ഉരുളന്‍കല്ലുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഊഷര ഭൂമിയെ ആമ്പാടിപ്പൈക്കളുടെ വിഹാരരംഗമാക്കിയ ഭഗീരഥപ്രയത്നത്തിന്റെ കഥയാണ് വ്യവസായസംരംഭകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ അജയകുമാര്‍ വല്യുഴത്തിലിന്റെ കര്‍മ്മകാണ്ഡം.
തൊട്ടതെല്ലാം പൊന്നാക്കുന്ന കര്‍മകുശലനായ പ്രവാസിമലയാളിയെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. പത്തനംതിട്ടജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ കൊറ്റന്കുടിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ബഹുമതികള്‍ പലതവണ തേടിയെത്തിയ അജയകുമാറിന്റെ പ്രധാനകര്മക്ഷേത്രം. ഗോശാലയായും ജൈവകൃഷിയിടമായും, സമീപപ്രദേശങ്ങളെക്കൂടി ജലസമ്പന്നമാക്കും വിധമുള്ള ജലസംഭരണിയായുമൊക്ക നാട്ടില്‍ അമൃതധാരയായി മാറുന്നു ആ പ്രവര്‍ത്തനനൈപുണ്യം.
ഇരുപത് ഏക്കറിലധികം വരുന്ന സ്ഥലത്താണ് അമൃതധാര ഗോശാല സ്ഥിതിചെയ്യുന്നത്. വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പശുക്കളുടെ ആലയമാണിത്. അത്യാധുനിക സംവിധാനങ്ങളോടെ നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതോടൊപ്പം ഇന്നത്തെ തലമുറയ്ക്ക് അന്യമായിപ്പോയ കാര്‍ഷികസംസ്കൃതിയെ പരിചയപ്പെടുത്തുകയെന്നതും അമൃതധാര ഗോശാലയുടെ ലക്ഷ്യമാണ്.
നാടന്‍ പശുക്കളുടെ നിര
നാമമാത്രമായ വെച്ചൂര്‍പശുക്കളും ക്രോസ് ഇനം പശുക്കളുമായി ആരംഭിച്ച ഗോശാലയില്‍ ഇന്ന് കേരളത്തിന്റെ തനത് ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, വില്വാദ്രി, മലനാട്, വടകര കുള്ളന്‍, കുട്ടമ്പുഴ കുള്ളന്‍, ചെറുവള്ളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗീര്‍, കാങ്കറേജ്, സഹിവാള്‍, തമിഴ് നാട്ടിലെ ഹള്ളികര്‍, തഞ്ചാവൂര്‍ കൃഷ്ണ, കൃഷ്ണവേണി, കപില, ലാല്‍ ഗാന്ധാരി, പുങ്കന്നൂര്‍, ചുവന്ന സിന്ധി എന്നിങ്ങനെ പതിനെട്ടോളം ഇനം നാടന്‍പശുക്കള്‍ അന്തേവാസികളാണ്. ഒരുനേരം ഒരുലിറ്റര്‍ പാല് മുതല്‍ പതിനഞ്ച് ലിറ്റര്‍ പാല്‍വരെ ലഭിക്കുന്ന നാടന്‍ പശുക്കള്‍. മുന്നൂറ്റി അമ്പതിനടുത്ത് പശുക്കള്‍ ഉള്ളതില്‍ അംഗസംഖ്യയില്‍ പ്രഥമസ്ഥാനം ഗീര്‍ എന്ന ഗുജറാത്തി വംശക്കാരികളാണ്. നാല്പത്തി അഞ്ചുപേരുണ്ടിവര്. പിന്നെ ഏറെയുള്ളത് വെച്ചുര്പൈക്കളും കൃഷ്ണയിനങ്ങളുമാണ്.
ഇപ്പോള്‍ ദിനംപ്രതി 250 ലിറ്റര്‍ പാല് ഇവിടെനിന്നും ലഭിക്കുന്നു. ഇതിനുപുറമേ ഇവിടെ ഉല്പാദിപ്പിക്കുന്ന ശുദ്ധമായ തൈരും നെയ്യും ആവശ്യക്കാര്‍ ഏറെയുള്ള ഉല്പന്നമാണ്. പാലുല്പ്പന്നങ്ങള്ക്കുപുറമേ ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങളും ഗോശാലയിലുണ്ട്. ഗോമൂത്രവും ഔഷധമുല്യമുള്ള പച്ചിലകളും ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവശുദ്ധി എന്ന ലോഷന്‍, ചാണകത്തില്‍നിന്നും രൂപപ്പെടുത്തിയെടുക്കുന്ന ഹരിതാമൃതം എന്ന ജൈവവളം, ചന്ദനത്തിരി, ധൂപ് ബത്തി എന്ന ധൂപക്കട്ട എന്നിവയും വിപണത്തിന് തയ്യാറാണ്. ചാണകവും പച്ചിലകളും മറ്റുംചേര്‍ത്ത് വെയിലും മഴയും ഏല്ക്കാതെ അമ്പത് ദിവസംകൊണ്ട് തയ്യാര്‍ ചെയ്യുന്നതാണ് ഹരിതാമൃതം എന്ന ജൈവവളം.
ജൈവവൈവിധ്യങ്ങളുടെ സംഗമസ്ഥാനം
പശുവളര്‍ത്തലില്‍ മാത്രമൊതുങ്ങുന്നില്ല അജയകുമാറിന്റെ വിജയഗാഥ. കാല്‍വിരലുകൊണ്ട് വട്ടംവരയ്ക്കാന്പോലും മണ്ണില്ലാതെ വെറും പാറപ്പുറമായി കിടന്നിരുന്ന പ്രദേശത്തെ ഹരിതാഭമാക്കിയ നൈപുണ്യവും എടുത്തുപറയേണ്ടതാണ്. പുല്ലുപോലും മുളയ്ക്കാതിരുന്നിടം ഇന്ന് പച്ചക്കറിത്തോട്ടവും കരനെല്കൃഷിയിടവുമായി മാറിയിരിക്കുന്നു. ഇതിനുപുറമേ പോളീഹൗസുകളിലും പച്ചക്കറികള്‍ വിളയുന്നു. പൂര്‍ണ്ണമായും ജൈവവളപ്രയോഗത്തിലൂടെയാണ് ഈ ഹരിതാഭ കാത്തുസൂക്ഷിക്കുന്നത്. അജയകുമാറിന്റെ ഈ പ്രയത്നത്തിന്റെ അംഗീകാരമാണ് കാര്‍ഷികസര്‍വ്വകലാശാല പരമ്പരാഗത കൃഷിവികാസംയോജനപ്രകാരം ഇവിടം ജൈവപഠനകേന്ദ്രമായി പ്രഖ്യാപിച്ചത്.
പാറപ്പുറത്ത് മണ്ണുനിരത്തി ക്രമാനുഗതമായ ജൈവവളപ്രയോഗത്തിലൂടെ മണ്ണിനെ ഫലഭൂയിഷ്ടമാക്കി പാവലും പടവലവും ചീരയും പയറും മുതല്‍ കാബേജും തക്കാളിയും കോളിഫ്ളവറും വരെ സമൃദ്ധമായി ഈ കൃഷിയിടത്തില്‍ വിളഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഉള്ളിവരെ കൃഷിചെയ്തിട്ടുണ്ട്. ഞവരയേക്കാള് ഔഷധമുല്യമുള്ളതും നൂറ്റാണ്ടുകളായി നിലനില്ക്കുന്നതുമായ രക്തശാലിയെന്ന കലര്‍പ്പില്ലാത്ത നാടന്നെല്വിത്ത് ഇവിടെ കൃഷിചെയ്യുന്നു. ആര്യന് തുടങ്ങിയപരമ്പരാഗത നെല്‍വിത്തുകളും ‘അമൃതധാര’യില്‍ നൂറുമേനി വിളവേകുന്നുണ്ട്.
മൂന്ന് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന നെല്‍കൃഷിയിടത്തില്‍ വര്‍ഷം മൂന്നുതവണയും വിളവെടുപ്പ് നടക്കും. പാറപ്പുറത്ത് മണ്ണ് നിരത്തി കയ്യാലകെട്ടി ഭൂമിയെ തട്ടുതട്ടുകളായി തിരിച്ച് കൃഷിഭൂമിയാക്കിയതോടെ ഇവിടെ നൂറ്റിയമ്പതോളം ഔഷസസ്യങ്ങള്‍ മുളപൊട്ടിയതും കൗതുകമായി. ഗോശാലയിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നതോടെ സ്വാഭാവികമായി ഇവിടെ വളര്‍ന്നുവരുന്ന കാവും പ്രകൃതിയുടെ വരദാനമായി കാണുന്നു. അപൂര്‍വ്വഭംഗിയുള്ള ചിത്രശലഭങ്ങളുടെ കളിയരങ്ങായി മാറിയ ഇവിടം മികച്ച ജൈവവൈവിധ്യങ്ങളുടെ സംഗമസ്ഥാനം കൂടിയായി.
പാറമടകള്‍ ജലസംഭരണികളായി സംരക്ഷിക്കപ്പെടുകയും, ഗോശാലയിലേക്കും കൃഷിയിടത്തിലേക്കുമുള്ള ജലസ്രോതസ്സായി മാറ്റിയെടുക്കുകയും ചെയ്തതോടെ ഗോശാലയ്ക്ക് മാത്രമല്ല, സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും ജലലഭ്യത ഉറപ്പുവരുത്താന്‍ അജയകുമാറെന്ന പൊതുപ്രവര്ത്തകന് കഴിഞ്ഞു. മുപ്പത് അടി താഴ്ചയില്‍ രണ്ടര ഏക്കറോളം പരന്നുകിടക്കുന്ന പാറമട ചെക്കുഡാമായി പരിവര്‍ത്തനം ചെയ്തതോടെ വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍തന്നെ വെള്ളംവറ്റിയിരുന്ന ചുറ്റുപാടുകളിലെ കിണറുകള്‍ ഇപ്പോള്‍ വേനല്കടുത്താലും അക്കാര്യം അറിയുന്നതേയില്ല. ഗോശാലയ്ക്കും ചുറ്റുമുള്ള കൃഷിയിടങ്ങള്‍ക്കും ഹരിതാഭചൊരിയാനും ‘അമൃതധാര’യ്ക്ക് കഴിയുന്നു.
കാര്‍ഷിക സമൃദ്ധിയുടെ കാവലാള്‍
ക്ഷീരവികസന മേഖലയില്‍ അജയകുമാറിന്റെ ഭാവനാപൂര്‍ണ്ണവും അര്പ്പണബോധത്തോടുമുള്ള പ്രവര്‍ത്തനത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വെച്ചൂര്‍ പശുവിന്റെ സംരക്ഷണം മുന്‍നിര്‍ത്തി 2015-ലെ സംസ്ഥാന സര്‍ക്കാരിന്റെ ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം, 2016- ലെ സരോജനി ദാമോദര്‍ ഫൗണ്ടേഷന്റെ ജൈവകര്‍ഷക അവാര്‍ഡ്, 2017-ല്‍ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്ര കൃഷി മന്ത്രാലയം രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ ദേശീയ കാമധേനു പുരസ്കാരം, പശുക്കളുടെ വൈവിദ്ധ്യം, സാമൂഹിക പ്രതിബദ്ധത, വിജ്ഞാന വ്യാപനം, കാര്‍ഷിക അറിവുകളുടെ പ്രോത്സാഹനം, പശുക്കളുടെ ആഹാരരീതി, ഫോഡര്‍ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ നടത്തിയ മൂല്യനിര്‍ണ്ണയത്തിന്റേയും, നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ഇതിനുപുറമേ ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാന തലത്തിലുള്‍പ്പെടെയുള്ള വിവിധ അവാര്‍ഡുകള്‍, അംബേദ്കര്‍ ഫൗണ്ടേഷന് പുരസ്കാരം എന്നിവ അജയകുമാറിന്റെ കാര്ഷികസംസ്കൃതിയിലൂന്നിയ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരങ്ങളില്‍ ചിലതാണ്.
ജില്ലയിലെ മികച്ച തീറ്റപ്പുല്‍കൃഷി ചെയ്യുന്ന ക്ഷീരകര്‍ഷകനും അജയകുമാറാണ്. മൂന്ന് ഏക്കറിലധികം സ്ഥലത്താണ് അജയകുമാര്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്. കൂടാതെ അസോള, ജൈവനെല്‍കൃഷി തുടങ്ങിയ സംയോജിത കാലിത്തീറ്റ പരിപാലനവും അജയകുമാര്‍ നടത്തുന്നുണ്ട്. ഇവയെല്ലാം പരിഗണിച്ച് കോയിപ്രം ബ്ലോക്കിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷീരകര്‍ഷക അവാര്‍ഡും അജയകുമാറിന് ലഭിച്ചു. ഈ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല് ക്ഷീരസംഘത്തിന് നല്കിയ കര്‍ഷകനും അജയകുമാറാണ്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പുല്ലാട് ഡിവിഷന് അംഗമായ അജയകുമാര്‍ ദേശീയതയിലൂന്നിപ്രവര്ത്തിക്കുന്ന സംഘടനകളുടെ ഭാഗവും പ്രവര്‍ത്തകനുമാണ്. ബിജെപി പ്രതിനിധിയായിട്ടാണ് ബ്ളോക്ക് പഞ്ചായത്തംഗമായത്. പുല്ലാട് ശ്രീപാര്‍വ്വതി ബാലികാസദനം, ആറന്മുള വിജയാനന്ദവിദ്യാപീഠം തുടങ്ങി നിരവധി സാമൂഹികസാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അജയകുമാര്‍. ജില്ലയില്‍ ജൈവകാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.
അജയകുമാറിന്റെ ഫോണ്‍ നമ്പര്‍: 8943764371
പ്രതികരിക്കാൻ ഇവിടെ എഴുതുക: