അദ്വൈതാചാര്യനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ കുലദേവക്ഷേത്രമാണ് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തന്റെ മാതാവിന്റെ നിത്യസ്നാനത്തിനായി തൊഴുകൈകളും നിറമിഴികളുമായി നിന്ന ബാലനായ ശങ്കരനെ ‘ഉണ്ണി നിന്റെ കാല്കൊണ്ട് വരയുന്നിടത്ത് നദി ഗതി മാറി ഒഴുകട്ടെ എന്നനുഗ്രഹിച്ച ഭഗവാന്റെ മുന്നില്‍തന്നെ ബാലനായ ശങ്കരന് കാല് വരയുകയും മൂന്നുകിലോമീറ്റര്‍ ദൂരെ ഒഴുകിയിരുന്ന പെരിയാറിന്റെ ഗതിമാറിവരികയും ചെയ്തു. ഭഗവാന്റെ ആജ്ഞാനുസരണം ഇന്നുള്ള ശ്രീകോവിലിലേക്ക് തന്റെ കുലദേവനെ ശങ്കരന് മാറ്റി പ്രതിഷ്ഠിച്ചു. കാല്വരഞ്ഞപ്പോള് നദി ഗതിമാറിയതിനാല്‍ ശശലമെന്ന ഗ്രാമം കാലടിയും, ഭഗവാന് തൃക്കാലടിയപ്പനുമായി. വിഷ്ണുവിന്റെ ചതുര്‍ബാഹുവായുള്ള അഞ്ജന ശിലാവിഗ്രഹമാണെങ്കിലും സങ്കല്‍പ്പമൂര്‍ത്തി പതിനൊന്ന് വയസ്സുള്ള ശ്രീകൃഷ്ണനാണ്.
പാല്പായസം, നെയ്വിളക്ക്, പുഷ്പാഞ്ജലി ഇവയാണ് പ്രധാനം. ശ്രീകോവിലിന് ചേര്‍ന്ന് ഗണപതി, ശിവപാര്‍വതിമാരോടോപ്പമുള്ള അത്യപൂര്‍വ്വമായ പ്രതിഷ്ഠയും തെക്ക് ഭാഗത്തായി ശ്രീധര്‍മ്മശാസ്താവിന്റെ പ്രതിഷഠയുമാണ്. കാലടി സംസ്കൃതസര്വ്വകലാശാലക്ക് സമീപമുള്ള ആചാര്യസ്വാമികളുടെ കുലദേവതാക്ഷേത്രങ്ങളായ പുത്തന്‍കാവ് ഭദ്രകാളിക്ഷേത്രം, കോടങ്കാവ് ഭഗവതി ക്ഷേത്രം ഇവ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്. ആചാര്യസ്വാമികളുടെ മാതാവിന്റെ ദേഹവിയോഗത്തിന് ശേഷം സംസ്കാര കര്‍മ്മങ്ങള്‍ക്ക് കാലടിയില്‍ അന്നുള്ള പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ എട്ടുപേരും നിസ്സഹകരിച്ചു. ശേഷിച്ച രണ്ട് ഇല്ലക്കാരില്‍ തലഭാഗം ഏറ്റി ചിതയില്‍ വച്ചവര്‍ തലയാറ്റും പിള്ളിമനയെന്നും കാല്‍ഭാഗം എടുത്ത് വച്ചവര്‍ കാപ്പിള്ളി മനയെന്നും അറിയപ്പെട്ടു. എട്ടില്ലക്കാരും ആചാര്യസ്വാമികളുടെ കോപത്തിനിരയായി നശിച്ചുപോയി. മാതാവിന്റെ സമാധിയില്‍ അന്തിത്തിരികൊളുത്തുന്നതിന് കാപ്പിള്ളി മനക്കാരെ ചുമതലപ്പെടുത്തി. ആചാര്യസ്വാമികള്‍ തന്റെ ദിഗ് വിജയയാത്ര പുനരാരംഭിച്ച ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തായി പ്രത്യേകം മതില്‍കെട്ടി സമാധി മണ്ഡപം ആയിരത്തിയൊരുന്നൂറു വര്‍ഷം കാപ്പിള്ളി മനക്കാര്‍ അന്തിത്തിരി കൊളുത്തി സംരക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തിയ ശൃംഗേരി മഠാധികാരികള്‍ ഈ സമാധി മണ്ഡപവും വിളക്കുകാലുമാണ്, ഇതുതന്നെയാണ് ആചാര്യസ്വാമികളുടെ ജന്മ സ്ഥലമെന്ന് കണ്ടെത്താന്‍ സഹായിച്ചത്. തലയാറ്റും പിള്ളി, കാപ്പിള്ളി മനക്കാരുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രകാര്യങ്ങള്‍ നടക്കുന്നത്.
ആചാര്യസ്വാമികളുടെ ബാല്യകാലത്ത് സന്യാസജീവിതത്തിന്റെ ഭാഗമായി കാലടിക്ക് അടുത്തുള്ള ഒരു ഇല്ലത്ത് ഭിക്ഷക്ക് പോയി. ദാരിദ്രത്താല്‍ ബുദ്ധിമുട്ടുന്ന ആ ഇല്ലത്ത് ശങ്കരന് നല്കുവാന് കുറച്ച് ഉണക്ക നെല്ലിക്ക മാത്രമേ ഉള്ളൂ എന്ന് കണ്ണീരോടെ ഇല്ലത്തെ അന്തര്‍ജ്ജനം പറഞ്ഞു. ഇല്ലത്തെ ദാരിദ്യം മനസ്സിലാക്കിയ ശങ്കരന് കനകധാര സ്തോത്രം ജപിച്ചപ്പോള്‍ ലക്ഷ്മിദേവി പ്രത്യക്ഷപ്പെടുകയും സ്വര്‍ണ്ണ നെല്ലിക്കകള്‍ വര്‍ഷിച്ചു എന്നുമാണ് ഐതിഹ്യം. ഇതിനെ ആസ്പദമാക്കിയാണ് കനകധാര യജ്ഞം എല്ലാവര്‍ഷവും ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നത്. കനകധാരയജ്ഞംഇരുപതിന് സമാപിക്കും. ഇന്നാണ് കനകധാരയജ്ഞത്തിന്റെ പ്രധാന ദിവസം.
ഇവിടെ നടക്കുന്ന കനകധാരായജ്ഞം വളരെ പ്രസിദ്ധവും,സമ്പദ് സമൃദ്ധിയുണ്ടാകാന്‍ ഏറെ നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. അക്ഷയ ത്രിതീയയോടനുബന്ധിച്ച് നടത്തുന്ന ഈ യജ്ഞത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ കൊണ്ട് കനകാഭിഷേകം നടത്തിയശേഷം സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകളും കനകധാര മഹാലക്ഷ്മി യന്ത്രങ്ങളും ഭക്ത ജനങ്ങള്‍ക്ക് നല്കുന്നു. ദാരിദ്യം, ദു:ഖം ഇവ ശമിക്കുന്നതിനും ലക്ഷ്മിദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരയന്ത്രങ്ങള് പൂജാമുറിയില്‍ വയ്ക്കുന്നതിനും സ്വര്‍ണ്ണനെല്ലിക്കകള്‍ സ്വര്‍ണ്ണമാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ട ഐശ്വര്യങ്ങള്‍ക്കും ആയുരാരോഗ്യ ധനധാന്യസമ്പത്ത് സമൃദ്ധിക്കും ഉത്തമമാണെന്നാണ് വിശ്വാസം.
കനകധാരയജ്ഞം 20 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: