമാറിനൊപ്പം (മമ്മൂട്ടി) നാട്ടിലേക്കുവരുന്ന ‘ശ്രുതി വിജയന്‍’ എന്ന പെണ്‍കുട്ടിയുടെ അനുഭവങ്ങളാണ് ‘അങ്കിളി’ന്റെ പ്രമേയം.
‘ഡിക്യു’വും ഇക്കയും
‘സിഐഎ’യില്‍ അഭിനയിക്കാനെത്തുമ്പോഴാണ് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. സിനിമയും ‘തിയേറ്റര്‍ ആര്‍ട്ടും’ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. തിയേറ്റര്‍ ആര്‍ട്ടും ഒരു തുടര്‍ച്ചയാണ്. നമുക്ക് വികാരങ്ങളെ നിയന്ത്രിച്ച് ഒഴുക്കിനൊത്ത് പ്രതിഫലിപ്പിക്കാനാവും. സിനിമയില്‍ ഇന്ന് ഒരു സീനാണെങ്കില്‍ നാളെയാവും അടുത്ത സീന്‍. അതുകൊണ്ടുതന്നെ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ‘ഡിക്യു'(ദുല്‍ഖര്‍) ആകെ ജോളിയാണ്. പെട്ടെന്ന് ഫ്രണ്ട്‌ലിയായി. ഒരു തുടക്കക്കാരിയെന്ന നിലയില്‍ എനിക്ക് വളരെ സഹായമായി. ഞങ്ങള്‍ തമ്മില്‍ ഹിപ്പ് ഹോപ്പ് പാട്ടൊക്കെ പാടി അടിച്ചുപൊളിക്കുന്ന സൗഹൃദമായി. ഇപ്പോഴും ആ സൗഹൃദമുണ്ട്.
മമ്മൂക്ക വളരെ ‘സ്ട്രിക്റ്റാ’ണ്. അതുകൊണ്ടുതന്നെ ഭയങ്കര പേടിയായിരുന്നു. ആദ്യമൊക്കെ സംസാരിക്കാന്‍ പേടിയായിരുന്നു. ‘അങ്കിള്‍’ സിനിമയിലെ പോലെതന്നെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. സമൂഹത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെയുള്ള ഗൗരവതരമായ ചര്‍ച്ചകളുണ്ടായിരുന്നു. ഡിന്നറിന് എനിക്ക് ഇഷ്ടമുള്ള ആഹാരമൊക്കെ വരുത്തിത്തരും. അതു വാരിവലിച്ചു കഴിച്ചുവെന്ന് പറഞ്ഞ് പിറ്റേന്ന് കളിയാക്കുകയും ചെയ്യും. കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നതിന്റെ വാത്സല്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
വയനാട്
അച്ഛന്റെ നാട് ഏറ്റുമാനൂരും അമ്മയുടെ നാട് ആര്യങ്കാവ് ഏനാദിയിലുമാണ്. എല്ലാ വെക്കേഷനിലും കേരളത്തിലേക്കുള്ള യാത്ര പതിവായിരുന്നു. ഇവിടത്തെ പ്രകൃതിഭംഗിയും ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടിലെ ഷൂട്ടിങ് ഇഷ്ടപ്പെട്ടിരുന്നു. ഇടയ്‌ക്ക് ചില പ്രാണികള്‍ കടിക്കുകയും കാല്‍ ഉളുക്കുകയുമൊക്കെ ചെയ്തു. എട്ടുകാലിയെ ഭയങ്കര പേടിയാണ്. വനത്തിലാകട്ടെ നിറച്ച് എട്ടുകാലികളും. എന്നു കരുതി ഷൂട്ടിങ് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.
സദാചാര വാദം
‘അങ്കിള്‍’ സിനിമ മുന്നോട്ടുവയ്‌ക്കുന്ന വിഷയം ഇന്ന് രാജ്യത്ത് എല്ലായിടത്തും അനുഭവിക്കുന്നതാണ്. മുംബൈയിലായാലും ബെംഗളൂരുവിലായാലും കേരളത്തിലായാലും സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് സംസാരിച്ചാല്‍, അവരെ ഒരുമിച്ച് കണ്ടാല്‍ പ്രശ്‌നമാണ്. അവരെക്കുറിച്ച് കഥയുണ്ടാക്കുക എന്നതാണ് കുറേപ്പേരുടെ പണി.
ഓരോരുത്തരും അവരുടെ ജീവിതത്തില്‍ മൂല്യങ്ങള്‍ പകര്‍ത്തുകയാണ് വേണ്ടത്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാതിരിക്കുക. സദാചാര പോലീസിങ് ശരിയല്ല. നമ്മള്‍ കാണുന്നതെല്ലാം ശരിയാവണമെന്നില്ല. നമ്മള്‍ വളര്‍ന്ന സാഹചര്യങ്ങള്‍, നമ്മളെ പഠിപ്പിച്ച പാഠങ്ങള്‍, നമ്മള്‍ കടന്നുവന്ന അനുഭവങ്ങള്‍. ഇത് ഓരോരുത്തരുടേയും കാര്യത്തില്‍ വ്യത്യസ്തമായിരിക്കും.
സ്ത്രീ സുരക്ഷ
പത്താം ക്ലാസില്‍ പഠിക്കുന്നതുമുതല്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഞാന്‍ തനിയെ യാത്രചെയ്തുതുടങ്ങിയതാണ്. എന്നും യാത്രകളില്‍ ഞാന്‍ ഒറ്റയ്‌ക്കാണ്. മുംബൈയിലെ വീട്ടില്‍നിന്ന് രാവിലെ പോയാല്‍ രാത്രി 12 മണിക്കാണ് വരിക. എനിക്ക് അച്ഛനും അമ്മയും ആ സ്വാതന്ത്ര്യം തന്നിരുന്നു. അതുകൊണ്ട് ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞു. പക്ഷേ ഇന്നും എന്റെ അച്ഛനും അമ്മയ്‌ക്കും ഞാന്‍ തിരിച്ചെത്തുന്നതുവരെ ഭയമാണ്. പുറത്തിറങ്ങുന്ന ഓരോ പെണ്‍കുട്ടിക്കും ഇന്ന് ഏക ആശ്രയം മൊബൈല്‍ ഫോണാണ്. ഞാന്‍ ബെംഗളൂരുവില്‍ എവിടെയെങ്കിലും പോയി തിരിച്ചെത്തിയാല്‍ ഉടന്‍ വിളിക്കുക വീട്ടിലാണ്. കാരണം ഞാന്‍ വരാതെ അവര്‍ ഉറങ്ങില്ലെന്ന് എനിക്കറിയാം.
നമ്മുടെ സമൂഹത്തിന്റെ മൈന്‍ഡ്‌സെറ്റാണ് സ്ത്രീകളുടെ ഈ അരക്ഷിതാവസ്ഥയ്‌ക്കു കാരണം. സ്ത്രീയെ സെക്‌സിന്റെ കണ്ണിലൂടെ മാത്രം കാണുന്ന കാഴ്‌ച്ചപ്പാടാണ് പലര്‍ക്കും. ഏതൊരു അഭിനേത്രിയുടെയും പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാം അവരുടെ ഹോട്ട് ക്ലിപ്‌സ് എന്ന പേരിലുള്ള ദൃശ്യങ്ങള്‍. ഏതെങ്കിലും നടന്മാരോട് ഇത് ചെയ്യുന്നുണ്ടോ. സ്ത്രീയുടെ വസ്ത്രധാരണവും ശരീരഭാഗങ്ങളും ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കുക. ഇതൊരു വല്ലാത്ത മാനസികാവസ്ഥയാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നത്. സ്ത്രീകള്‍ പുരുഷനുവേണ്ടി മാത്രം ജീവിക്കേണ്ടവരാണ്, ഒരു പെണ്‍കുട്ടി അത് ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല ഇത്തരം കാഴ്‌ച്ചപ്പാടുകള്‍ കുട്ടിക്കാലത്ത് പെണ്‍കുട്ടികളില്‍ പകര്‍ന്നുകൊടുക്കുമ്പോള്‍ തന്നെ അവരില്‍ ഒരുതരം അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും.
ഇന്ന് എല്ലാ മേഖലകളിലും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. സിനിയില്‍പ്പോലും ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പോലുള്ള സംഘടന വന്നതെന്തുകൊണ്ടാവും. ഇന്ന് പുതുമുഖനായികമാരുടെ വേലിയേറ്റമാണ്. പരമാവധി ഒരു നടിക്ക് നാലുവര്‍ഷമാണ് ഈ ഇന്‍ഡസ്ട്രി പറയുന്നത്. അതുതന്നെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമല്ലേ. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ഉള്ള സിനിമകള്‍ കാര്യമായി സൃഷ്ടിക്കപ്പെടുന്നില്ല എന്നത് ശരിയാണ്. പക്ഷേ പ്രേക്ഷകര്‍ എത്രത്തോളം അത്തരം സിനിമകളെ സ്വീകരിക്കുന്നുവെന്നതാണ് ചോദ്യം. ’22 ഫീമെയില്‍ കോട്ടയവും’ ‘ഹൗ ഓള്‍ഡ് ആര്‍ യു’വും പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞില്ല എന്നത് സത്യം. പക്ഷേ അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ വീണ്ടും ആവശ്യപ്പെടുന്നില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. സ്വാഭാവികമായും ഹീറോ കേന്ദ്രീകൃത സിനിമകളിലേക്ക് ഇന്‍ഡസ്ട്രി പോകും.
ആഗ്രഹങ്ങള്‍
പത്തൊന്‍പതു വയസ്സേ ആയിട്ടുള്ളൂ. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണം. കലയുടെ പ്ലാറ്റ്‌ഫോമില്‍നിന്നുകൊണ്ട് സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ചെയ്യണം.
നൃത്തവും തീയേറ്റര്‍ ആര്‍ട്ടും തുടരും. നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: